
കൊൽക്കത്ത∙ വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലദേശ് യുവതി അറസ്റ്റിൽ. നടിയും മോഡലുമായ ശാന്ത പോൾ (28) ആണ് അറസ്റ്റിലായത്. ബംഗ്ലദേശ് വിമാന കമ്പനിയിൽ കാബിൻ ക്രൂ അംഗമായും ശാന്ത പോൾ ജോലി ചെയ്തിട്ടുണ്ട്. എങ്ങനെയാണ് ഈ രേഖകൾ ഇവർക്ക് ഒപ്പിക്കാൻ പറ്റിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ ആഴ്ച ആദ്യമാണ് ഇവർ അറസ്റ്റിലായത്. ശാന്തയുടെ സുഹൃത്തും ബംഗ്ലദേശ് പൗരനുമായ സുമൻ ചന്ദ്രശീലിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
പണത്തിനുവേണ്ടി ഒരു രാജ്യത്തിന്റെ വിവരം മറ്റൊരു രാജ്യത്തിനു കൈമാറുന്നയാളാണോ ശാന്തയെന്നും പൊലീസ് സംശയിക്കുന്നു. ആഡംബര ജീവിതമായിരുന്നു ശാന്തയുടേത്. ഇന്ത്യ – ചൈന അതിർത്തിയിലെ നാഥുലാ പാസ്, ദിഘ, ഗാംങ്ടോക് എന്നിവിടങ്ങളിൽ ഇവർ സന്ദർശനം നടത്തിയതായി വ്യക്തമായിട്ടുണ്ട്.
ബംഗ്ലദേശിലെ ബരിസാൽ സ്വദേശിയായ ശാന്ത, 2023ലാണ് ഇന്ത്യയിലെത്തിയത്. ആന്ധ്ര സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഷ്‌റഫിനെ വിവാഹം കഴിച്ചശേഷം ഇരുവരും കൊൽക്കത്തയിലെ ജാദവ്പുരിൽ ബിജോയ്ഗഡിൽ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്താണ് കഴിഞ്ഞിരുന്നത്. കുടുംബവുമായി പ്രശ്നങ്ങളുള്ളതിനാലാണ് കൊൽക്കത്തയിൽ താമസിക്കുന്നതെന്നാണ് ഫ്ലാറ്റിന്റെ ഉടമസ്ഥനോട് പറഞ്ഞത്. ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നതിന് വ്യാജ അധാർ കാർഡും പാൻകാർഡും വോട്ടർ ഐഡിയുമാണ് നൽകിയത്. പ്രാദേശിക ഏജന്റ് വഴിയാണ് വ്യാജരേഖകൾ നിർമിച്ചതെന്ന് പൊലീസ് പറയുന്നു.
രണ്ടു വിലാസങ്ങളിലായി രണ്ട് ആധാർ കാർഡുകൾ യുവതിയുടെ കൈവശമുണ്ടായിരുന്നു. കൊൽക്കത്തയിലെയും ബുർധ്വാനിലെയും വിലാസങ്ങളിലായാണ് രണ്ട് ആധാർ കാർഡുകളും എടുത്തിരുന്നത്. എന്നാൽ മികച്ച മോഡലിങ് കരിയർ ഉണ്ടായിരുന്ന ശാന്ത എന്തുകൊണ്ട് വ്യാജ രേഖകൾ ഉണ്ടാക്കി ഇന്ത്യയിൽ താമസിക്കാൻ താൽപര്യപ്പെട്ടുവെന്നു വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
ബംഗ്ലദേശിനെ പ്രതിനിധീകരിച്ച് നിരവധി സൗന്ദര്യ മത്സരങ്ങളിൽ ശാന്ത പോൾ പങ്കെടുത്തിട്ടുണ്ട്. 2016ൽ ഇന്തോ-ബംഗ്ലാ സൗന്ദര്യ മത്സരത്തിൽ ബംഗ്ലദേശിനെ പ്രതിനിധീകരിച്ച് മത്സരിച്ചു. 2019ൽ കേരളത്തിൽ നടന്ന മിസ് ഏഷ്യ ഗ്ലോബൽ മത്സരത്തിലും പങ്കെടുത്തു. രണ്ടു വർഷമായി തമിഴ്, ബംഗാളി സിനിമകളിൽ അഭിനയിച്ചു വരികയായിരുന്നെന്ന് പൊലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഒരു ഒഡിയ സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പുവച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.