അമേരിക്കയിലെ നഴ്സിങ് വിദ്യാർഥികളെ വെട്ടിലാക്കി ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. നിർവചനം മാറ്റിയ ഗവൺമെന്റ്, നഴ്സിങ് ഒരു പ്രഫഷണൽ കോഴ്സായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കി. വായ്പാ സഹായപരിധിയും വെട്ടിക്കുറച്ചതാണ് വിദ്യാർഥികൾക്ക് ആഘാതമാകുക. പ്രഫഷണൽ കോഴ്സ് പഠിക്കുന്നവർക്ക് പ്രതിവർഷം പരമാവധി 50,000 ഡോളറും കോഴ്സ് കാലയളവിൽ ആകെ 2 ലക്ഷം ഡോളറും വായ്പാസഹായം ഫെഡറൽ ഗവൺമെന്റിൽനിന്ന് ലഭിക്കും.
പ്രഫഷണൽ ഡിഗ്രി അല്ലെങ്കിൽ പ്രതിവർഷ പരിധി പരമാവധി 20,500 ഡോളറും ആകെ പരിധി ഒരുലക്ഷം ഡോളറുമാണ്. ഫലത്തിൽ, നഴ്സിങ് പഠിക്കുന്നവർക്ക് 20,500 ഡോളറേ ഒരുവർഷം പരമാവധി കിട്ടൂ. 2026 ജൂലൈയിൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരും. നഴ്സിങ് പഠനത്തിന് പ്രതിവർഷം ശരാശരി 30,000 ഡോളർ വേണമെന്നിരിക്കേ, പുതിയനീക്കം തിരിച്ചടിയാകുമെന്ന് അമേരിക്കൻ നഴ്സസ് അസോസിയേഷൻ പ്രതികരിച്ചു.
നഴ്സിങ് കോഴ്സിന്റെ നിർവചനം മാറ്റിയ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2 ലക്ഷത്തോളം നഴ്സുമാരും രോഗികളും ഉൾപ്പെടെയുള്ളവർ ഒപ്പിട്ട നിവേദനം സർക്കാരിന് കൈമാറിയെന്നും അസോസിയേഷൻ വ്യക്തമാക്കി. അതേസമയം, തീരുമാനം പ്രാബല്യത്തിൽവരും മുൻപ് ഈ രംഗത്തുള്ളവർക്കും പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാമെന്നും മാറ്റങ്ങൾ പരിഗണിക്കുമെന്നും എജ്യുക്കേഷൻ വകുപ്പ് വ്യക്തമാക്കി. നഴ്സിങ് കോഴ്സ് പഠിക്കുന്നവരിൽ 95% പേരും നിലവിൽ 20,500 ഡോളറിൽ താഴെ സഹായമാണ് പ്രതിവർഷം കൈപ്പറ്റുന്നത്. അതുകൊണ്ട്, പുതിയ തീരുമാനം കാര്യമായ പ്രതിസന്ധി ഈ രംഗത്ത് സൃഷ്ടിക്കില്ലെന്നും എജ്യുക്കേഷൻ വകുപ്പ് അഭിപ്രായപ്പെട്ടു.
വായ്പാസഹായം കുറയുന്ന പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റികൾ കോഴ്സ് ഫീസ് വെട്ടിക്കുറച്ചേക്കുമെന്ന വിലയിരുത്തലുകളുണ്ട്. എന്നാൽ, ഫെഡറൽ ലോൺ കുറയുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ സ്വകാര്യ വായ്പകളെടുക്കാൻ നിർബന്ധിതരാകുമെന്നും ഇതു വലിയ തിരിച്ചടവ് ബാധ്യത വരുത്തിവയ്ക്കുമെന്നുമുള്ള വാദങ്ങളും ഉയർന്നു. എജ്യുക്കേഷൻ വകുപ്പിന്റെ പുതിയ നിർവചന പ്രകാരം ഫാർമസി, ഡെന്റിസ്ട്രി, വെറ്ററിനറി മെഡിസിൻ, മെഡിസിൻ, നിയമം, പീഡിയാട്രി, തിയോളജി, ഒപ്റ്റോമെട്രി എന്നിങ്ങനെ കോഴ്സുകളാണ് പ്രഫഷണൽ ഡിഗ്രിയുടെ ഗണത്തിൽപ്പെടുന്നത്.
ഇന്ത്യൻ നഴ്സുമാരെ എങ്ങനെ ബാധിക്കും?
യുഎസ് ഫെഡറൽ ഗവൺമെന്റിന്റെ വായ്പാസഹായം വിദേശ വിദ്യാർഥികൾക്ക് ബാധകമല്ല. യുഎസ് പൗരരായവർക്ക് മാത്രമുള്ള ആനുകൂല്യമാണിത്. അതുകൊണ്ട്, ഇന്ത്യക്കർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികളെ ട്രംപ് ഭരണകൂടത്തിന്റെ നീക്കം ബാധിക്കില്ല. അതേസമയം, നിലവിൽതന്നെ യുഎസ് നഴ്സുമാരുടെ വലിയ കുറവ് നേരിടുന്നുണ്ട്. 2030ഓടെ 2 ലക്ഷം നഴ്സുമാരുടെ കുറവ് യുഎസ് അഭിമുഖീകരിക്കുമെന്നാണ് വിലയിരുത്തലുകൾ.
ഈ സാഹചര്യത്തിൽ ഫെഡറൽ വായ്പാ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നത് നഴ്സുമാരുടെ ക്ഷാമം രൂക്ഷമാകാനിടയാക്കും. ഇത് ഫലത്തിൽ കൂടുതൽ നേട്ടമാവുക ഇന്ത്യൻ നഴ്സുമാർക്കായിരിക്കും. അമേരിക്കയിൽ വലിയ തൊഴിൽ സാധ്യതയാകും തുറക്കുന്നത്. മികച്ച തൊഴിൽ വൈദഗ്ധ്യം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തുടങ്ങിയവയിൽ മറ്റു ഏഷ്യൻ/ആഫ്രിക്കൻ രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യൻ നഴ്സുമാർ മുന്നിലാണെന്നതും നേട്ടമാകും. അമേരിക്കയിൽ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ നഴ്സുമാർക്ക് ഫലത്തിൽ ട്രംപ് ഭരണകൂടത്തിന്റെ നീക്കം നേട്ടമാകും.








