പാക്കിസ്ഥാന് കനത്ത തിരിച്ചടി; ഇസ്‌ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കാനുള്ള കരാറിൽനിന്ന് യുഎഇ പിൻമാറി

Spread the love

ദുബായ്∙ ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറ്റെടുക്കാനുള്ള നിർദേശത്തിൽ നിന്നു യുഎഇ പിന്മാറി. 2025 ഓഗസ്റ്റ് മുതൽ ചർച്ചയിലായിരുന്ന കരാറാണ് ഉപേക്ഷിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിൽ നടത്തിയ മൂന്നു മണിക്കൂർ നീണ്ട സന്ദർശനത്തിനു പിന്നാലെയാണ് ഈ നീക്കം.

 

വിമാനത്താവള പ്രവർത്തനങ്ങൾക്കായി പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതാണ് കരാർ ഉപേക്ഷിക്കാൻ കാരണമെന്നു പാക്കിസ്ഥാൻ ദിനപത്രമായ ‘ദി എക്സ്പ്രസ് ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്തു. കരാർ തകരാനുള്ള രാഷ്ട്രീയ കാരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള വർധിച്ചുവരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് കാരണമെന്നും സൂചനയുണ്ട്. യെമൻ വിഷയത്തിലടക്കം ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നതകളുണ്ട്. പാക്കിസ്ഥാൻ സൗദി അറേബ്യയുമായി കൂടുതൽ അടുക്കാനുള്ള ശ്രമങ്ങളിലാണ്. യുഎഇ ഇന്ത്യയുമായും.

 

സൗദി അറേബ്യയുമായി ചേർന്ന് ‘ഇസ്‌ലാമിക് നാറ്റോ’ സഖ്യം രൂപീകരിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുകയാണ്. 2025 സെപ്റ്റംബറിൽ പാക്കിസ്ഥാനും സൗദിയും ഒപ്പിട്ട പ്രതിരോധ കരാർ പ്രകാരം ഒരാൾക്ക് നേരെയുള്ള ആക്രമണം ഇരു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഎഇ ഇന്ത്യയുമായി പുതിയ പ്രതിരോധ, വ്യാപാര കരാറുകളിൽ ഒപ്പിടുകയാണ്.

 

യുഎഇയിൽനിന്ന് പ്രതിവർഷം 5 ലക്ഷം ടൺ ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) വാങ്ങാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ കരാറിൽ ഒപ്പിട്ടിരുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും (എച്ച്പിസി) അബുദാബി നാഷനൽ ഓയിൽ കമ്പനി ഗ്യാസുമായാണ് (അഡ്നോക് ഗ്യാസ്) 10 വർഷത്തെ കരാറിൽ ഒപ്പിട്ടത്. 2028 മുതലാണു എൽഎൻജി ലഭിക്കുക. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാനും വർധിച്ചുവരുന്ന ഊർജാവശ്യങ്ങൾ നിറവേറ്റാനും കരാർ സഹായമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കാനും തീരുമാനിച്ചിരുന്നു.

 

ഡൽഹി സന്ദർശനത്തിനു പിന്നാലെ 900 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടത് ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് പാക്കിസ്ഥാന്റെ വലിയ വ്യാപാര പങ്കാളിയായിരുന്ന യുഎഇ സുരക്ഷാ പ്രശ്നങ്ങളും പാക്കിസ്ഥാനിലെ ഭരണപരമായ കെടുകാര്യസ്ഥതയും കാരണം ഇപ്പോൾ അകലം പാലിക്കുകയാണ്.

  • Related Posts

    ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

    Spread the love

    Spread the loveന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല്…

    ഭൂമിയോട് അടുത്ത് ആർട്ടെമിസ് 2 സംഘം; നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും

    Spread the love

    Spread the loveന്യൂയോർക്ക്: ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിന് ഒരുങ്ങി ആർട്ടെമിസ് 2 സംഘം. നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *