ന്യൂഡൽഹി ∙ ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന കിഴക്കൻ ഡൽഹിയിൽ ഹൈടെക്ക് തട്ടിപ്പ് നടത്തിവന്ന സംഘത്തെ ഡൽഹി പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. വാഹനങ്ങളുടെ ഇഎംഐ കുടിശിക പരിശോധിക്കാനുള്ള ഒരു മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് പ്രതികൾ ഇരകളെ കണ്ടെത്തിയിരുന്നത്. തിരക്കുള്ള റോഡുകളിൽ വച്ച് ബാങ്ക് റിക്കവറി ഏജന്റുമാരെന്ന വ്യാജേന വാഹന ഉടമകളെ തടഞ്ഞുനിർത്തുന്നതായിരുന്നു ഇവരുടെ രീതി.
കഴിഞ്ഞ മാർച്ച് 26ന് ഐടിഒയ്ക്ക് സമീപം വികാസ് മാർഗിൽ വച്ച് തടഞ്ഞുനിർത്തപ്പെട്ട കേശവ് കുമാർ എന്ന വ്യക്തി നൽകിയ പരാതിയെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഒരു വെള്ള കാറിലെത്തിയ പ്രതികൾ തന്നെ നിർബന്ധപൂർവ്വം പിടിച്ചുകൊണ്ടുപോകുകയും മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം ഓൺലൈൻ ട്രാൻസ്ഫർ വഴി 18,000 രൂപ തട്ടിയെടുത്തെന്നായിരുന്നു കേശവ് കുമാറിന്റെ പരാതി.
മാർച്ച് 27ന് ശക്കർപൂർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസി ടിവി ക്യാമറകളുടെയും പ്രാദേശിക ഇന്റലിജൻസിന്റെയും സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതികൾ ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു.
തുടർന്ന് നടത്തിയ റെയ്ഡിൽ പ്രിൻസ് (22), ആകാശ് എന്ന അക്കു (25), ശിവം (23), ടീറ്റു (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മൊബൈൽ ആപ്പ് ഉപയോഗിച്ച് വായ്പാ കുടിശ്ശികയുള്ള വാഹനങ്ങളെ കണ്ടെത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്. നമ്പർ പ്ലേറ്റില്ലാത്ത കാർ ഉപയോഗിച്ച് ഇരകളെ തടഞ്ഞുനിർത്തും. ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് നടിച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യും. ക്യുആർ കോഡ് വഴിയോ മറ്റ് ഓൺലൈൻ മാർഗങ്ങളിലൂടെയോ പണം തട്ടിയെടുക്കും. കുറ്റകൃത്യത്തിന് ഉപയോഗിച്ച അഞ്ച് മൊബൈൽ ഫോണുകളും വെള്ള കാറും പൊലീസ് പിടിച്ചെടുത്തു. സംഘത്തിന്റെ മറ്റ് തട്ടിപ്പുകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകൾക്ക് സഹായിച്ച മറ്റൊരാളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.








