ക്ഷേത്രത്തിലെ മോഷണം: ‘സാമ്പാർ മണി’ 8 വർഷത്തിനു ശേഷം പിടിയിൽ

Spread the love

സാമ്പാറാണ് മണിയുടെ തുറുപ്പുചീട്ട്. ജയിലിലെ അടുക്കളയിൽ ആ കൈപ്പുണ്യം അറിഞ്ഞവരാരും മണിയെ ഒറ്റിയിട്ടില്ല. എന്നിട്ടും പൊലീസിന്റെ കണ്ണുകളിൽ 8 വർഷത്തിനു ശേഷം മണി പെട്ടു. കേരള, കർണാടക, തമിഴ്നാട് പൊലീസ് സേനകളുടെ പിടികിട്ടാപ്പുള്ളിയും കുപ്രസിദ്ധ മോഷ്ടാവുമായ സാമ്പാർ മണിയെന്ന ബിജീഷിനെ രാമപുരം പൊലീസ് കർണാടകയിലെ വിരാജ്പേട്ടയിൽ നിന്നാണ് കഴിഞ്ഞദിവസം പിടികൂടിയത്.

 

2017ൽ രാമപുരം ചിറയ്ക്കൽകാവ് ദേവീക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് തിരുവാഭരണത്തിലെ ഗോളകം മോഷണം നടത്തിയ കേസിലെ പ്രതിയാണ് വയനാട് സ്വദേശിയായ മണി.

 

വെടിയേറ്റിട്ടും മോഷണം

 

രാമപുരം പൊലീസിന് സംശയകരമായ വിരലടയാളം ക്ഷേത്രത്തിൽനിന്ന് കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ അതു മതിയാകുമായിരുന്നില്ല. വർഷങ്ങൾക്കു ശേഷം വിരലടയാളങ്ങൾ ഡിജിറ്റലായി ആർക്കൈവ് ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് ക്ഷേത്രമോഷണത്തിനു പിന്നിൽ മണിയാണെന്നു തിരിച്ചറിഞ്ഞത്. മണിയെത്തേടി എത്തിയ രാമപുരം ഇൻസ്പെക്ടർ കെ.അഭിലാഷ് കുമാർ, എസ്ഐ അനിൽകുമാർ, സിപിഒമാരായ വിനീത് ശ്യാം മോഹൻ എന്നിവർക്കു മുൻപിൽ തമിഴ്നാട് പൊലീസ് മറ്റൊരു കഥ പറഞ്ഞു. തങ്ങളുടെ വെടിയേറ്റിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട മണിയുടെ കഥ.

 

പ്ലാനിങ്ങിൽ മിടുക്കൻ

 

വിവിധ ഭാഷകൾ അനായാസേന സംസാരിക്കുന്ന മണി 3 ആഴ്ചയിൽ കൂടുതൽ തുടർച്ചയായി ഒരു സംസ്ഥാനത്തും തങ്ങാറില്ല. ഊട്ടിയിൽ വിദേശമദ്യഷോപ്പിൽ മോഷണം നടത്തുന്നതിനിടെ പൊലീസുമായി വെടിവയ്പുണ്ടായി. അന്ന് വെടിയേറ്റ് കാലിന്റെ സ്വാധീനശേഷി കുറഞ്ഞെങ്കിലും കാലിലെ മുറിവ് ഉണങ്ങിയപ്പോഴേക്കും ജാമ്യം കിട്ടി. അതോടെ മോഷണം തുടർന്നു. ഒരു സ്ഥലത്ത് എത്തിയാൽ അവിടെയുള്ള ക്ഷേത്രങ്ങളും പള്ളികളുമാണ് ലക്ഷ്യമിടുന്നത്. മോഷണമുതൽ ഇഷ്ടപ്പെട്ടാൽ ഏതു വിധേനയും എടുക്കും.

 

‌പുലർച്ചെ ഒന്നിനും 3നും ഇടയിലുള്ള സമയത്ത് മോഷണം നടത്തും. കുത്തിപ്പൊളിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ശ്രീകോവിലുകൾ പോലും ശബ്ദമില്ലാതെ തുറക്കുന്നത് വ്യക്തമായ പ്ലാനിങ്ങോടെയാണ്. നിയമവും വകുപ്പുകളും നന്നായി അറിയാവുന്ന ഇയാൾക്കെതിരെ വീടുകൾക്ക് പ്ലാൻ വരച്ച് നൽകി തട്ടിപ്പു നടത്തിയെന്ന കേസ് കർണാടകയിലുണ്ട്.

 

കർണാടകയിലെ‘സ്വാമി’

 

സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത മണിയെത്തേടി രാമപുരം പൊലീസ് നടത്തിയ തുടർച്ചയായ യാത്രകളും അതിലുണ്ടാക്കിയെടുത്ത പ്രാദേശിക ബന്ധങ്ങളുമാണ് വനാതിർത്തിയായ വിരാജ്പേട്ടയിൽ മണിയുണ്ടെന്നു തിരിച്ചറിയുന്നതിലേക്ക് എത്തിച്ചത്. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് നൽകിയ നിർദേശങ്ങളും നിർണായകമായി. 3 സംസ്ഥാനങ്ങളിലെ പൊലീസ് തനിക്കായി വലവിരിച്ചപ്പോഴും വനാതിർത്തി ഗ്രാമത്തിൽ ‘സ്വാമി’ എന്ന പേരിൽ ചെറിയ തോതിൽ പ്ലാൻ വരകളൊക്കെയായി താമസിക്കുകയായിരുന്നു മണി. 4 ദിവസം വേഷംമാറി നീക്കങ്ങൾ നിരീക്ഷിച്ചതിനു ശേഷമായിരുന്നു അറസ്റ്റ്.

  • Related Posts

    കട്ടിലിനടിയിൽ രാജവെമ്പാല, പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടു

    Spread the love

    Spread the loveകണ്ണൂർ∙ കട്ടിലിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയിൽനിന്ന് കുടുംബത്തെ രക്ഷിച്ചത് കുഴമ്പുകുപ്പി. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ.സി. കേളപ്പന്റെ വീട്ടിലാണ് ഇന്നലെ രാത്രി രാജവെമ്പാല കയറിയത്. രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത മുറിയിൽ കിടക്കാൻ പോയി. കാലുവേദനയുള്ളതിനാൽ കിടക്കുന്നതിന്…

    നിയമന കോഴ; ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ

    Spread the love

    Spread the loveസുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്ക്, സഹകരണ ബാങ്ക് നിയമന അഴിമതിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നിയമന കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.   എൻ.എം. വിജയന്റെ ഡയറിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *