മനാമ: മയക്കുമരുന്ന് കടത്തിയ കേസിൽ പ്രവാസിയായ ഇന്ത്യൻ യുവാവിനെ തടവ് ശിക്ഷയ്ക്ക് വിധിച്ച് ബഹ്‌റൈൻ കോടതി. 15 വർഷം തടവും 5000 ദിനാർ പിഴയും ശിക്ഷ വിധിച്ചത്. 26 കാരനായ പ്രതിയെ ശിക്ഷ കാലാവധിക്ക് ശേഷം നാട് കടത്താനും കോടതി ഉത്തരവിട്ടു.
ഒരു മൊബൈൽ ഷോപ്പിൽ ജീവനക്കാരനായി ജോലി ചെയ്തു വരുകയായിരുന്നു പ്രതി. അടുത്തിടെ ഇയാളുടെ ജോലി നഷ്ടമായി. പിന്നീട് ഇയാൾ ഒരു വ്യക്തിയെ പരിചയപ്പെടുകയും ഇയാൾ വഴി ലഹരിമരുന്ന് കച്ചവടം ആരംഭിക്കുകയും ചെയ്യുക ആയിരുന്നു. ലഹരി മരുന്നുകൾ ചെറിയ അളവുകളാക്കി വിതരണം ചെയ്യുകയാണ് യുവാവ് ചെയ്തത്. ഇതിന് 10 ദിനാർ വെച്ച് ഇയാൾക്ക് നൽകിയിരുന്നു.
കാനഡയിൽ നിന്നെത്തിച്ച മൃഗങ്ങളുടെ ഭക്ഷണത്തിനുള്ളിലാണ് ലഹരി മരുന്ന് ഒളിപ്പിച്ചു കടത്തിയിരുന്നത്. പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥൻ ഈ പാക്കറ്റ് പൊട്ടിച്ചു നോക്കി. 2.585 കിലോഗ്രാം ഹാഷിഷ് ആയിരുന്നു പാക്കറ്റിൽ ഉണ്ടായിരുന്നത്. പിന്നീട് ഈ പാഴ്സൽ കൈപ്പറ്റാൻ എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്.
മയക്കുമരുന്ന് വിൽപനക്കായി പ്രതി വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.








