ഇസ്‌ലാമാബാദ്∙ യുഎസും ഇസ്രയേലുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പാക്കിസ്ഥാനിലെ ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തും. അരഗ്ചിയും ഉന്നത ഉദ്യോഗസ്ഥരും പാക്കിസ്ഥാനിലെത്തി. നയതന്ത്ര നീക്കങ്ങൾ സജീവമാണെങ്കിലും ഇസ്‌ലാമാബാദിൽവച്ച് അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് പദ്ധതിയൊന്നുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെ മധ്യസ്ഥർ മുഖേന മാത്രമേ തങ്ങളുടെ നിലപാടുകൾ അറിയിക്കൂ എന്നും ഇറാൻ അധികൃതർ പറഞ്ഞു. ഇറാനിയൻ ഉദ്യോഗസ്ഥരും യുഎസ് ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ചയൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവും സ്ഥിരീകരിച്ചു.
അതേസമയം, ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ച പാക്കിസ്ഥാനിൽ നടക്കുമെന്ന് യുഎസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചർച്ചയിൽ പങ്കെടുക്കുന്നതിനായി യുഎസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും ശനിയാഴ്ച പാക്കിസ്ഥാനിലേക്ക് പുറപ്പെടുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഫോക്സ് ന്യൂസിനോടു പറഞ്ഞു. ചർച്ചയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പങ്കെടുക്കില്ല. ആദ്യം ഉന്നത പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തതിനു ശേഷം ആവശ്യമെന്ന് തോന്നിയാൽ വാൻസ് പാക്കിസ്ഥാനിലെത്താൻ സജ്ജനായി തുടരുകയാണെന്നും ലെവിറ്റ് കൂട്ടിച്ചേർത്തു. ആദ്യഘട്ട ചർച്ചയിലും വിറ്റ്കോഫും കുഷ്നറും പങ്കെടുത്തിരുന്നു.







