ഗാസ സിറ്റി ∙ ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇസ്രയേൽ മന്ത്രിസഭ കരാർ അംഗീകരിച്ചതിനെ തുടർന്നാണ് ആക്രമണം നിർത്തിവയ്ക്കാനും ബന്ദികളെ കൈമാറ്റത്തിനുമുള്ള ധാരണ നിലവിൽവന്നത്. ഇതോടെ, രണ്ടു വർഷം നീണ്ട യുദ്ധം അവസാനിക്കുമെന്നാണ് പ്രതീക്ഷ. കരാറനുസരിച്ച് ഇസ്രയേൽ സൈന്യം ഗാസയിൽനിന്നു പിന്മാറിത്തുടങ്ങിയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇതോടെ ഗാസയുടെ തെക്കൻ മേഖലയിൽനിന്ന് പതിനായിരക്കണക്കിനു പലസ്തീനികൾ ഗാസ സിറ്റിയിലേക്കു നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ബന്ദികളെ കൈമാറാൻ ഹമാസിനുള്ള 72 മണിക്കൂർ സമയപരിധി തുടങ്ങിയിട്ടുണ്ട്. അതേസമയം, ഇന്നു രാവിലെയും ഗാസയിലെ ചില മേഖലകളിൽ ഇസ്രയേലിന്റെ ഷെല്ലാക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. ഈജിപ്തിൽ നടന്ന ചർച്ചയിലാണ് ഇസ്രയേലും ഹമാസും സമാധാനക്കരാറിലെത്തിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ധാരണ പ്രഖ്യാപിച്ചത്.
കരാർപ്രകാരം ഗാസയിൽ ശേഷിക്കുന്ന 48 ഇസ്രയേൽ ബന്ദികളിൽ ജീവനോടെയുള്ള 20 പേരെയും ഹമാസ് കൈമാറും. 28 ബന്ദികളുടെ മൃതദേഹങ്ങൾ വിവിധയിടങ്ങളിൽനിന്നും കണ്ടെടുക്കുന്ന മുറയ്ക്കാണു കൈമാറുക. ബന്ദികളെ വിട്ടയയ്ക്കുന്നതോടെ ഇസ്രയേലിലുള്ള രണ്ടായിരത്തോളം പലസ്തീൻ തടവുകാരെയും മോചിപ്പിക്കും. 2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 1139 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദിയാക്കുകയും ചെയ്തതോടെയാണ് സംഘർഷം തുടങ്ങിയത്. തുടർന്ന് 2 വർഷമായി തുടരുന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 67,194 പലസ്തീൻകാർ കൊല്ലപ്പെട്ടു.








