ശബരിമല: തിരക്ക് നിയന്ത്രിക്കാൻ ശബരിമലയിൽ സ്പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രമാക്കും. നിലവിൽ മുപ്പതിനായിരത്തിലധികംപേർ ഇങ്ങനെ എത്തുന്നതാണ് തിരക്ക് നിയന്ത്രണാതീതമാക്കിയത്. സ്പോട്ട് ബുക്കിങ്ങിന് കൂടുതൽപ്പേർ എത്തിയാൽ അവർക്ക് അടുത്തദിവസം ദർശനം നടത്താൻ സൗകര്യമൊരുക്കും.
നിലയ്ക്കലിൽ ഏഴ് ബുക്കിങ് കേന്ദ്രങ്ങൾകൂടി ഉടൻ പ്രവർത്തനം തുടങ്ങും. സന്നിധാനത്തെ തീർഥാടകർ ഒഴിയുന്നമുറയ്ക്ക്, നടപ്പന്തലിലേക്ക് കടത്തിവിടും. കുടിവെള്ളവും ലഘുഭക്ഷണവും ചുക്കുകാപ്പിയും ലഭ്യമാക്കും. ഇതിനായി ക്യൂ കോംപ്ലക്സിൽ 200 ജീവനക്കാരെ അധികമായി നിയോഗിച്ചു. ശൗചാലയ ശുചീകരണത്തിന് 200 ജീവനക്കാരെ അധികമായി എത്തിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.
ദർശനത്തിനെത്തിയത് 1,96,594 പേർ
മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ഇതുവരെ ദർശനത്തിനായി 1,96,594 പേർ. ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടതുറന്നശേഷ 53278 പേരെത്തി. തിങ്കളാഴ്ച 98,915 പേർ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെമാത്രം 44,401 പേർ ദർശനം നടത്തി.
വെർച്വൽ ക്യൂ വഴി 70,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 20,000 പേർക്കുമാണ് ദർശനം അനുവദിക്കുന്നത്.






