വേർപിരിയലിനു ശേഷം അമ്മ കഠിനമായ ആ തീരുമാനം എടുത്തു; 49-ാം വയസ്സിൽ അമ്മയുടെ വിവാഹം നടത്തി മകൾ

Spread the love

മക്കളെ കുറിച്ച് എപ്പോഴും ചിന്തിക്കുന്നവരായിരിക്കും മാതാപിതാക്കൾ. കുട്ടികൾ ജനിച്ചാൽ പിന്നീട് അവർക്കു വേണ്ടി തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങൾ മാറ്റിവച്ചവർ. എന്നാൽ അച്ഛനമ്മമാരുടെ ഈ ത്യാഗത്തെ പറ്റി ചിന്തിക്കുന്ന മക്കൾ കുറവായിരിക്കും. ഒരുപ്രായമെത്തുമ്പോൾ മക്കൾ അവരുടെ കാര്യങ്ങള്‍ നോക്കി പോകും. പിന്നീട് പലപ്പോഴും ജീവിതത്തിൽ ഒറ്റപ്പെട്ടു പോകാറുണ്ട് മാതാപിതാക്കൾ. വാർധക്യത്തിലെ ഒറ്റപ്പെടൽ അവർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും. പ്രത്യേകിച്ച് ഒരു സിംഗിൾ പാരന്റാണെങ്കിൽ അവരുടെ അവസ്ഥ അൽപം കൂടി കഠിനമായിരിക്കും. അത്തരത്തിൽ ഒറ്റപ്പെട്ടു പോയ അമ്മയുടെ വിവാഹം നടത്തി സമുഹമാധ്യമങ്ങളിൽ കയ്യടി നേടുകയാണ് ഒരു യുവതി. അമ്മയുടെ നാൽപ്പത്തിയൊമ്പതാമത്തെ വയസ്സിൽ അവരുടെ വിവാഹം നടത്തിയതിനെ കുറിച്ചും ഇതുവരെയുള്ള ജീവിതത്തെ കുറിച്ചും ഹ്യൂമൻസ് ഓഫ് ബോംബെ എന്ന സമൂഹമാധ്യമ പേജിലൂടെ പറയുകയാണ് പൂജ ബട്നാഗർ.

 

തനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് വളരെ പ്രയാസങ്ങൾ നേരിടേണ്ടി വന്ന ഒരു വിവാഹ ജീവിതം അമ്മ അവസാനിപ്പിച്ചതെന്നും ഇപ്പോൾ അമ്മയുടെ 49–ാമത്തെ വയസ്സിൽ താൻ അമ്മയുടെ വിവാഹം നടത്തിയിരിക്കുകയാണെന്നും പൂജ പറയുന്നു. വിവാഹ ബന്ധം വേർപ്പെടുത്തിയതിനു ശേഷം ഇതുവരെ തന്റെ അമ്മ സിംഗിൾ പാരന്റായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ‘‘ എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ കഠിനമായ തീരുമാനം അമ്മ എടുത്തു. എന്നെ മുത്തശ്ശിയുടെ അടുത്താക്കി ഒരു വലിയ നഗരത്തിൽ അമ്മ ജോലിക്കു പോയി. എനിക്ക് മികച്ചൊരു ജീവിതം നൽകാനായിരുന്നു അത്. അങ്ങനെ വീടുകളുടെ അലങ്കാരം നടത്തുന്ന ഒരു സ്ഥാപനത്തിൽ അമ്മ ജോലിക്കാരിയായി. ആരുടെയും പിന്തുണയില്ലാതെ കരിയർ കെട്ടിപ്പടുത്തു.’’– പൂജ പറഞ്ഞു.

 

ഇന്ന് അലങ്കാര വസ്തുക്കളും ഫർണീച്ചറുകളും വിൽക്കുന്ന ഒരു കടയുടെ ഉടമയാണ് അമ്മയെന്നും പൂജ പറയുന്നു. ‘‘ജീവിതം എത്ര കഷ്ടപ്പാടുകൾ നൽകിയാലും അമ്മ പുഞ്ചിരിയോടെ നേരിടും. ഇനിയും നല്ലതു വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കും. എനിക്ക് മികച്ച വിദ്യാഭ്യാസം നൽകി. നൈനിറ്റാളിലെ ബോഡിങ് സ്കൂളിലാണ് ഞാൻ പഠിച്ചത്. ഉപരിപഠനത്തിനായി ജർമനിയിൽ അയച്ചു. എന്റെ ജീവിതത്തിലെ ഭൂരിഭാഗം സമയത്തും സാഹചര്യങ്ങൾ കൊണ്ട് പരസ്പരം അകന്നാണ് ‍ഞങ്ങൾ ജീവിച്ചത്. പക്ഷേ, അകന്നു നിൽക്കുമ്പോഴും ഞങ്ങൾ മനസ്സുകൊണ്ട് വളരെ അടുത്തായിരുന്നു. അമ്മ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞാൻ എല്ലാ കാര്യങ്ങളും അമ്മയോടു പറയാറുണ്ട്.’’

 

നമ്മുടെ ജീവിതം നമ്മൾ തീരുമാനിക്കുന്നതാണെന്നാണ് അമ്മ പഠിപ്പിച്ചതെന്നും പൂജ കൂട്ടിച്ചേർത്തു. ‘‘ ഒരിക്കൽ അമ്മയെ വിഡിയോ കോൾ ചെയ്തപ്പോൾ അൽപം അസ്വാഭാവികത തോന്നി. ജോലിസ്ഥലത്ത് ഒരാളെ കണ്ടുമുട്ടിയതായി അമ്മ പറഞ്ഞു. അവരുടെ ജീവിതം പരസ്പരം സാമ്യമുള്ളതായിരുന്നു. അദ്ദേഹം അമ്മയോട് വിവാഹാഭ്യർഥന നടത്തിയാൽ എനിക്ക് ഇഷ്ടപ്പെടുമോ എന്നായിരുന്നു അമ്മയുടെ ചോദ്യം. തീർച്ചയായും എന്നായിരുന്നു അമ്മയ്ക്ക് ഞാൻ നൽകിയ മറുപടി.’’

 

രണ്ട് ദിവസങ്ങൾക്കകം തന്നെ പൂജ ജർമനിയിൽ നിന്ന് ഇന്ത്യയിലെത്തി. ഇരുപതുപേർ മാത്രം പങ്കെടുത്ത വളരെ ചെറിയ ചടങ്ങായിരുന്നു വിവാഹം. ‘‘വീട്ടിൽ വച്ചായിരുന്നു മെഹന്തി ചടങ്ങും മോതിരമാറ്റവും. പിറ്റേന്ന് രാവിലെ അടുത്തുള്ള അമ്പലത്തില്‍ വിവാഹം. അവർ രണ്ടുപേരും ചിരിച്ചു കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. കാരണം ഞാൻ വളരെ ആഗ്രഹിച്ചിരുന്ന ഒരു നിമിഷമായിരുന്നു അത്. എനിക്കെല്ലാം നേടി തന്ന് എനിക്കു വേണ്ടി ജീവിതം മാറ്റിവച്ച സ്ത്രീ. അവർ വീണ്ടും സ്നേഹം കണ്ടെത്തിയിരിക്കുന്നു. ഇന്ന് എന്റെ പുതിയ അച്ഛൻ അദ്ദേഹത്തിന്റെ സ്വന്തം മകളെ പോലെ എന്നെ സ്നേഹിക്കുന്നു. ജീവിതത്തിൽ വീണ്ടും സന്തോഷം കണ്ടെത്തുന്നതിനായി സമയമോ കാലമോ പരിമിതികളോ ഇല്ലെന്ന് ഇവരെ കാണുമ്പോൾ എനിക്കു തോന്നും.’’

  • Related Posts

    ‘ഇനി ഞങ്ങൾ മൂന്ന് പേർ’; ചർച്ചയായി രശ്മിക മന്ദാനയുടെ പോസ്റ്റ്

    Spread the love

    Spread the loveഒരു മാസം മുമ്പാണ് തെന്നിന്ത്യൻ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മനോഹരമായ പോസ്റ്റിലൂടെ ഇരുവരും തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഇതിന് പിന്നാലെ ഹൽദി, സംഗീത് ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും…

    ആരും തെറ്റിദ്ധരിപ്പിച്ചിട്ടല്ല വീഡിയോ ഇട്ടത്, റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല: കിച്ചു സുധി

    Spread the love

    Spread the loveഅന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും മകന്‍ കിച്ചുവും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറയുന്ന കിച്ചുവിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് രേണു സുധിക്കെതിരെ നിരവധി…

    Leave a Reply

    Your email address will not be published. Required fields are marked *