ന്യൂഡൽഹി ∙ സ്വയം പ്രഖ്യാപിത ആൾദൈവം ചൈതന്യാനന്ദ സരസ്വതിയ്ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, യുവതികളോട് ഹോട്ടൽ മുറിയിലേക്ക് എത്താൻ അദ്ദേഹത്തിന്റെ സഹായിയായ ശ്വേത ശർമ്മ നിർബന്ധിക്കുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ. ആർത്തവമായതിനാൽ ചൈതന്യാനന്ദയെ കാണാൻ കഴിയില്ലെന്ന് ഒരു യുവതി പറയുന്നതായി പുറത്തുവന്ന ഓഡിയോയിൽ കേൾക്കാം. എന്നാൽ ഒഴിവുകഴിവുകൾ പറയരുതെന്നാണ് അവരോട് ചൈതന്യാനന്ദയുടെ സഹായിയുടെ മറുപടി.
ഡൽഹിയിലെ വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് റിസർച്ചിന്റെ തലവനായ അറുപത്തിരണ്ടുകാരനായ ചൈതന്യാനന്ദ, ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന ആരോപണം പുറത്തുവന്നതിനെത്തുടർന്ന് കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ അസോഷ്യേറ്റ് ഡീൻ ശ്വേത ശർമ്മ ഉൾപ്പെടെ അദ്ദേഹത്തിന്റെ മൂന്ന് വനിതാ സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൈതന്യാനന്ദയ്ക്ക് വഴങ്ങിയില്ലെങ്കിൽ അക്കാദമിക് രേഖകളും ബിരുദവും തടഞ്ഞുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതികൾ ആരോപിച്ചിട്ടുണ്ട്.
പുറത്തുവന്ന ഓഡിയോ സംഭാഷണം
ശ്വേത: നാളെ, നിങ്ങൾ രണ്ടുപേരും ഓഫിസിൽ നിന്ന് പോകുമ്പോൾ, ഞാൻ നിങ്ങൾക്ക് ഹോട്ടലിന്റെ പേര് അയയ്ക്കും. നിങ്ങൾ അവിടെ പോകണം. സ്വാമിജി വന്നിട്ടുണ്ട്. നിങ്ങൾ അത്താഴത്തിന് അദ്ദേഹത്തെ കാണണം. അദ്ദേഹം നിങ്ങൾക്കായി ഒരു മുറി ബുക്ക് ചെയ്തിട്ടുണ്ട്. നിങ്ങൾ രാത്രി അവിടെ താമസിക്കണം.
യുവതി : ശരി, മാഡം
ശ്വേത: അപ്പോൾ, നിങ്ങൾ നാളെ നിങ്ങളുടെ വസ്ത്രങ്ങൾ കൂടി എടുക്കണം.
മറ്റൊരു സംഭാഷണത്തിൽ നിന്ന്
ശ്വേത: ഇതൊരു ഒഴികഴിവാണ്
യുവതി: ഇല്ല, മാഡം, ഒഴികഴിവല്ല. എനിക്ക് ശരിക്കും ആർത്തവമാണ്.
ശ്വേത: ഇതൊരു ഒഴികഴിവാണ്. സ്വാമിജി നിങ്ങളെ ശകാരിക്കുകയും നിങ്ങളുടെ മാർക്ക് കുറയ്ക്കുകയും ചെയ്യുമെന്ന് നിങ്ങൾ ഭയപ്പെടുന്നതിനാലാണ് നിങ്ങൾ മീറ്റിങ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നത്.
യുവതി: മാഡം, എനിക്ക് യഥാർഥത്തിൽ ആർത്തവമുണ്ട്. എന്തിനാണ് കള്ളം പറയുന്നത് ? എനിക്ക് എന്തുചെയ്യാൻ കഴിയും ? എന്റെ പാഡിന്റെ ഒരു ഫോട്ടോ ഞാൻ അയയ്ക്കാം. എനിക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക ?







