ന്യൂഡൽഹി ∙ സൗത്ത് ഏഷ്യൻ സർവകലാശാലയിൽ ഒന്നാം വർഷ ബിടെക് വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിക്കു പിന്നാലെ പെൺകുട്ടികളുടെ ഹോസ്റ്റൽ വാർഡനെ ചുമതലയിൽ നിന്ന് നീക്കി, അസിസ്റ്റന്റിനെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് കിട്ടും വരെയാണു നടപടി. ഹോസ്റ്റൽ വാർഡന്റെ ചുമതലയുള്ള ഡോ.റിങ്കു ദേവി ഗുപ്തയെയും അസിസ്റ്റന്റ് അനുപമ അറോറയേയും സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു വിദ്യാർഥികൾ സമരത്തിലായിരുന്നു. ഇവരുടെ ഇടപെടൽ കാരണമാണ് പൊലീസിൽ പരാതി നൽകാൻ വൈകിയതെന്നാണു പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഉൾപ്പെടെ വിദ്യാർഥികൾ ആരോപിക്കുന്നത്.
അതേസമയം, അന്വേഷണത്തിനു നിയോഗിച്ച സമിതിയിൽ വിദ്യാർഥികളുടെ പ്രാതിനിധ്യമില്ലെന്നാണ് ആക്ഷേപം. വാർഡൻ സ്ഥാനത്തു നിന്നു നീക്കിയെങ്കിലും ഡോ. റിങ്കു ദേവി ലൈഫ് സയൻസ് ആൻഡ് ബയോ ടെക്നോളജി വിഭാഗത്തിൽ അധ്യാപികയായി തുടരും. സംഭവം നടന്ന ദിവസം പൊലീസിൽ പരാതി നൽകണമെന്നും പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും മറ്റു വിദ്യാർഥികൾ ആവശ്യപ്പെട്ടപ്പോൾ ‘ഒന്നു കുളിച്ചു വസ്ത്രം മാറ്റിയാൽ മതി, എല്ലാം ശരിയാകും’ എന്നാണ് അസിസ്റ്റന്റ് വാർഡൻ അനുപമ പറഞ്ഞത്.
പീഡനവിവരം പെൺകുട്ടിയുടെ വീട്ടിൽ അറിയിക്കാതെ, കുട്ടിയുടെ അമ്മയുടെ വാട്സാപ്പിലേക്ക് ‘പാനിക് അറ്റാക്ക് ഉണ്ടായി, സ്വയം മുറിവേൽപിക്കാൻ ശ്രമിച്ചു’ എന്ന് സന്ദേശം അയച്ചു. അമ്മ വിഡിയോ കോളിൽ വിളിച്ചപ്പോൾ നടന്ന സംഭവങ്ങളെക്കുറിച്ചു കൃത്യമായി വിശദീകരിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
പിടിവലിയിൽ പെൺകുട്ടിയുടെ വസ്ത്രങ്ങൾ കീറിയ കാര്യം പറഞ്ഞപ്പോൾ അതു കണ്ടാൽ ബ്ലേഡ് കൊണ്ടു തനിയെ കീറിയതാണെന്നേ തോന്നൂ എന്നായിരുന്നു അനുപമയുടെ പ്രതികരണം. സംഭവ സ്ഥലത്തേക്ക് പെൺകുട്ടി പോയത് പരിചയമുള്ള ആരുടെയെങ്കിലും കൂടെയായിരിക്കും, അല്ലാതെ പെൺകുട്ടികൾ തനിച്ച് ഇങ്ങനെ ഇറങ്ങിനടക്കില്ലെന്ന് അവർ കുറ്റപ്പെടുത്തിയെന്നും വിദ്യാർഥികൾ പറഞ്ഞു.
13നു വാർഡൻ റിങ്കു ദേവി സർവകലാശാല റജിസ്ട്രാർക്ക് അയച്ച ഇ മെയിൽ സന്ദേശത്തിലും പെൺകുട്ടിക്ക് പാനിക് അറ്റാക്ക് ഉണ്ടായി എന്നാണു വിശേഷിപ്പിച്ചത്. പരാതിയെത്തുടർന്ന് സർവകലാശാലയിലെ 70 സുരക്ഷാ ജീവനക്കാരെ ചോദ്യം ചെയ്തെന്നു പൊലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തും പരിസരത്തുമുള്ള സിസി ടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. പെൺകുട്ടിക്കു ഭീഷണി സന്ദേശം അയച്ച ഇ–മെയിൽ വിലാസത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.








