തിരുവനന്തപുരം: പരീക്ഷയെല്ലാം കഴിഞ്ഞ് കുട്ടികള്‍ അവധിക്കാലത്തിലേക്ക് കടന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ അവധിക്കാലത്ത് ഒട്ടുമിക്ക കുട്ടികളും കായിക വിനോദങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. മൊബൈല്‍ ഫോണ്‍ സാര്‍വത്രികമായതോടെ, കുട്ടികളില്‍ പലരും കായിക വിനോദങ്ങളില്‍ നിന്ന് മാറി മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പ്രവണത വര്‍ധിച്ച് വരികയാണ്. ഈ പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്.
വിനോദങ്ങള്‍ക്കൊപ്പം തന്നെ മക്കളുടെ ഓണ്‍ലൈന്‍ സുരക്ഷയും ഉറപ്പാക്കേണ്ടതാണെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പരിചയമില്ലാത്ത ആളുകളുമായി ഓണ്‍ലൈനില്‍ ചാറ്റ് ചെയ്യരുതെന്ന് കുട്ടികളെ ബോധവല്‍ക്കരിക്കണം. ഫോട്ടോ, വീഡിയോ, ഫോണ്‍ നമ്പര്‍, വിലാസം പോലുള്ള വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കരുതെന്ന് പഠിപ്പിക്കണം.
സംശയാസ്പദമായ ലിങ്കുകള്‍, ഗെയിമുകള്‍, ആപ്പുകള്‍ എന്നിവ തുറക്കരുതെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കണമെന്നും കേരള പൊലീസിന്റെ കുറിപ്പില്‍ പറയുന്നു.
കുറിപ്പ്:
അവധിക്കാലമാണ്
വിനോദങ്ങള്‍ക്കൊപ്പം തന്നെ മക്കളുടെ ഓണ്‍ലൈന്‍ സുരക്ഷയും നാം ഉറപ്പാക്കേണ്ടതുണ്ട്.
മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
പരിചയമില്ലാത്ത ആളുകളുമായി ഓണ്‍ലൈനില്‍ ചാറ്റ് ചെയ്യരുതെന്ന് കുട്ടികളെ ബോധവല്‍ക്കരിക്കുക.
ഫോട്ടോ, വീഡിയോ, ഫോണ്‍ നമ്പര്‍, വിലാസം പോലുള്ള വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കരുതെന്ന് പഠിപ്പിക്കുക.
സംശയാസ്പദമായ ലിങ്കുകള്‍, ഗെയിമുകള്‍, ആപ്പുകള്‍ എന്നിവ തുറക്കരുതെന്ന് അറിയിക്കുക.
സോഷ്യല്‍ മീഡിയ ഉപയോഗം മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ മാത്രം അനുവദിക്കുക.
കുട്ടികള്‍ കാണുന്ന ഉള്ളടക്കം പ്രായത്തിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുക.
സൈബര്‍ ബുള്ളിയിംഗ്, വ്യാജ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ എന്നിവയെക്കുറിച്ച് അവരെ മുന്നറിയിപ്പ് നല്‍കുക.
ദിവസവും സ്‌ക്രീന്‍ സമയം നിയന്ത്രിച്ച്, കളിയും വായനയും കുടുംബസമയവും പ്രോത്സാഹിപ്പിക്കുക.
പ്രിയപ്പെട്ട മക്കള്‍ക്ക് സുരക്ഷിതമായൊരു അവധിക്കാലം ആശംസിക്കുന്നു.





