തിരുവനന്തപുരം ∙ സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഇന്ന് താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ 2– 3 ഡിഗ്രി കൂടുതലാണിത്. നാളെ മുതൽ 29 വരെ സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
യെലോ അലർട്ട്
കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കാസർകോട്
എന്തുകൊണ്ട് ഇത്ര ചൂട് ?
മാർച്ച് 20 ന് സൂര്യൻ ഭൂമധ്യരേഖയ്ക്കു മുകളിൽ എത്തിയതോടെ ഉത്തരാർധ ഗോളത്തിൽ വസന്ത കാലത്തിനു തുടക്കമായി. കാലാവസ്ഥയിലും സീസണുകളിലും കാര്യമായ മാറ്റം എങ്ങും അനുഭവപ്പെടുന്നതിനാൽ ഇപ്പോൾ വസന്തം ചുരുങ്ങുകയും പെട്ടെന്നു തന്നെ വേനൽക്കാലത്തിലേക്കു കടക്കുകയുമാണ്.
മാർച്ച് പകുതിയോടെ കേരളം ചുട്ടു പൊള്ളുന്നതിന്റെ കാരണമിതാണ്. അന്തരീക്ഷതാപം വർധിപ്പിക്കുന്ന എൽ നിനോ പ്രതിഭാസവും ജൂൺ മുതൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. താപവർധന ഇതിനു മുന്നോടിയാകാനും സാധ്യതയുണ്ട്. 39 ഡിഗ്രി വരെ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നതെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പം കൂടി ഇതോടൊപ്പം കലരുമ്പോൾ കടുത്ത ഉഷ്ണവും നീറ്റലും പുകച്ചിലുമായി അത് അസഹ്യമാകുന്നു.
ദാമോദർ വാലി വൈദ്യുതി വാങ്ങാൻ ഇടക്കാല കരാർ
ഏറെക്കാലത്തിനു ശേഷം കെഎസ്ഇബിക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ ഇടക്കാല കരാറിലൂടെ വൈദ്യുതി ലഭിച്ചു. ദാമോദർ വാലി കോർപറേഷന്റെ 2 സ്റ്റേഷനുകളിൽ നിന്നായി ആകെ 80 മെഗാവാട്ട് വൈദ്യുതിക്കാണ് കരട് കരാർ ഒപ്പിട്ടത്. റഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചാൽ ഏപ്രിൽ 1 മുതൽ ഇത് ലഭിക്കും. കോഡെർമ സ്റ്റേഷനിൽ നിന്നുള്ള 25 മെഗാവാട്ട്
കുതിച്ചുകയറി വൈദ്യുതി ഉപയോഗം
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഈ വർഷത്തെ ഏറ്റവും ഉയരത്തിലെത്തി; പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ കെഎസ്ഇബി കൂടുതൽ വൈദ്യുതി വാങ്ങാൻ ശ്രമം തുടങ്ങി. കഴിഞ്ഞ ചൊവ്വാഴ്ച ഉപയോഗം 10.52 കോടി യൂണിറ്റ് ആയിരുന്നു. മാർച്ചിലെ ഏറ്റവും ഉയർന്ന ഉപയോഗം. പീക്ക് സമയത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിച്ചതും അന്നാണ്. പലയിടത്തും ലോഡ് താങ്ങാനാകാതെ ഫീഡറുകൾ ട്രിപ് ആയി.
പീക്ക് സമയത്തെ വൈദ്യുതി ആവശ്യം ചൊവ്വാഴ്ച 5621 മെഗാവാട്ട് കടന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമുണ്ടായത് 2024 മേയ് 3 ന് ആണ്– 11.59 കോടി യൂണിറ്റ്.





