ന്യൂഡൽഹി∙ മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുഎസ് പൗരയായ ഇന്ത്യൻ വംശജ രൂപീന്ദർ കൗർ പന്ധേറിനെ (71) കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ബ്രിട്ടനിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരൻ ചരൺജിത്ത് സിങ് ഗ്രേവാൾ (75) അറസ്റ്റിലായി. കൊലപാതകി സുഖ്ജീത് സിങ്ങും പിടിയിലായി. സ്വത്ത് തട്ടിയെടുക്കാനാണ് ചരൺജിത് കൊലപാതകം ആസൂത്രണം ചെയ്തത്. പന്ധേറിന്റെ കത്തിച്ച മൃതദേഹ ഭാഗങ്ങൾ ഓടയിൽ നിന്നു പൊലീസ് കണ്ടെടുത്തു. 50 ലക്ഷവും വിദേശത്ത് ജോലിയുമാണ് സുഖജീത് സിങ്ങിനു വാഗ്ദാനം നൽകിയത്.
സൈറ്റുവഴി പരിചയപ്പെട്ട ഇരുവരും പരസ്പരം അടുത്തു. പന്ധേറിന്റെ സ്വത്ത് തർക്കങ്ങൾ പരിഹരിക്കാമെന്ന് ഗ്രേവാൾ വാഗ്ദാനം ചെയ്തു. ലുധിയാനയിൽ താമസിക്കുന്ന സുഖ്ജീത് സിങ്ങിനെ പരിചയപ്പെടുത്തി. പ്രാദേശിക കോടതിയിൽ ടൈപ്പിസ്റ്റായിരുന്നു സുഖ്ജീത്. മുൻപ് രണ്ട് വിവാഹം കഴിച്ചിരുന്ന പന്ധേറിനോട് ഗ്രേവാൾ പിന്നീട് വിവാഹാഭ്യർഥന നടത്തി. അവരോട് വലിയ തുകകൾ കൈമാറാൻ ആവശ്യപ്പെട്ടു. ജൂലൈയിൽ സ്വന്തം സ്ഥലമായ ലുധിയാനയിലേക്ക് വരാൻ പന്ധേറിനോട് ആവശ്യപ്പെട്ടു. നിയമപരമായ കാര്യങ്ങളിൽ സഹായിച്ചിരുന്ന സുഖ്ജീത് സിങ്ങിന്റെ വീട്ടിൽ താമസിപ്പിച്ചു.
പന്ധേറിന്റെ പണം കൈവശപ്പെടുത്താനായിരുന്നു ഗ്രേവാളിന് താൽപര്യം. വിവാഹം കഴിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. പന്ധേറിനെ കൊലപ്പെടുത്തിയാൽ 50 ലക്ഷം രൂപയും വിദേശത്ത് ഒരു പുതിയ ജീവിതവും സുഖ്ജീത് സിങ്ങിനു വാഗ്ദാനം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. സുഖ്ജീത് സിങ് തന്റെ വീട്ടിൽ വച്ച് പന്ധേറിനെ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. മൃതദേഹം കത്തിച്ച് ഓടയിൽ തള്ളി. പന്ധേറിന്റെ ഫോണും നശിപ്പിച്ചു.
പന്ധേറിന്റെ സഹോദരി അവരെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. സംശയംതോന്നിയ സഹോദരി ഇന്ത്യയിലെ യുഎസ് എംബസിയിൽ വിവരമറിയിച്ചു. എംബസി പൊലീസിനെ ബന്ധപ്പെട്ടു. സുഖ്ജീത് സിങ്ങിന്റെ വീട്ടിലാണ് പന്ധേർ താമസിച്ചിരുന്നതെന്ന് പൊലീസിനു മനസ്സിലാക്കി. ചോദ്യം ചെയ്യലിൽ സിങ് കുറ്റം സമ്മതിച്ചു. പന്ധേറിനെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കാൻ വീട് പെയിന്റ് ചെയ്തതായും സമ്മതിച്ചു. ഓടയിൽനിന്ന് മൃതദേഹം പിന്നീട് കണ്ടെടുത്തു.








