
വൈത്തിരി : പഴയ വൈത്തിരിയിലെ ഹണി മ്യൂസിയത്തിലെ പാർക്കില്‍ എത്തിയ കാട്ടാനയുടെ കളി കൗതുകമായി. കുട്ടികള്‍ ഇരുന്നു കറങ്ങുന്ന കളി ഉപകരണം കാട്ടാന കറക്കി രസിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.
ഞായറാഴ്ച പുലർച്ചയാണ് കാട്ടാന മ്യൂസിയത്തില്‍ എത്തിയത്. കളി ഉപകരണത്തില്‍ തുമ്ബിക്കൈ കൊണ്ട് ഒന്ന് തൊട്ടതും കളി ഉപകരണം തുടരെത്തുടരെ കറങ്ങി. ആദ്യം പകച്ചുപോയ കാട്ടാന അല്പംമൊന്നും മാറിനിന്നു. എന്നാല്‍ കളി ഉപകരണം കറങ്ങുന്നത് ഇഷ്ടമായ കാട്ടാന ഏറെ നേരമാണ് പാർക്കില്‍ വിനോദം കണ്ടെത്തിയത്. ദേശീയപാതയുടെ തൊട്ടടുത്തായാണ് ഹണി മ്യൂസിയം പ്രവർത്തിക്കുന്നത്. ഈ ഭാഗത്ത് ഇടയ്ക്കിടെ കാട്ടാന എത്താറുണ്ടെങ്കിലും പാർക്കിലേക്ക് എത്തുന്നത് ഇത് ആദ്യമായാണ്. പാർക്കിലെ കളി രസിച്ച കാട്ടാന വീണ്ടും പാർക്കിലേക്ക് എത്തുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക.
റിസോർട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് എത്തുന്ന കാട്ടാനയാണ് ഒടുവില്‍ ഹണി മ്യൂസിയത്തിലെ പാർക്കിലും എത്തിയത്. കഴിഞ്ഞദിവസം ചേലോട് പ്രവർത്തിക്കുന്ന ഹോം സ്റ്റേയില്‍ കാട്ടാന എത്തിയ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. വനാതിർത്തിയില്‍ പ്രതിരോധ വേലി സ്ഥാപിക്കാത്തതാണ് കാട്ടാനകള്‍ ഇത്തരത്തില്‍ ജനവാസ മേഖലയില്‍ എത്താൻ കാരണം ‘ ഇനി ഓരോ സ്ഥാപനങ്ങള്‍ക്ക് ചുറ്റും ഇത്തരത്തില്‍ വേലി സ്ഥാപിക്കേണ്ടി വരുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക.