
പതിനാല് വയസ്സുകാരനെ അമ്മൂമ്മയുടെ കാമുകൻ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അമ്മൂമ്മയും കാമുകനും ഒളിവില്‍ പോയി. പൊലീസിൽ പരാതിപ്പെട്ടാൽ തന്നെയും അമ്മയേയും കൊലപ്പെടുത്തുമെന്ന് തിരുവനന്തപുരം സ്വദേശിയായ കാമുകൻ ഭീഷണിപ്പെടുത്തിയെന്നു കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിലൂടെ കുട്ടിയുടെ ലഹരി ഉപയോഗം മാറ്റിയെടുത്ത ശേഷം കൗണ്‍സലിങ് അടക്കം നടത്തുകയാണ് ഇപ്പോൾ.
ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് അമ്മൂമ്മയുടെ കാമുകൻ നിരന്തരം ലഹരിക്കടിമയാക്കിയത്. വീട്ടുജോലി ചെയ്തു ജീവിക്കുന്നവരാണ് അമ്മൂമ്മയും കുട്ടിയുടെ അമ്മയും. ഇതിനിടെയാണ് അമ്മൂമ്മ തന്റെ സുഹൃത്ത് എന്ന പേരിൽ കാമുകനെ വീട്ടിൽ താമസിപ്പിച്ചത്. ഇയാൾ കുട്ടിക്ക് കഞ്ചാവ് കൊടുത്തുതുടങ്ങി. തുടക്കത്തിൽ കുട്ടി ഇതിനു വഴങ്ങിയില്ലെങ്കിലും മർദിച്ചും കത്തി കഴുത്തിൽ വച്ചും തന്നെക്കൊണ്ട് കഞ്ചാവ് വലിപ്പിച്ചു എന്നു കുട്ടി പറയുന്നു. ഇയാൾ ഹഷീഷ് ഓയിൽ അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നും കുട്ടി പറയുന്നു. ഇയാളുടെ ആൺ, പെൺ സുഹൃത്തുക്കളും ഇടയ്ക്ക് വീട്ടിൽ വരുമെന്നും എല്ലാവരും ചേർന്ന് ലഹരി ഉപയോഗിക്കുമെന്നുമാണ് കുട്ടി പറയുന്നത്.
ലഹരി കടത്താനും ആവശ്യക്കാർക്ക് എത്തിക്കാനും തന്നെ ഉപയോഗിച്ചിരുന്നു എന്നും പതിനാല് വയസ്സുകാരൻ പറയുന്നു. എതിർത്താൽ ഭീഷണിയും മർദനവുമുണ്ടാകും. സഹിക്കാവുന്ന പരിധി കടന്നപ്പോൾ സ്കൂളിലെ സുഹൃത്തിനോട് വിവരം പറഞ്ഞു. സുഹൃത്തിന്റെ അമ്മയാണ് ഇക്കാര്യം പതിനാല് വയസ്സുകാരന്റെ അമ്മയെ അറിയിക്കുന്നത്. വിവരം അറിഞ്ഞപ്പോൾ താൻ നിസ്സഹായയായിപ്പോയെന്ന് അമ്മ പറയുന്നു. തന്നെയും മകനേയും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഇയാൾ പറഞ്ഞതോടെ പൊലീസിൽ പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ലെന്ന് അമ്മ പറയുന്നു. പിന്നീട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.
കുട്ടി വീട്ടിൽ ദേഷ്യം പ്രകടിപ്പിച്ചിരുന്നെന്നും സാധനങ്ങൾ വലിച്ചെറിയുമായിരുന്നെന്നും അമ്മ പറയുന്നു. എന്നാൽ എന്താണ് കാരണമെന്ന് അറിഞ്ഞിരുന്നില്ല. ലഹരി ഉപയോഗിച്ചതാണ് കാരണമെന്ന് പിന്നീട് മനസ്സിലായി. കുട്ടിയെ ലഹരി മുക്തിക്കായുള്ള ചികിത്സയ്ക്കു വിധേയനാക്കി. കൗൺസലിങ്ങും നടത്തുന്നതായി അമ്മ പറഞ്ഞു. പൊലീസ് വിളിപ്പിച്ചതോടെ അമ്മൂമ്മയും കാമുകനും ഒളിവിൽ പോവുകയായിരുന്നു. ഇവരെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.