ഗുവാഹത്തി∙ കൈക്കൂലിയായി ലഭിച്ച രണ്ട് കോടി രൂപയുടെ സ്വർണ്ണവും നോട്ടുകളും പിടിച്ചെടുത്തതോടെ അസമിലെ വിവാദനായികയായി മാറിയിരിക്കുകയാണ് വനിതാ സിവിൽ സർവീസ് ഓഫിസറായ നൂപുർ ബോറ. ഭൂമി ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ച് വിജലൻസ് സെൽ നടത്തിയ റെയ്ഡിലാണ് നൂപുർ ബോറ അറസ്റ്റിലായത്. പിന്നാലെ കൈക്കൂലിയായി ലഭിച്ച തുകയും പൊലീസ് കണ്ടെടുത്തു. അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി നൂപുർ നിരീക്ഷണത്തിലായിരുന്നുവെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറയുന്നത്.
മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെൽ നടത്തിയ റെയ്ഡിൽ, നൂപുറിന്റെ ഗുവാഹത്തിയിലെ വസതിയിൽ നിന്നാണ് അഴിമതി പണം കണ്ടെടുത്തത്. ബാർപേട്ടയിലെ മറ്റൊരു വാടക വീട്ടിൽ നിന്ന് 10 ലക്ഷം രൂപയും പിടിച്ചെടുത്തു. 2019ലാണ് നൂപുർ അസം സിവിൽ സർവീസിൽ ഓഫിസറായി ചേർന്നത്. തുടർന്ന് കാംരൂപ് ജില്ലയിലെ ഗൊറോയ്മാരിയിൽ റവന്യു സർക്കിൾ ഓഫിസറായി അവരെ നിയമിച്ചു. 2023 ജൂണിൽ ബാർപേട്ടയിൽ സർക്കിൾ ഓഫിസറായി നിയമിതയായി. ഇതിനിടെയാണ് നൂപുറിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നത്.
6 വർഷത്തെ സർക്കാർ സർവീസ് മാത്രമുള്ള നൂപുർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ബാർപേട്ടയിൽ റവന്യു സർക്കിൾ ഓഫിസറായിരിക്കെ ഇവരുടെ ബിനാമിയായ ലാത് മണ്ഡലിന്റെ പേരിൽ നൂപുർ അനധികൃതമായ ഭൂമി വാങ്ങിയെന്നും വിജിലൻസ് കണ്ടെത്തി. അഴിമതി പണം ഉപയോഗിച്ചാണ് ഭൂമി വാങ്ങിയതെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഗുവാഹത്തിയിലെ പബുകളിൽ സ്ഥിരം സന്ദർശകയായിരുന്നു നൂപുർ ബോറ. പബുകളിൽ വാരിക്കോരി പണം ചെലവഴിച്ചിരുന്ന നൂപുറിന്റെ ഈ ഇടപാടുകളും വിജിലൻസ് പരിശോധിച്ചിരുന്നു. പബുകളിൽ നൂപുർ നൃത്തം ചെയ്യുന്നതിന്റെ വിഡിയോയും അതിനിടെ പുറത്തുവന്നിട്ടുണ്ട്.







