ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

Spread the love

ഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട് ഒഡിഷ സ്വദേശികളെയും പോലീസ് വലയിലാക്കി. ചെറീയ രീതിയിൽ ലഹരി വിൽപ്പന ആരംഭിച്ച അലൻ പിന്നീട് കഞ്ചാവ് സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുകയും കഞ്ചാവ് രാജാവായി മാറുകയുമായിരുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് അലനും സംഘവും വൻ തോതിൽ ലഹരിക്കടത്ത് നടത്തി. അലൻ പിടിയിലായതോടെ ലഹരിക്കടത്തിന് ഒരുപരിധിവരെ തടയിടാനാകുമെന്നാണ് പോലീസ് കരുതുന്നത്.

 

ചെറുപ്പത്തിൽ തന്നെ തിരുവനന്തപുരം നഗരത്തിലെ ഗുണ്ടാത്തലവന്റെ വലംകൈയായി മാറിയ ആളാണ് അലൻ പൊന്നുവെന്ന അലൻ ജയരാജ്. ഓട്ടോറിക്ഷ ഡ്രൈവറുടെ മകനായ അലന് ഗുണ്ടകളോട് വല്ലാത്ത ആരാധനയായിരുന്നു. ഈ ആരാധന അലനെ കണ്ണാടി ഷാജിയുടെ ക്വട്ടേഷൻ സംഘത്തിലെത്തിച്ചു. എന്നാൽ ഷാജി കൊല്ലപ്പെടുകയും പിന്നാലെ അലൻ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലാകുകയും ചെയ്തു. ശേഷം ജയിൽവാസത്തിലായിരുന്ന അലൻ കഞ്ചാവ് വിൽപ്പനയെക്കുറിച്ച് മനസിലാക്കി. ജയിലിൽ നിന്ന് പുറത്തിറങ്ങിയതോടെ അലൻ നഗരത്തിലെ പ്രധാന കഞ്ചാവ് വിൽപ്പനക്കാരനായി മാറി.

 

തെക്കൻ കേരളത്തിൽ യുവാക്കൾക്കായി ആദ്യമായി ലഹരിപാർട്ടി നടത്തിയതും അലനായിരുന്നു. വെള്ളറട-തമിഴ്നാട് അതിർത്തിയിലെ ഫാംഹൗസ് വാടകയ്‌ക്കെടുത്തായിരുന്നു ഇത് സംഘടിപ്പിച്ചത്. തുടർച്ചയായി ലഹരി പാർട്ടികൾ നടത്തിയതോടെ പോലീസ് ഇടപെടലുമുണ്ടായി. അതോടെ നാഗർകോവിൽ, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പാർട്ടികൾ മാറ്റി. മാത്രമല്ല, വൻകിട കഞ്ചാവ് ലോബിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ബെംഗളൂരുവും ആന്ധ്രയുമായിരുന്നു പ്രധാന കേന്ദ്രങ്ങൾ. പിന്നാലെ ആന്ധ്ര-ഒഡിഷ വനമേഖലയിൽ കഞ്ചാവ് കൃഷിയും ഹെറോയിൻ നിർമാണവും ആരംഭിച്ചു. ഈ മേഖലയിലെ നക്‌സൽ സംഘങ്ങളുടെ പിന്തുണയും ലഭിച്ചിരുന്നു. കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ തുടങ്ങിയ അലൻ വൻ സിൻഡിക്കേറ്റിന് രൂപം നൽകി. സിൻഡിക്കേറ്റ് തലവനായതോടെ ആന്ധ്ര വനമേഖലയിൽ നിന്ന് അപൂർവമായി മാത്രമേ അലൻ പുറത്തുകടക്കാറുണ്ടായിരുന്നുള്ളൂ. ബെംഗളൂരുവിൽ പോകുന്നതാകട്ടെ അതീവരഹസ്യമായിട്ടായിരുന്നു

 

രഹസ്യസ്വഭാവമുള്ള ആശയവിനിമയമാർഗങ്ങളാണ് അലൻ അവലംബിച്ചിരുന്നത്. അതോടെ കഞ്ചാവ് കേസുകളിലൊന്നും അലനെ കുടുക്കാൻ എക്‌സൈസിനോ പോലീസിനോ സാധിച്ചതുമില്ല. ഏറെക്കാലമായി എക്‌സൈസ് സ്‌ക്വാഡും തിരുവനന്തപുരം സിറ്റി പോലീസും തേടിക്കൊണ്ടിരിക്കുകയായിരുന്നു. എക്‌സൈസ് സ്‌ക്വാഡിന്റെ പരിശോധനയിൽ മാത്രം അലൻ കേരളത്തിലേക്ക് കടത്തിവിട്ട 1000 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ആന്ധ്ര വനമേഖലയിലെ നക്‌സൽ സംഘങ്ങൾ ഇല്ലാതായതോടെയാണ് അലൻ ഒഡിഷയിലേക്ക് മാറിയത്. ഈ വിവരം അറിഞ്ഞാണ് ഒഡിഷ പോലീസ് സാഹസികമായ ഓപ്പറേഷന് തയ്യാറെടുത്തത്..

 

ഘോരവനത്തിൽ ജലാശയത്തിന് നടുവിലെ ദ്വീപിലാണ് അലൻ സിൻഡിക്കേറ്റ് ഹെറോയിൻ നിർമാണ ലാബ് പ്രവർത്തിച്ചിരുന്നത്. ബോട്ടുകളിലെത്തിയ പോലീസ് സംഘം ദ്വീപിന്റെ പല ഭാഗങ്ങളും വളഞ്ഞു. പിന്നാലെ അലന്റെ താവളം ലക്ഷ്യമാക്കി നീങ്ങി. എന്നാൽ പോലീസെത്തിയത് അറിഞ്ഞതോടെ അലനും സംഘവും വനത്തിനുള്ളിലേക്ക് കടന്നു. അവിടത്തെ കാഴ്ചകൾ പോലീസ് സംഘത്തെയടക്കം ഞെട്ടിക്കുന്നതായിരുന്നു. 2000 ലിറ്ററോളം ഹെറോയിൻ കന്നാസുകളിൽ നിറച്ചുവെച്ചിട്ടുണ്ടായിരുന്നു. 1000 കിലോയിലധികം ഉണങ്ങിയ കഞ്ചാവ് കെട്ടും. 300 കോടിയിലധികം രൂപ വിലവരുന്ന വസ്തുക്കളാണ് അലന്റെ താവളത്തിൽ നിന്ന് കണ്ടെത്തിയത്.

 

ഈ ലാബിൽ നിന്നാണ് കഞ്ചാവ് വാറ്റി ഹാഷിഷ് ഓയിലായി വേർതിരിച്ചിരുന്നത്. ഇവ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് കടത്തുകയായിരുന്നു സംഘത്തിന്റെ രീതി. മാത്രമല്ല, ഉണങ്ങിയ കഞ്ചാവ് കെട്ടുകളടക്കം കേരളത്തിലേക്ക് കടത്തിയിരുന്നു. അവിടെ നിന്ന് അലന്റെ സഹായിയായ ഒഡിഷ സ്വദേശിയെ പോലീസ് പിടികൂടി. തുടർന്ന് വനത്തിൽ 30 മണിക്കൂറോളം നീണ്ട തിരച്ചിലും ഏറ്റുമുട്ടലും നടന്നു. ഒടുക്കം അലൻ രാജും സംഘവും പോലീസ് പിടിയിലായി. പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം കേസിന്റെ വിവരങ്ങൾ തേടി ഒഡിഷ പോലീസ് തിരുവനന്തപുരത്ത് എത്തിയിരുന്നു. ആ ഘട്ടത്തിലാണ് പിടിയിലായ അലൻ എക്‌സൈസിന്റെ അന്വേഷണപരിധിയിലുണ്ടായിരുന്നയാളാണെന്ന് മനസിലായത്.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

    Spread the love

    Spread the love    തിരുവനന്തപുരം: കനത്ത ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. എന്നാല്‍ കനത്ത ചൂടില്‍ വിയര്‍ക്കുകയാണ് കേരളം. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടാണ്. 37.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ…

    Leave a Reply

    Your email address will not be published. Required fields are marked *