സോഹോയില്‍ സെക്യൂരിറ്റി ഗാര്‍ഡായി തൊഴില്‍ജീവിതം ആരംഭിച്ച യുവാവ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായതിന്റെ പ്രചോദനാത്മകമായ കഥ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ച പോസ്റ്റിലാണ് അബ്ദുള്‍ അലിം എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ തന്റെ കരിയറിലെ വഴിത്തിരിവിനെക്കുറിച്ച് തുറന്നെഴുതിയത്.
സോഹോയില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡായിട്ടാണ് താന്‍ യാത്ര ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. പിന്നീട് കോളേജ് ബിരുദമില്ലാതെത്തന്നെ സോഹോയില്‍ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് എന്‍ജിനീയറായി.
2013-ല്‍ വെറും 1000 രൂപയുമായാണ് താന്‍ വീടുവിട്ടിറങ്ങിയതെന്ന് അലിം പറയുന്നു. അതില്‍ 800 രൂപയും ട്രെയിന്‍ ടിക്കറ്റിനായി ചെലവഴിച്ചു. അക്കാലത്ത് അലിമിന് ജോലിയോ താമസിക്കാന്‍ ഒരിടമോ ഉണ്ടായിരുന്നില്ല, ഏകദേശം രണ്ട് മാസത്തോളം അദ്ദേഹം തെരുവുകളിലാണ് കഴിഞ്ഞത്. അങ്ങനെയിരിക്കെ സോഹോ ഓഫീസില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ലഭിച്ചു. ഒരു ദിവസം 12 മണിക്കൂറായിരുന്നു ജോലി. ഒരു ദിവസം സോഹോയിലെ ഒരു സീനിയര്‍ ജീവനക്കാരന്‍ അലിമിനെ കാണുകയും സംസാരിക്കുകയും ചെയ്തു. അദ്ദേഹം തന്റെ വിദ്യാഭ്യാസത്തെ കുറിച്ചും കമ്പ്യൂട്ടര്‍ പരിജ്ഞാനത്തെ കുറിച്ചും ചോദിച്ചു.
‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ അല്പം HTML പഠിച്ചിരുന്നു. കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അങ്ങനെയാണ് എന്റെ പഠനം ആരംഭിച്ചത്’, അബ്ദുള്‍ അലിം തന്റെ പോസ്റ്റില്‍ പറയുന്നു.
‘എല്ലാ ദിവസവും 12 മണിക്കൂര്‍ സെക്യൂരിറ്റി ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ ആ സീനിയര്‍ ഉദ്യോഗസ്ഥന്റെ അടുത്തേക്ക് പോയി കാര്യങ്ങള്‍ പഠിക്കാന്‍ തുടങ്ങി. ഏകദേശം എട്ട് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു ചെറിയ ആപ്പ് ഉണ്ടാക്കി. ഉപയോക്താവില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിച്ച് ദൃശ്യവല്‍ക്കരിക്കുന്ന ഒരു ആപ്പായിരുന്നു അത്. ആ സീനിയര്‍ ജീവനക്കാരന്‍ ആപ്പ് അദ്ദേഹത്തിന്റെ മാനേജരെ കാണിച്ചു. അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു,’ അലിം കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ഒരു കോളേജിലും പോകാത്തതുകൊണ്ടും പത്താം ക്ലാസ് വരെ മാത്രം പഠിച്ചതുകൊണ്ടും എന്നെ ആരും ഇന്റര്‍വ്യൂ ചെയ്യില്ലെന്നാണ് കരുതിയിരുന്നത്. അങ്ങനെ ആ ദിവസം വന്നു, ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. സോഹോയില്‍ കോളേജ് ബിരുദത്തിന്റെ ആവശ്യമില്ല, അവിടെ നിങ്ങളും നിങ്ങളുടെ കഴിവുകളും മാത്രമാണ് പ്രധാനം- അലിം പറഞ്ഞു.
എട്ട് വര്‍ഷമായി സോഹോ കോര്‍പ്പറേഷനില്‍ ജോലിചെയ്യുകയാണ് അലിം. തനിക്ക് എല്ലാ അറിവുകളും പാഠങ്ങളും പകര്‍ന്നു തന്ന ഷിബു അലക്‌സിസിനും (സീനിയര്‍ ഉദ്യോഗസ്ഥന്‍), തന്റെ കഴിവ് തെളിയിക്കാന്‍ അവസരം നല്‍കിയ സോഹോ കോര്‍പ്പറേഷനും കുറിപ്പില്‍ അലിം നന്ദി പറയുന്നുണ്ട്. പഠിച്ചു തുടങ്ങാന്‍ ഒരുപാട് വൈകിയിട്ടില്ലെന്നാണ് പറയാനുള്ളത് എന്ന് കുറിച്ചുകൊണ്ടാണ് അലിം കുറിപ്പ് അവസാനിപ്പക്കുന്നത്.
അലിമിന്റെ പ്രചോദനാത്മകമായ കുറിപ്പിന് നിരവധിപ്പേരാണ് പ്രതികരണങ്ങളുമായി സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്. ഈ പോസ്റ്റ് പ്രതീക്ഷ നല്‍കിയെന്നായിരുന്നു ചിലരുടെ കമന്റ്.
‘ഒരു ഇടത്തരം കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയെന്ന നിലയില്‍, നിങ്ങളുടെ കഥ എനിക്ക് പ്രചോദനം നല്‍കുക മാത്രമല്ല, പ്രതീക്ഷയും നല്‍കി. എവിടെ നിന്ന് തുടങ്ങുന്നു എന്നതിലല്ല, വളരാന്‍ എത്രത്തോളം അതിയായി ആഗ്രഹിക്കുന്നു എന്നതിലാണ് കാര്യമെന്ന് നിങ്ങള്‍ തെളിയിച്ചു. 12 മണിക്കൂര്‍ ഷിഫ്റ്റിന് ശേഷം, മിക്ക ആളുകളും ഉറങ്ങുമ്പോള്‍ നിങ്ങള്‍ ആ സമയം പഠിക്കാനാണ് തിരഞ്ഞെടുത്തത്. ആ മനോഭാവം മഹത്തരമാണ്,’ എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.








