വിനോദയാത്രയ്ക്കിടെ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലിൽ വീണു മരിച്ചു

Spread the love

കൊച്ചി ∙ കിഴക്കമ്പലം പഴങ്ങനാട് ജംഗിള്‍ പാര്‍ക്കില്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം എത്തിയ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലിൽ വീണു മരിച്ചു. കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടില്‍ മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകന്‍ മുഹമ്മദ് ആദം (5) ആണ് മരിച്ചത്. നഗരത്തിലെ പ്രമുഖ പ്രീസ്കൂളിലെ വിദ്യാർഥിയായിരുന്നു. സംസാരവൈകല്യമുള്ള ആദത്തിന്റെ പഠനത്തിനായി മാതാവും മുത്തശിയും തമ്മനത്ത് വീടെടുത്ത് താമസിക്കുകയാണ്. വിദേശത്തുള്ള മുഹമ്മദ് നസീറിനെ ദുരന്തവിവരം അറിയിച്ചിട്ടുണ്ട്.

 

ഇന്ന് ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു അപകടം. സ്കൂളിന്റെ പാലാരിവട്ടത്തെയും മാമലയിലേയും കേന്ദ്രങ്ങളിൽ നിന്നുള്ള 25 കുട്ടികളാണ് അധ്യാപകർക്കൊപ്പം പാർക്കിലെത്തിയത്. ഇതിനു മുമ്പും കുട്ടികളുമൊത്ത് അധ്യാപകർ ഇവിടെ വന്നിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനായി പാര്‍ക്കിലെ ഒരു മുറിയിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനിടെ ഒരു കുട്ടി മുറിയിൽ നിന്ന് ഇറങ്ങി ഓടി. പ്രത്യേക ശ്രദ്ധ വേണ്ടതിനാൽ ഒരു അധ്യാപികയുടെ കൈയിലായിരുന്നു ആദം. കുട്ടി ഇറങ്ങി ഓടുന്നതു കണ്ടതോടെ അധ്യാപിക ആദത്തെ നിലത്തു നിർത്തി ഓടിപ്പോയ കുട്ടിയുടെ പുറകെ ഓടി. ആ കുട്ടിയുമായി തിരികെ എത്തി എല്ലാവർക്കും ഭക്ഷണം നൽകി. ആദം മുറിയിൽ ഉണ്ടെന്ന ധാരണയിലായിരുന്നു ഇത്. തുടർന്ന് കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദത്തെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് നടന്ന തിരച്ചിലിനൊടുവിലാണ് പാര്‍ക്കിന്റെ പിന്നിലായുള്ള ചാലിലെ വെള്ളത്തിനടിയിൽ ആദത്തിന്റെ ടീഷർട്ടിന്റെ നിറം കണ്ട് തിരിച്ചറിയുന്നത്. ഉടൻ പാർക്കിലെ ജീവനക്കാരിലൊരാൾ മുങ്ങി ആദത്തെ പുറത്തെടുത്ത് പ്രഥമശുശ്രൂഷ നൽകി. എന്നാൽ അപ്പോഴേക്കും കാണാതായി 15 മിനിറ്റെങ്കിലും കഴിഞ്ഞിരുന്നു.

 

തുടർന്ന് പഴങ്ങനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ഒരു മണിക്കൂറോളം ഡോക്ടർമാർ ജീവൻ വീണ്ടെടുക്കാൻ പരിശ്രമിക്കുകയും ചെയ്തു. എന്നാൽ 3.17ന് കുട്ടിയുടെ മരണം സ്ഥിരീകരിച്ചതായി തടിയിട്ടപറമ്പ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അടുത്തിടെയാണ് പാർക്കിൽ ബോട്ട് സവാരിക്കായി വെള്ളച്ചാൽ കുഴിച്ചത്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കുകയാണെന്നും പാർക്കിന്റെ ലൈസൻസ് സംബന്ധിച്ച് കിഴക്കമ്പലം പഞ്ചായത്തുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

  • Related Posts

    ഹെൽമറ്റ് ഇല്ലാതെ പിടിയിലായോ? ഫൈനിൽ ഡിസ്‌കൗണ്ട് ഉണ്ട്; ഓഫറുമായി മോട്ടോർ വാഹന വകുപ്പ്

    Spread the love

    Spread the loveകൊച്ചി : ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ച് 500 രൂപ പിഴ ലഭിച്ചവർക്ക് ഇനി പകുതിപൈസ നൽകി രക്ഷപ്പെടാം. പഴയ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴ തീർപ്പാക്കാൻ ഓഫറുമായി മോട്ടോർ വാഹനവകുപ്പിന്റെ ആംനസ്റ്റി സ്‌കീം 2026.   ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതടക്കമുള്ള ട്രാഫിക്…

    പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ടു നടന്നു; കടിയേറ്റ തൊഴിലാളി ആശുപത്രിയിൽ

    Spread the love

    Spread the loveഎടവണ്ണ (മലപ്പുറം)∙ പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന അതിഥിത്തൊഴിലാളിയെ പാമ്പ് കടിയേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഒതായിയിലാണ് സംഭവം. അസം സ്വദേശിയായ ബിനോയ്ക്കാണ് (30) കടിയേറ്റത്. ഇയാളുടെ താമസസ്ഥലത്തിന് സമീപത്ത്…

    Leave a Reply

    Your email address will not be published. Required fields are marked *