ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 17 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി യുവാവ്. മഹാരാഷ്ട്രയിലെ ഭിവാനി നഗരത്തിലാണു സംഭവം. മുസ്കാൻ മുഹമ്മദ് താഹ അൻസാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ് താഹയെ പൊലീസ് പിടികൂടി. യുവതിയുടെ ച്ഛേദിച്ച തല ഓഗസ്റ്റ് 30ന് അറവുശാല സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു സമീപത്തുനിന്ന് കണ്ടെത്തി. മറ്റു ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്. പരിശോധനയ്ക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. കൊലപാതകത്തിനു ശേഷം ഭാര്യയുടെ മൃതദേഹം 17 കഷണങ്ങളാക്കി വെട്ടിനുറുക്കിയെന്നും ശരീരഭാഗങ്ങൾ നഗരത്തിലുടനീളം ഉപേക്ഷിച്ചതായും താഹ പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ പ്രതി തുടർച്ചയായി മൊഴി മാറ്റിപ്പറയുന്നതിനാൽ കൊലപാതകത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല.
യുവതിയുടെ മാതാവ് ഹനീഫ ഖാൻ മകളെ കാണാനില്ലെന്നു കാട്ടി പൊലീസിൽ പരാതി നൽകിയതോടെയാണു സംഭവം വെളിച്ചത്തുവന്നത്. മകളുടെ ഫോൺ രണ്ടുദിവസമായി സ്വിച്ച് ഓഫ് ആണെന്നും മരുമകനെ വിളിച്ചിട്ട് മറുപടി ലഭിച്ചില്ലെന്നും ഹനീഫ ഖാൻ പറഞ്ഞതായി ഭോയിവാഡാ പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ അശോക് രത്തൻപാർഖി പറഞ്ഞു. തുടർന്നു വേർപെടുത്തിയ നിലയിൽ കണ്ടെത്തിയ യുവതിയുടെ തലയുടെ ചിത്രം ഹനീഫയെ കാണിച്ചതോടെ ഇവർ മകളെ തിരിച്ചറിയുകയായിരുന്നു. കൊലപാതകത്തിന്റെ ലക്ഷ്യവും കൊല നടന്ന സ്ഥലവും കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിനായും പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. അന്വേഷണത്തിനായി രണ്ട് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചിട്ടുണ്ട്.







