
ആലപ്പുഴ∙ ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മ എന്നിവരുടെ തിരോധാനക്കേസുകളിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന വസ്ത്ര വ്യാപാരി സെബാസ്റ്റ്യനെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. പരിശോധനയിൽ വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തി. 6 അസ്ഥികഷ്ണങ്ങളും പരിശോധനയിൽ കണ്ടെത്തി. ഇതു രണ്ടും ആരുടേതാണ് എന്ന ചോദ്യത്തിനാണ് പൊലീസ് ഇനി ഉത്തരം കണ്ടത്തേണ്ടത്. കൂടുതൽ അസ്ഥി കഷ്ണങ്ങൾ കണ്ടെത്തിയതോടെ ഇയാൾ സീരിയൽ കില്ലറാണോ എന്ന തരത്തിലുള്ള സംശയമാണ് പൊലീസിന്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണു പരിശോധന നടത്തുന്നത്. സ്ഥലത്തേക്കു മറ്റാരെയും പ്രവേശിപ്പിക്കുന്നില്ല.
വീടിനു സമീപത്തെ മരത്തിൽ നിന്ന് കൊന്ത കണ്ടെത്തി. കൂടാതെ പരിശോധനയിൽ ലേഡീസ് ബാഗും വസ്ത്രവും കണ്ടെടുത്തിട്ടുണ്ട്. വീടിനു പിന്നിലെ കുളത്തിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. കുളം വറ്റിക്കാനുള്ള ശ്രമം തുടരുകയാണ്. സെബാസ്റ്റ്യനെ വീടിനുള്ളിൽ വച്ച് ചോദ്യം ചെയ്തിരുന്നു. അയാൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കുഴിയെടുത്തു പരിശോധിക്കുന്നത്. കഴിഞ്ഞാഴ്ച നടത്തിയ പരിശോധനയിലും വീടിനു സമീപത്ത് നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
മൂന്നു സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യൻ സംശയ നിഴലിലാണെങ്കിലും ജെയ്നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് സെബാസ്റ്റ്യൻ പറയുന്നത്. മറ്റു രണ്ടു പേരുടെയും കാര്യം അറിയില്ലെന്നാണ് സെബാസ്റ്റ്യൻ ഇപ്പോഴും പൊലീസിനോടു പറയുന്നത്.
ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പള്ളിപ്പുറം സ്വദേശി സി.എം.സെബാസ്റ്റ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീകളെ വശീകരിച്ചു സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തിയാണ് ഇയാളെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കൂടുതൽ സ്ത്രീകളെ ഇയാൾ അപായപ്പെടുത്തിയിട്ടുണ്ടോ എന്നു കണ്ടെത്തുകയാണു വിവരശേഖരണത്തിന്റെ ലക്ഷ്യം.
ആലപ്പുഴ ജില്ലയിൽ നിന്നു അടുത്തകാലത്തു ദുരൂഹസാഹചര്യത്തിൽ കാണാതായ സ്ത്രീകളുടെ വിവരം കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 5 വർഷം മുൻപു കാണാതായ ചേർത്തല തെക്ക് വള്ളാക്കുന്നത്തുവെളി സിന്ധുവിന്റെ കേസ് വീണ്ടും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ആലപ്പുഴ ജില്ലയിൽ മാത്രമല്ല, സമീപജില്ലകളിലും സെബാസ്റ്റ്യൻ കുറ്റകൃത്യങ്ങൾ നടത്തിയതായി ജെയ്നമ്മയുടെ തിരോധാനം വ്യക്തമാക്കുന്നു. ഇതോടെയാണു കോട്ടയം, എറണാകുളം, കൊല്ലം ജില്ലകളിൽ നിന്നും സമീപകാലത്തു കാണാതായ സ്ത്രീകളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നത്.