കോഴിക്കോട് പയ്യാനക്കലിൽ 10 വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതി കാസർകോട് സ്വദേശി സിനാൻ അലി യൂസഫിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മോഷ്ടിച്ച കാറുമായി എത്തിയാണ് പ്രതി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ജനത്തിരക്കേറിയ പയ്യാനക്കൽ അങ്ങാടിയിൽ ആണ് മദ്രസയിലേക്ക് പോവുകയായിരുന്ന 10 വയസ്സുകാരനെ നിർബന്ധിച്ചു കാറിൽ കയറ്റാൻ ശ്രമിച്ചത്. തൊട്ടു പിന്നാലെ എത്തിയ ഓട്ടോക്കാരൻ കാര്യമന്വേഷിച്ചപ്പോൾ ലഭിച്ചത് പരസ്പര വിരുദ്ധമായ മറുപടികൾ. ഇതോടെ പ്രതിയെ തടഞ്ഞു, ആളുകൂടി, ബഹളമായി.
കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞപ്പോൾ കയ്യിലുള്ള കാറും മോഷ്ടിച്ചത് ആണെന്ന് വെളിപ്പെടുത്തി. സ്ഥലത്തെത്തിയ പന്നിയങ്കര പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടിവരും. തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കുട്ടിയിൽ നിന്നും രക്ഷിതാവിൽ നിന്നും മൊഴി രേഖപ്പെടുത്തി.







