കൊച്ചി ∙ ഒരു മുറിയിൽ ഫാനിൽ നിന്ന് തൂങ്ങിക്കിടക്കുന്ന പാതി മുറിച്ച ഒരു തുണിക്കഷ്ണം, അതിനു കുറച്ചു മാറി 5 മീറ്റർ അകലത്തിൽ തൂങ്ങിനിൽക്കുന്ന രണ്ടു മൃതദേഹങ്ങൾ, ഇടതുവശത്തെ മുറിയിലുള്ള കട്ടിലിൽ നല്ല ഉടുപ്പുകളും ധരിപ്പിച്ച് കണ്ണിൽ ഫാൻസി കൂളിങ്ഗ്ലാസുമായി പുതപ്പിച്ചു കിടത്തിയിരിക്കുന്ന രണ്ടു പിഞ്ചുശരീരങ്ങൾ, മറ്റൊരു മുറിയിൽ താഴെ ഷാൾ വിരിച്ച് ഷെർവാണിയും ധരിച്ച് കിടത്തിയിരിക്കുന്ന 14 വയസ്സുകാരൻ. ഇന്ന് കൊച്ചി വടുതലയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇങ്ങനെയാണ്. തിരുവനന്തപുരം വിളപ്പിൽശാല കാരോട് കനകവിഹാർ ജി.സുരേന്ദ്രൻ നായരുടെ ഭാര്യ വൈ.ശ്രീകുമാരി (59), മകള്‍ അശ്വതി എസ്.നായർ (37), മക്കളായ കാർണിവൻ (14), കീർത്തിവൻ (5), അക്ഷിത (2) എന്നിവരാണ് മരിച്ചത്. ഇതിൽ മക്കളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അശ്വതി കുഞ്ഞുങ്ങളും അമ്മയുമായി വടുതല ഗ്രീൻ ഗാർഡനിലുള്ള വീടിന്റെ താഴത്തെ നില വാടകയ്ക്ക് എടുക്കുന്നത്. ഇരുനില ആഡംബര വീടിന്റെ ഉടമസ്ഥർ വിദേശത്താണ്. ഒരു വർഷം മുമ്പുവരെ ഗൃഹനാഥയും ഇളയ മകനും ഇവിടെ താമസിച്ചിരുന്നെങ്കിലും കുട്ടിയുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ ഇവരും വിദേശത്തേക്ക് പോയി. തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്നു വീട്. സമീപത്തു വീട്ടുടമസ്ഥനും സഹോദരനും കുടുംബവും താമസിക്കുന്നുണ്ട്. ആരും താമസിക്കാതെ വീട് നശിച്ചു പോകുന്നു എന്ന സാഹചര്യത്തിലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കണ്ടുമുട്ടിയ അശ്വതിക്കും കുടുംബത്തിനും ഇവർ താമസിക്കാനായി വീടു നൽകുന്നത് എന്നാണ് അറിയുന്നത്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന മൂത്ത മകന്റെ ചികിത്സാർഥം എന്നായിരുന്നു വീട് എടുക്കുമ്പോൾ പറഞ്ഞിരുന്നത്. രണ്ടു മാസത്തേക്കായിരുന്നു കരാർ. ഇതിന്റെ പണവും ഇവർ നൽകിയിരുന്നു. ഇതനുസരിച്ച് മാർച്ച് 20ന് ഇവർ ഒഴിയേണ്ടതായിരുന്നു.
വ്യാഴാഴ്ച വീട്ടുടമയുടെ ജ്യേഷ്ഠൻ അശ്വതിയേയും കുടുംബത്തേയും കണ്ടിരുന്നു എന്നും പിറ്റേന്ന് ഒഴിയുന്ന കാര്യം ഇവർ പറഞ്ഞതായുമാണ് വിവരം. സമീപത്തുള്ള മറ്റൊരു വീട്ടിലെ പെയിന്റടി നടക്കുന്നതിനാൽ ഇവരുടെ കാർ ഇതിനിടെ ദുരന്തമുണ്ടായ വീട്ടിലേക്ക് മാറ്റിയിട്ടിരുന്നു. അശ്വതിയും കുടുംബവും ഒഴിയുന്നതിന് അനുസരിച്ച് അയൽവക്കത്തെ ഈ വീട്ടുകാർ പെയിന്റിങ് ജോലികൾ തീരുന്നതു വരെ ഇവിടേക്ക് മാറാനും തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇന്നു രാവിലെ വീട്ടുടമയുടെ ജ്യേഷ്ഠന്റെ ഇളയ മകൻ വന്നു നോക്കിയപ്പോഴാണ് ദുരന്ത വിവരം പുറത്തറിയുന്നത്. വീട്ടിലെത്തി അശ്വതിയേയും മറ്റും വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. എന്നാൽ എസി പ്രവർത്തിക്കുന്നതായും പ്രതികരണം ഇല്ലാത്തതും മനസിലായതോടെ സ്ഥലം കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കലിനെ വിവരമറിച്ചു. കൗൺസിലർ കൂടി എത്തി വീട് തുറന്നു നോക്കുമ്പോഴാണ് രണ്ടു പേരുടെ മൃതദേഹങ്ങൾ കാണുന്നത്. ഉടൻ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നുവെന്നും തുടർന്നുള്ള പരിശോധനയിലാണ് കുട്ടികളെ മരിച്ച നിലയിൽ കാണുന്നതെന്നും ആൽബർട്ട് വ്യക്തമാക്കി.
വിവരമറിഞ്ഞ് സ്ഥലം എംഎൽഎ ടി.ജെ.വിനോദ്, കൊച്ചി ഡിസിപി അശ്വതി ജിജി തുടങ്ങിയവരടക്കം വീട്ടിെലത്തിയിരുന്നു. വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ അശ്വതി എഴുതിയത് എന്നു കരുതുന്ന ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ഭർത്താവിന്റെ അരികിലേക്ക് തങ്ങളും പോകുന്നു എന്ന രീതിയിലാണ് കത്തിൽ പറയുന്നത്. കരൾരോഗബാധിതനായിരുന്ന അശ്വതിയുെട ഭർത്താവ് കുറച്ചു നാൾ മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ പേരിൽ കുടുംബത്തിനുള്ളിൽ അസ്വാരസ്യമുണ്ടായിരുന്നതായും കത്തിൽ പറയുന്നു. ഇതിനിടെയാണ് കുട്ടിയുടെ ചികിത്സക്കായി ഇവർ എറണാകുളത്തേക്ക് താമസം മാറ്റിയത്.
വടുതല കർഷക റോഡ് ഗ്രീൻ ഗാർഡന്‍ പൊതുവെ റസിഡന്‍ഷ്യൽ മേഖലയാണ്. രണ്ടു മാസമായി അശ്വതിയും കുടുംബവും ഇവിടെ താമസിക്കുന്നുണ്ടെങ്കിലും അയൽവാസികളുമായൊന്നും ബന്ധമുണ്ടായിരുന്നില്ല. ടാക്സി വിളിച്ച് പുറത്തേക്ക് പോകുന്നതും വരുന്നതുമാണ് പലപ്പോഴും അയൽക്കാർ കണ്ടിട്ടുള്ളത്. വൈകുന്നേരങ്ങളിൽ അയൽവീടുകളിലെ കുട്ടികൾ വീടു മുന്നിലെ റോഡിൽ കളിക്കാറുണ്ടെങ്കിലും അശ്വതിയുടെ കുട്ടികളും അധികം വീട്ടിൽ നിന്ന് പുറത്തുവന്നിരുന്നില്ല. വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ചയോ കുട്ടികളുടെ കൊലപാതകവും മറ്റുള്ളവരും ആത്മഹത്യയും നടന്നിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ എന്താണ് അന്നു നടന്നത് എന്നതു സംബന്ധിച്ച് പൂർണമായ വിവരങ്ങൾ ലഭ്യമല്ല. അശ്വതിയുടേയും അമ്മയുടേയും മൃതദേഹങ്ങൾ തൂങ്ങിനിന്ന മുറിയിലെ ഫാനിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ഒരു തുണി അറുത്തുമാറ്റിയ നിലയിലാണുള്ളത്. ഇത് ഇവരിൽ ആരെങ്കിലും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ മറ്റെയാൾ രക്ഷപെടുത്താൻ നോക്കിയതാണോ എന്നു വ്യക്തമല്ല.






