ഭൂട്ടാൻ കാർ കടത്ത്: ഡൽഹിയിലെ ഇട‌നിലക്കാരന് കൊച്ചി പൊലീസിന്റെ നോട്ടിസ്

Spread the love

കൊച്ചി ∙ ഭൂട്ടാൻ വാഹനക്കടത്തു കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ഡല്‍ഹി ലാജ്പത് നഗർ സ്വദേശി രോഹിത് ബേദി എന്ന വാഹന ഇടപാടുകാരന‌് കൊച്ചി സെൻട്രൽ പൊലീസിന്റെ നോട്ടിസ്. കൊച്ചി സ്വദേശി മുഹമ്മദ് യഹ്യയുടെ പരാതിയിലാണിത്. ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യം റജിസ്റ്റർ ചെയ്ത കേസിലാണ് നോട്ടിസ്. ഐപിസി 406, 420 വകുപ്പുകൾ പ്രകാരം വിശ്വാസവഞ്ചനയ്ക്ക് രോഹിതിനെതിരെ കഴിഞ്ഞ മാസം കേസെടുത്തിരുന്നു.

 

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ ‘ഓപ്പറേഷൻ നുമ്ഖോ’ റിനു പിന്നാലെയാണ് മുഹമ്മദ് യഹ്യ പരാതി നൽകിയത്. ഭൂട്ടാനിൽനിന്നു കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ 200ലേറെ എണ്ണം കേരളത്തിൽ മാത്രം വിറ്റഴിച്ചിട്ടുണ്ടെന്നാണു പരിശോധനയിൽ കസ്റ്റംസ് കണ്ടെത്തിയത്. ഭൂട്ടാൻ അതിർത്തി വഴി കടത്തിക്കൊണ്ടു വരുന്ന വാഹനങ്ങൾ ഹിമാചൽ പ്രദേശിലോ സമീപ സംസ്ഥാനങ്ങളിലോ വ്യാജ രേഖകൾ ഉപയോഗിച്ച് റജിസ്റ്റർ ചെയ്ത ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കടത്തുകയായിരുന്നു. ഇത്തരം വാങ്ങിയ, ചലച്ചിത്ര താരങ്ങളുടേത് ഉൾപ്പെടെ അൻപതോളം വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തു. വാഹനക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം ആരംഭിച്ചിരുന്നു.

 

ഇതിനു പിന്നാലെയാണ്, താൻ കബളിപ്പിക്കപ്പെട്ടു എന്നു കാട്ടി മുഹമ്മദ് യഹ്യ പൊലീസിനെ സമീപിച്ചത്. 2024 ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു സംഭവം. ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ചിരുന്ന ടൊയോട്ട ലാൻഡ് ക്രൂസർ വിൽക്കാനുണ്ടെന്നും 14 ലക്ഷം രൂപയാണ് വിലയെന്നും രോഹിത് ബേദി തന്നെ വിശ്വസിപ്പിച്ചെന്ന് യഹ്യയുടെ പരാതിയിൽ പറയുന്നു. ജൂണ്‍ അവസാനം 50,000 രൂപ പണമായി നൽകി. ജൂലൈ ആദ്യം 4.5 ലക്ഷം രൂപ അക്കൗണ്ടിലൂടെ നൽകി. പിന്നാലെ ഡല്‍ഹിയിൽ വച്ച് 5 ലക്ഷം രൂപ പണമായും 4 ലക്ഷം രൂപ അക്കൗണ്ട് മുഖേനയും നൽകി വാഹനം വാങ്ങി. എന്നാൽ ഇത് ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധ മാർഗത്തിലൂടെ ഇറക്കുമതി ചെയ്ത് ഹിമാചൽ പ്രദേശിൽ റീ–റജിസ്റ്റർ ചെയ്ത വാഹനമായിരുന്നു എന്ന് അറിഞ്ഞത് പിന്നീടാണെന്നും പരാതിയിൽ പറയുന്നു.

 

ഇത്തരത്തിൽ വിശ്വാസ വഞ്ചനയും ചതിയും നടത്തിയെന്നാണ് കേസ്. എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ ചോദ്യം ചെയ്യലിനു ഹാജരാകാൻ രോഹിത് ബേദിക്ക് നോട്ടിസ് നൽകിയിരുന്നെങ്കിലും അസൗകര്യം മൂലം മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

 

കേരളത്തിലെ മിക്ക ജില്ലകളിലും ഭൂട്ടാനിൽനിന്ന് കടത്തിക്കൊണ്ടു വന്ന വാഹനങ്ങളുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പേരൂർക്കട, കൊല്ലം സ്വദേശികൾ വാങ്ങിയ പ്രാഡോകൾ, കൊച്ചി പള്ളുരുത്തി സ്വദേശിയുടെ നിസാൻ പട്രോളുകൾ, കോട്ടയം കുമാരനല്ലൂർ, നീണ്ടൂർ, അങ്കമാലി, കടവന്ത്ര, കലൂർ സ്വദേശികൾ വാങ്ങിയ ടൊയോട്ട ലാൻഡ് ക്രൂസറുകൾ തുടങ്ങിയവ കസ്റ്റംസ് കണ്ടെത്തിയിരുന്നു. വിപണിയിൽ ഒന്നും രണ്ടും കോടി രൂപ വരെ വിലയുള്ള കാറുകളാണ് പകുതി വിലയ്ക്കു പലരും സ്വന്തമാക്കിയത്. വാഹനങ്ങൾ പൊളിച്ച്, ഏതു കാറാണെന്നു തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ കണ്ടെയ്നറുകളിലാക്കി റോഡ് വഴിയും എത്തിച്ചിരുന്നു. കോയമ്പത്തൂർ കേന്ദ്രമാക്കിയ സംഘമാണ് ഇതിനു പിന്നിലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. കോയമ്പത്തൂർ സ്വദേശിയുടെ അറസ്റ്റിലൂടെയാണ് ഇത്തരമൊരു പരിശോധനയിലേക്ക് കസ്റ്റംസ് കടന്നത്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *