ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി സഹപ്രവർത്തകയായ കമ്പ്യൂട്ടർ ഓപ്പറേറ്ററെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ സുപ്രീംകോടതി റദ്ദാക്കി. പരാതി നൽകിയത് പ്രതിയോടുള്ള പ്രതികാര നടപടിയായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതി എഫ്‌ഐആർ റദ്ദാക്കിയത്.
സുഹാഗി മുനിസിപ്പൽ കോർപ്പറേഷനിൽ അസിസ്റ്റന്റ് റെവന്യൂ ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്ന സുരേന്ദ്ര ഖാവ്സെയാണ് കേസിലെ പ്രതി. യുവതിക്കെതിരെ അധികൃതർക്ക് സുരേന്ദ്ര ഖാവ്സെ പരാതി നൽകിയതിനെ തുടർന്നാണ് മുൻവിവാഹത്തിൽ ഒരു മകനുള്ള ഇവർ നിയമനടപടി ആരംഭിച്ചതെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
മേലധികാരികളിൽനിന്ന് കാരണം കാണിക്കൽ നോട്ടീസ് കിട്ടിയതിനു ശേഷമാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചതെന്ന് കോടതി കണ്ടെത്തി. എഫ്ഐആറും കുറ്റപത്രവും റദ്ദാക്കാൻ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 528 പ്രകാരമുള്ള അധികാരം ഉപയോഗിക്കാൻ വിസമ്മതിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ 2025 ജനുവരി 27-ലെ വിധിയെ ചോദ്യം ചെയ്താണ് സുരേന്ദ്ര ഖാവ്സെ സുപ്രീംകോടതിയെ സമീപിച്ചത്.
ജോലിസ്ഥലത്തുവെച്ച് ഇരുവരും തമ്മിലുള്ള സൗഹൃദം ശാരീരിക ബന്ധത്തിലേക്ക് വളർന്നു. താൻ വിവാഹിതയാണെന്നും ഒരു മകനുണ്ടെന്നും വ്യക്തമാക്കിയതായി യുവതി അവകാശപ്പെട്ടു. ഇയാൾ വിവാഹവാഗ്ദാനം നൽകിയതായി യുവതി പരാതിയിൽ പറഞ്ഞിരുന്നു. 2023 മാർച്ച് 15-ന് ഓഫീസ് സമയത്തിന് ശേഷം പ്രതി പരാതിക്കാരിയെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നായിരുന്നു കേസ്. അവർ എതിർക്കുകയും വിസമ്മതിക്കുകയും ചെയ്തപ്പോൾ പ്രതി വിവാഹം ചെയ്യാമെന്ന ഉറപ്പ് നൽകി
2023 ഏപ്രിൽ 10 വരെ ഈ ബന്ധം തുടർന്നെന്ന് യുവതി പറഞ്ഞു. ദിവസങ്ങൾക്ക് ശേഷം, എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് ചോദിച്ചപ്പോൾ, പ്രതി വിസമ്മതിക്കുകയും മറ്റൊരാളെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. ഇത് വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി കേസ് നൽകുകയായിരുന്നു.
2023 ഏപ്രിൽ 24-ന് പരാതിക്കാരി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് തന്നെ ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ഇയാൾ പോലീസിൽ പരാതി നൽകി. അവർ തന്റെ വസതിയിലെത്തി അസഭ്യം പറയുകയും എലിവിഷം കഴിക്കുകയും ചെയ്തതായും ഇയാൾ ആരോപിച്ചു.
ഇയാൾ മുനിസിപ്പൽ അധികാരികൾക്കും പരാതി നൽകി. അവർ യുവതിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സ്വഭാവം നന്നാക്കണമെന്നും അല്ലെങ്കിൽ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നൽകി. ഇതിന് ശേഷം 2023 ഒക്ടോബർ 13-നാണ് യുവതി പോലീസിൽ പരാതിയുമായി എത്തുന്നത്. പ്രതിയയും പരാതിക്കാരിയും കഴിഞ്ഞ അഞ്ച് വർഷമായി സഹപ്രവർത്തകരാണെന്നും ഈ കാലയളവിലാണ് അവരുടെ ബന്ധം മുന്നോട്ട് പോയതെന്നും കോടതി നിരീക്ഷിച്ചു.
‘ഈ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനും വളരെ മുൻപ് തന്നെ പ്രതി പരാതിക്കാരിക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ ആരംഭിച്ചിരുന്നതായി ഞങ്ങൾ കാണുന്നു.’ ബെഞ്ച് പറഞ്ഞു. പരാതിക്കാരിയുമായി നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് ആരോപിക്കുന്ന സംഭവത്തിന് നാല് മാസത്തിന് ശേഷമാണ് എഫ്ഐആർ നൽകിയതെന്നും കോടതി ചൂണ്ടിക്കാട്ടി..








