‘വെർച്വൽ അറസ്റ്റിലായ’ ഡോക്ടറെ പൊലീസ് രക്ഷപ്പെടുത്തിയത് വീടിന്റെ കതകു പൊളിച്ച് !

Spread the love

തട്ടിപ്പു സംഘം വെർച്വൽ അറസ്റ്റ് ചെയ്ത ചങ്ങനാശേരി സ്വദേശി ഡോക്ടറെ വീടിന്റെ കതകു പൊളിച്ചാണ് പൊലീസ് രക്ഷപ്പെടുത്തിയത്! പൊലീസെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർ തയാറായില്ല. ഇതോടെയാണ് കതകു പൊളിച്ച് വീടിനുള്ളിൽ കയറി ഡോക്ടറെ രക്ഷിക്കേണ്ടി വന്നത്. ഈ സമയം വിഡിയോ കോളിലൂടെ തട്ടിപ്പു സംഘം ഡോക്ടറെ ‘വെർച്വൽ അറസ്റ്റിൽ’ വച്ചിരിക്കുകയായിരുന്നു. തന്റെ വിലാസത്തിൽ നിന്ന് അയച്ച പാഴ്സലിൽ നിരോധിത വസ്തുവുണ്ടെന്ന് പറഞ്ഞാണ് ഡോക്ടറെ വിഡിയോ കോളിൽ വിളിച്ചത്.

പരിഭ്രാന്തനായ ഡോക്ടർ ചങ്ങനാശേരി നഗരത്തിലെ ബാങ്കിലേക്ക് ഓടിയെത്തി തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് 5 ലക്ഷം രൂപ അയച്ചുകൊടുത്തു. പരിഭ്രമം ശ്രദ്ധിച്ച ബാങ്ക് ജീവനക്കാരി വിവരം തിരക്കിയെങ്കിലും ഡോക്ടർ ഒന്നും പറഞ്ഞില്ല. ഡോക്ടർ ബാങ്കിൽ നിന്നു പോയതിനു പിന്നാലെ ജീവനക്കാരി പൊലീസിനെ വിവരമറിയിച്ചു. തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. കേന്ദ്ര ഏജൻസികൾ പിടികൂടിയിരിക്കുകയാണെന്നും മടങ്ങിപ്പോകണമെന്നുമാണ് ഡോക്ടർ പൊലീസിനോട് പറഞ്ഞത്. യഥാർഥ പൊലീസിനെ കണ്ടതോടെ വിഡിയോ കോൾ കട്ട് ചെയ്ത് തട്ടിപ്പ് സംഘം മുങ്ങി. ബാങ്ക് അധികൃതരുടെ സഹായത്തോടെ 4.3 ലക്ഷം രൂപ വീണ്ടെടുക്കാനും കഴിഞ്ഞു.

 

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വെർച്വൽ അറസ്റ്റ് ഭീഷണി സന്ദേശം എത്തിയത് ഈയിടെയാണ്. മുംബൈ പൊലീസിൽ നിന്ന് എന്നു പറഞ്ഞായിരുന്നു ‘അറസ്റ്റ് ഭീഷണി. സംസ്ഥാന പൊലീസ് മേധാവിക്കു തിരുവഞ്ചൂർ പരാതി നൽകി. വിളിച്ച നമ്പർ കേന്ദ്രീകരിച്ചും സ്ഥലം കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. ഒരുമാസം മുൻപ് നടന്ന വെർച്വൽ അറസ്റ്റ് സംഘം കോട്ടയത്തെ ഒരു വീട്ടമ്മയുടെ പക്കൽ നിന്നു തട്ടിയെടുത്തത് ഒരു കോടി രൂപ.

 

വീട്ടമ്മ ബാങ്കിലെത്തിയപ്പോഴും വെർച്വൽ അറസ്റ്റ് നടത്തിയ സംഘം വിഡിയോ കോളിൽ കൂടെയുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്ന സമയം വരെ ഈ സംഘം വിഡിയോ കോൾ കട്ട് ചെയ്തില്ല. കള്ളപ്പണം വെളുപ്പിച്ചതിനാണ് മുംബൈ പൊലീസ് എന്ന പരിചയപ്പെടുത്തി തട്ടിപ്പുകാർ വീട്ടമ്മയുടെ വാട്സാപ്പിൽ സന്ദേശമയച്ചതും ഫോൺ വിളിച്ചതും.

 

വെർച്വൽ അറസ്റ്റ് ചെയ്ത് മുണ്ടക്കയം സ്വദേശിയായ 67 വയസ്സുകാരന്റെ 55 ലക്ഷം രൂപ തട്ടാൻ നടന്ന ശ്രമം ബാങ്ക് ഉദ്യോഗസ്ഥർ ഇടപെട്ടാണ് തടഞ്ഞത്. 2025 നവംബറിലാണ് മുംബൈ പൊലീസിൽ നിന്നാണെന്നു പറഞ്ഞ് മുണ്ടക്കയം സ്വദേശിക്കു വിഡിയോ കോൾ വന്നത്. പണം ഇടാൻ കൊടുത്ത അക്കൗണ്ട് നമ്പർ കണ്ട് സംശയം തോന്നിയ ബാങ്ക് മാനേജരാണ് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചത്.

 

70 വയസ്സു പിന്നിട്ട ദമ്പതികളെ ഡിജിറ്റൽ അറസ്റ്റിലായെന്നു തെറ്റിദ്ധരിപ്പിച്ച് പണം തട്ടാൻ ശ്രമം. പൊലീസ് ഓഫിസറുടെ വേഷത്തിൽ വാട്സാപ്പിൽ വിഡിയോ കോളിൽ വന്നായിരുന്നു തട്ടിപ്പ്. ചങ്ങനാശേരി സ്വദേശികളായ ദമ്പതികൾ ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയപ്പോൾ സംശയം തോന്നിയ ബാങ്ക് അധികൃതർ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.

 

ഇതാണ് വ്യാജ വെർച്വൽ അറസ്റ്റ്

∙പൊലീസ്, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കോടതി ഉദ്യോഗസ്ഥർ എന്നൊക്കെപ്പറഞ്ഞാണ് വിഡിയോ കോൾ അല്ലെങ്കിൽ ഫോൺ കോൾ വരുന്നത്.

∙ നിങ്ങൾക്ക് എതിരെ കേസുണ്ടെന്നോ പാഴ്സൽ, ബാങ്ക് അക്കൗണ്ട്, ആധാർ, സിം കാർഡ് എന്നിവ കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്നോ പറയും.

∙ നിങ്ങളെ ഓൺലൈനായി അറസ്റ്റ് ചെയ്തെന്ന് അറിയിക്കും.

∙ കേസ് ഒഴിവാക്കാൻ പണം അടയ്ക്കാൻ ആവശ്യപ്പെടും.

∙ വഴങ്ങിയില്ലെങ്കിൽ ഭീഷണിപ്പെടുത്തും.

∙ മണിക്കൂറുകളോളം വിഡിയോ കോളിൽത്തന്നെ ഇരുത്തും — ഇതാണ് ‘വെർച്വൽ അറസ്റ്റ്’.

 

അറിയൂ, ഈ സത്യങ്ങൾ

 

∙ ഫോൺ/വീഡിയോ വഴി പൊലീസ് അറസ്റ്റ് ചെയ്യില്ല

∙ യഥാർഥ അറസ്റ്റ് നേരിട്ടാണ് നടക്കുന്നത്.

∙ വ്യാജ ഫോൺ വിളി വന്നാൽ ഉടൻ കോൾ കട്ട് ചെയ്യുക.

∙ അവർ ആവശ്യപ്പെടുന്ന അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കരുത്

∙ പൊലീസോ കോടതിയോ ഒരിക്കലും ഗൂഗിൾ പേ, ബാങ്ക് ട്രാൻസ്ഫർ, ഗിഫ്റ്റ് കാർഡ് വഴി പണം ചോദിക്കില്ല.

∙ വ്യക്തിഗത വിവരങ്ങൾ നൽകരുത്.

∙ ഒടിപി, ബാങ്ക് വിവരങ്ങൾ, ആധാർ, പാസ്‌വേഡ് ഒന്നും പറയരുത്.

∙ ബാങ്കിലും പൊലീസിലും പരാതി നൽകുക

 

ബാങ്കുകളും നിരീക്ഷിക്കുന്നുണ്ട്

വെർച്വൽ അറസ്റ്റിലൂടെ കബളിപ്പിക്കപ്പെട്ട മുണ്ടക്കയം സ്വദേശിയുടെ 70 ലക്ഷത്തോളം രൂപ നഷ്ടമാകാതെ കാത്തത് ബാങ്ക് ജീവനക്കാരുടെ കൃത്യമായ ഇടപെടലായിരുന്നു. വലിയ തുക പിൻവലിക്കാനെത്തിയപ്പോൾ സംശയം തോന്നിയാണ് ജീവനക്കാർ ബാങ്ക് മാനേജരെ അറിയിച്ചത്. മകളുടെ ബിസിനസ് ആവശ്യത്തിനാണെന്നാണ് അറിയിച്ചത്. പണം നിക്ഷേപിക്കേണ്ടത് മറ്റൊരു ബാങ്കിന്റെ അക്കൗണ്ടായിരുന്നു. മാനേജർ ആ ബാങ്കിലെ ജീവനക്കാരുമായി ബന്ധപ്പെട്ടപ്പോൾ ആ അക്കൗണ്ടിൽ കഴിഞ്ഞ കുറച്ചു നാളായി വലിയ തുകകൾ ലഭിക്കുന്നുണ്ടെന്നും അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കുകയാണെന്നും അറിയിച്ചു. ഇതോടെ പണം അയയ്ക്കേണ്ടന്ന് കസ്റ്റമറിനെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. ഓൺലൈൻ തട്ടിപ്പുകൾ കണ്ടെത്തുന്നതിന് ബാങ്കുകളും ഇത്തരത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

അസാധാരണമായ ഇടപാടുകൾ നിരീക്ഷിക്കൽ

ഒരു അക്കൗണ്ടിന്റെ മുൻകാല സ്വഭാവത്തിനു വിപരീതമായി പെട്ടെന്ന് വലിയ തുകകൾ വരികയോ പോവുകയോ ചെയ്താൽ അത് നിരീക്ഷിക്കും. വലിയ തുകകൾ പിൻവലിക്കാൻ എത്തുന്നവരോട് കാരണം എന്താണെന്ന് ചോദിക്കും.

 

‘റെഡ് ഫ്ലാഗ് സൂചനകൾ

ഉപഭോക്താവിന്റെ പെരുമാറ്റത്തിൽ നിന്ന് തട്ടിപ്പ് തിരിച്ചറിയാൻ ജീവനക്കാർക്ക് പരിശീലനം ലഭിക്കാറുണ്ട്:

∙ വെപ്രാളം : ഫോണിൽ സംസാരിച്ചുകൊണ്ട് പരിഭ്രമത്തോടെ പണം അയയ്ക്കാൻ വരുന്നവർ.

∙ തുടർച്ചയായ പിൻവലിക്കലുകൾ: കുറഞ്ഞ സമയത്തിനുള്ളിൽ പലതവണയായി വലിയ തുകകൾ മാറ്റാൻ ശ്രമിക്കുന്നത്.

∙ പുതിയ ബെനഫിഷ്യറികൾ: പെട്ടെന്ന് ഒരു പരിചയവുമില്ലാത്ത പുതിയ അക്കൗണ്ടുകളിലേക്ക് വലിയ തുക കൈമാറുന്നത്.

 

ചോദ്യം ചെയ്യൽ

വലിയ തുകകൾ പിൻവലിക്കുമ്പോഴോ ട്രാൻസ്ഫർ ചെയ്യുമ്പോഴോ ബാങ്ക് ഉദ്യോഗസ്ഥർ താഴെ പറയുന്ന കാര്യങ്ങൾ ചോദിക്കാറുണ്ട്.

∙ പണം എന്തിനാണ് പിൻവലിക്കുന്നത്?

∙ അയയ്ക്കുന്ന വ്യക്തിയെ നേരിട്ട് അറിയാമോ?

∙ ആരെങ്കിലും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതനുസരിച്ചാണോ ഈ ഇടപാട് നടത്തുന്നത്?

(ഇത് ഓൺലൈൻ തട്ടിപ്പുകൾ തടയാൻ മാത്രമായി ചോദിക്കുന്നതാണെന്നും കസ്റ്റമറിനെ ബുദ്ധിമുട്ടിക്കുകയല്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞു)

 

തട്ടിപ്പുസംഘം വിഡിയോ കോളിൽ വിളിച്ച് അറസ്റ്റിലാണെന്ന് പറഞ്ഞാൽ പരിഭ്രമിക്കാതിരിക്കുക. രണ്ടാമത് ആലോചിക്കാതെ പണം കൈമാറാതിരിക്കുക. പൊലീസിൽ വിവരം അറിയിക്കുക. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം തേടുക. ഇന്ത്യയിലെ സൈബർ ക്രൈം ഹെൽപ്‌ലൈൻ: 1930. വെബ്സൈറ്റിൽ പരാതി നൽകാം: cybercrime.gov.in

  • Related Posts

    കരളിന് സമീപം വീണ്ടും സിസ്റ്റ്, രോഗം തിരിച്ചു വന്നത് മാനസികമായി തളർത്തിയെന്ന് ദീപിക കക്കർ

    Spread the love

    Spread the loveകാൻസറിനെതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന ആളാണ് നടി ദീപിക കക്കർ. കരളിലാണ് ദീപികയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കരളിന് സമീപം വീണ്ടും മറ്റൊരു സിസ്റ്റ് രൂപപ്പെടുകയും അതിനെ സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തതിനെ…

    രേണു സുധി ഇനി രേഷ്മ പി. തങ്കച്ചൻ; ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പേര് മാറ്റി താരം

    Spread the love

    Spread the loveഅന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തന്റെ ഇൻസ്റ്റഗ്രാം പേജില്‍‍ വരുത്തിയ ചില മാറ്റങ്ങളാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടിത്. പേര് രേണു സുധിയെന്നതു മാറ്റി രേഷ്മ പി. തങ്കച്ചന്‍ എന്നാണ് മാറ്റിയിരിക്കുന്നത്. അക്കൗണ്ട് ഔദ്യോഗികമായി…

    Leave a Reply

    Your email address will not be published. Required fields are marked *