
ബോളിവുഡിലെ ബോൾഡ് നായികമാരിലൊരാളാണ് രാധിക ആപ്തെ. സിനിമ ഇൻഡസ്ട്രിയിൽ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളെക്കുറിച്ച് പലപ്പോഴും രാധിക തുറന്നു പറയാറുമുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് രാധിക തനിക്ക് കുഞ്ഞുണ്ടായ വിവരം പങ്കുവച്ചത്. ഇപ്പോഴിതാ ഗർഭിണിയാണെന്ന് അറിയിച്ചതോടെ ബോളിവുഡിൽ നേരിട്ട വിവേചനത്തെ കുറിച്ച് തുറന്നു പറഞ്ഞ് രാധിക ആപ്തെ.
നേഹ ദുപിയയുടെ ‘ഫ്രീഡം ടു ഫ്രീഡം’ ക്യാംപെയിനിലായിരുന്നു രാധിക ആപ്തെയുടെ വെളിപ്പെടുത്തല്‍. ഗർഭിണിയായിരിക്കുമ്പോൾ ആദ്യത്തെ മൂന്നു മാസം ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ലഭിച്ച പിന്തുണയിലെ വ്യത്യാസത്തെ കുറിച്ചാണ് രാധിക പറഞ്ഞത്. ഇന്ത്യയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഗർഭിണിയാണെന്ന് രാധിക അറിയിച്ചത്.
ഇത് ആ ചിത്രത്തിന്റെ നിർമാതാവിന് ഇഷ്ടമായില്ലെന്നും രാധിക വെളിപ്പെടുത്തി. ‘നിർമാതാവ് അസന്തുഷ്ടനായിരുന്നു. ആദ്യ നാളുകളിലെ ക്ഷീണം കാരണം ഞാൻ വീർപ്പുട്ടി. എനിക്ക് വേദന അനുഭവപ്പെട്ടു. എപ്പോഴും വിശപ്പും ഉണ്ടായിരുന്നു. എന്നാൽ ആ സമയത്തും ഇറുകിയ വസ്ത്രം ധരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
സെറ്റിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴും ഡോക്ടറെ കാണാൻ അനുവദിച്ചില്ല.’– രാധിക പറഞ്ഞു. അതേസമയം ഒരു ഹോളിവുഡ് നിർമാതാവ് വളരെ അനുകമ്പയോടെയാണ് പെരുമാറിയതെന്നും രാധിക വെളിപ്പെടുത്തി. ‘ഞാൻ വളരെയധികം ഭക്ഷണം കഴിക്കുന്നുണ്ട്. മിക്കവാറും ഷൂട്ടിങ് കഴിയുമ്പോൾ മറ്റൊരു വ്യക്തിയാകുമെന്ന് അദ്ദേഹത്തോട് പറഞ്ഞു.
അതു വേണം. കാരണം നിങ്ങൾ ഗർഭിണിയാണെന്നാണ് പുഞ്ചിരിയോടെ അദ്ദേഹം എന്നോടു പറഞ്ഞത്. ആ മറുപടിയിൽ തന്നെ നമുക്ക് വ്യത്യാസം മനസ്സിലാക്കാം.’– രാധിക കൂട്ടിച്ചേർത്തു. ഇത്തരം സന്ദർഭങ്ങളിൽ തൊഴിലിടങ്ങളിൽ നിന്ന് അൽപം അനുകമ്പ സ്ത്രീകൾ അർഹിക്കുന്നുണ്ടെന്നും രാധിക പറഞ്ഞു. ‘എന്റെ ജോലിയോടും ഉത്തരവാദിത്വങ്ങളോടും ഞാനെപ്പോഴും കടപ്പെട്ടിരിക്കും. പക്ഷേ, അൽപം ദയ അർഹിക്കുന്നുണ്ട്.’– രാധിക വ്യക്തമാക്കി.