
കാഴ്ചക്കുറവുള്ള പി.ടി അഞ്ചാമൻ കാട്ടാനയ്ക്കു വിദഗ്ധ സംഘം ചികിത്സ നൽകി തുടങ്ങി. രാവിലെ ആനയെ മയക്കുവെടിവച്ചു. ആനയുടെ ഇടതു കണ്ണിന് നേരത്തേ കാഴ്ചയില്ല. വലതു കണ്ണിന് കാഴ്ച കുറഞ്ഞതോടെയാണ് ചികിത്സ നൽകാൻ തീരുമാനിച്ചത്.
ആനയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. തപ്പിത്തടഞ്ഞാണ് ആന നടക്കുന്നത്. മുറിവുകൾക്കു കൂടി ചികിത്സ നൽകാനാണു തീരുമാനം. ആനയെ ചികിത്സ നൽകി കാട്ടിലേക്കു തന്നെ വിടണോ, വിദഗ്ധ ചികിത്സയ്ക്കായി വനംവകുപ്പിന്റെ ബേസ് ക്യാംപിലേക്കു കൊണ്ടു പോകണോയെന്ന കാര്യം ഇന്നു തീരുമാനിക്കും. ആനയെ കൊണ്ടുവരാനുള്ള വാഹനവും ഒരുക്കിയിട്ടുണ്ട്. ബാക്കി പ്രവൃത്തികളും പൂർത്തിയാക്കി.
ആനയുടെ കാഴ്ച നഷ്ടപ്പെട്ടതെങ്ങനെയെന്നും ചികിത്സാ ദൗത്യം ആരംഭിക്കുന്നതോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണു വനംവകുപ്പ്. 30നും 35നും ഇടയിൽ പ്രായമുള്ള ചെറുപ്പമായ ആനയുടെ രണ്ടു കണ്ണിനും തകരാർ സംഭവിച്ചതെങ്ങനെയെന്ന് ഇതുവരെ വനംവകുപ്പിനു വ്യക്തമായിട്ടില്ല. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ ഉൾപ്പെടെ 15 പേരാണു ദൗത്യ സംഘത്തിലുള്ളത്. സഹായത്തിനായി വിക്രം, ഭരതൻ എന്നീ കുങ്കിയാനകളുമുണ്ട്.