ന്യൂയോർക്ക് ∙ യുഎസിലെ ലൂസിയാനയിലെ ശ്രീവ്‌പോർട്ടിൽ വെടിവയ്പിൽ 8 കുട്ടികൾ കൊല്ലപ്പെട്ടു. ഒന്നിനും 14നുമിടയിൽ പ്രായമുള്ളവരാണു മരിച്ച കുട്ടികൾ. അക്രമിയായ ഷമർ എൽക്കിന്‍സിനെ പൊലീസ് വധിച്ചു. മരിച്ചവരിൽ 7പേർ ഷമർ എൽക്കിന്‍സിന്റെ മക്കളാണ്. മറ്റൊരാൾ ബന്ധുവായ കുട്ടിയാണ്. കുടുംബവഴക്കിനെത്തുടർന്നാണു വെടിവയ്പുണ്ടായതെന്ന് അധികൃതർ പറഞ്ഞു
രണ്ട് വീടുകളിലായാണ് ആക്രമണം നടന്നത്. ആദ്യ വീട്ടിൽ വെടിവയ്പ്പ് ആരംഭിച്ച അക്രമി പിന്നീട് രണ്ടാമത്തെ വീട്ടിലേക്ക് നീങ്ങുകയും അവിടെയും ക്രൂരകൃത്യം തുടരുകയുമായിരുന്നു. രണ്ടാമത്തെ വീട്ടിലാണ് ഏഴ് കുട്ടികൾ കൊല്ലപ്പെട്ടത്. ഒരു കുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീടിന്റെ മേൽക്കൂരയിൽ മരിച്ച നിലയിൽ കാണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പരുക്കേറ്റ മറ്റ് രണ്ടു പേർ ചികിത്സയിലാണ്.
വെടിവയ്പ്പിന് ശേഷം ഒരു വാഹനം തട്ടിയെടുത്ത പ്രതി അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസ് ബോസിയർ പാരിഷിൽ വച്ച് നടന്ന ഏറ്റുമുട്ടലിൽ പ്രതിയെ വധിക്കുകയായിരുന്നു. നഗരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകരമായ സംഭവമാണിതെന്നു മേയർ ടോം അഴ്സെനോക്സ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ രണ്ടുവർഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ വെടിവയ്പ്പുകളിൽ ഒന്നാണിത്.








