തിരുവനന്തപുരം ∙ രാജ്യത്തെ ഏറ്റവും വലിയ സൈബർ സാമ്പത്തിക തട്ടിപ്പ് തിരുവനന്തപുരത്ത്. നഗരത്തിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമയുടെ 25 കോടി രൂപയാണ് ഓൺലൈൻ ഇടപാടുവഴി തട്ടിയെടുത്തത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു.
വ്യാജ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച് 4 മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. 2 കോടി നിക്ഷേപിച്ചപ്പോൾ 4 കോടി വരെ ലാഭം കാണിച്ചപ്പോഴാണു ബാക്കി തുക കൂടി നിക്ഷേപിച്ചത്.
എന്നാൽ നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് വ്യാജ ആപ്പാണെന്നു മനസ്സിലാകുന്നതെന്ന് പൊലീസ് പറയുന്നു. തുടർന്നു പരാതി നൽകി. രാജ്യത്ത് തന്നെ ഒരു വ്യക്തിയിൽനിന്ന് ഏറ്റവും കൂടുതൽ തുക നഷ്ടമായ തട്ടിപ്പ് ഇതാണെന്ന് സൈബർ ഓപ്പറേഷൻസ് വിഭാഗം വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് 2024ൽ 41,431 കേസുകളിലായി സൈബർ തട്ടിപ്പുകളിലൂടെ നഷ്ടമായത് 764 കോടി രൂപയാണ്.2025 ജൂലൈ വരെ 23,891 കേസുകൾ റിപ്പോർട്ട് ചെയ്തു. 413 കോടി രൂപയാണ് നഷ്ടമായത്. 2024 ലും 2025ലും ഏറ്റവും കൂടുതൽ തുക നഷ്ടമായത് വ്യാജ ട്രേഡിങ് ആപ്പുകൾ വഴിയാണ്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ സെബിയോടും കേന്ദ്ര ധനകാര്യമന്ത്രിയോടും ഇക്കാര്യത്തിൽ മറുവഴി തേടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ട്രേഡിങ് ആപ്പുകളുടെ പരസ്യം വ്യാപകമായി എത്തുന്നത്.







