കണ്ണൂർ∙ ശ്രീകണ്ഠപുരം നിടിയേങ്ങയിൽ ഇടിമിന്നലേറ്റ് ചെങ്കൽപണയിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് സാരമായി പരുക്കേറ്റു. അസാം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി രാജേഷ് (25) എന്നിവരാണ് മരിച്ചത്. അസം സ്വദേശി ഗൗതമിനാണ് (40) പരുക്കേറ്റത്. ഇയാൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ഭക്ഷണശേഷം ജോലിചെയ്യാനായി നടന്നുപോകുമ്പോഴാണ് മിന്നലേറ്റത്. രണ്ട് പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. സ്ഥലത്തുണ്ടായിരുന്ന മറ്റു തൊഴിലാളികളാണ് ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഉച്ച മുതൽ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമായിരുന്നു.






