
പോർട്ട് ലിങ്കൺ∙ തലയറുത്ത് മാറ്റിയ നിലയിൽ വീട്ടിലെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജൂലിയൻ സ്റ്റോറി (39)യുടെ തല കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ജൂൺ 17ന് പങ്കാളിയായ റിയാലിറ്റി ഷോ താരം തമീക ചെസ്സർ (34), ജൂലിയൻ സ്റ്റോറിയെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
കഴിഞ്ഞയാഴ്ച പൊലീസ് നടത്തിയ തിരച്ചിലിൽ തല കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം നായയുമായി നടക്കാനിറങ്ങിയ ഒരാൾ കുറ്റിക്കാട്ടിൽ തലയോട്ടി കണ്ടെത്തി. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ഇത് ജൂലിയൻ സ്റ്റോറിയുടേതാണെന്ന് സ്ഥിരീകരിച്ചതായി എസ്എ പൊലീസ് മേജർ ക്രൈം വിഭാഗം മേധാവി ഡാരൻ ഫീൽകെ പറഞ്ഞു. തലയോട്ടി കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് തമീക ചെസ്സറെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മാനസികാരോഗ്യ കേന്ദ്രമായ ജെയിംസ് നാഷ് ഹൗസിലുള്ള തമീക ചെസ്സർ, പോർട്ട് ലിങ്കൺ മജിസ്‌ട്രേറ്റ് കോടതിയിൽ വിഡിയോ കോൺഫറൻസിങ് വഴി ഹാജരായിരുന്നു. തല മുണ്ഡനം ചെയ്ത നിലയിലായിരുന്നു തമീക. 2010ൽ സെവൻ നെറ്റ്‌വർക്കിന്റെ ‘ബ്യൂട്ടി ആൻഡ് ദി ഗീക്ക്’ എന്ന പരിപാടിയിലൂടെയാണ് തമീക ശ്രദ്ധേയയായത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് തമീകയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.