
ബെംഗളൂരു∙ എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊലപ്പെടുത്തിയവരെ പൊലീസ് സാഹസികമായി പിടികൂടി. എട്ടാം ക്ലാസ് വിദ്യാർഥി നിഷ്ചിത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഗുരുമൂർത്തി, ഗോപീകൃഷ്ണ എന്നിവരാണ് പിടിയിലായത്. നിഷ്ചിത്തിന്റെ വീട്ടിലെ ഡ്രൈവറാണ് ഗുരുമൂർത്തി.
പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഇരുവരും കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. മുട്ടിനുതാഴെ വെടിവച്ചാണ് ഇരുവരെയും കീഴടക്കിയത്. ഗുരുമൂർത്തിക്ക് രണ്ടു കാലിലും ഗോപീകൃഷ്ണയ്ക്ക് വലതുകാലിനും പരുക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
കാണാതായ നിഷ്ചിത്തിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വിജനമായ പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച ട്യൂഷന് പോയി മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്. ഗുരുമൂർത്തിയാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. രാത്രി ഏഴുമണിയായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം ട്യൂഷൻ സെന്ററിൽ അന്വേഷിച്ചു. സെന്ററിൽനിന്ന് കൃത്യസമയത്ത് പോയതായി ഉടമ അറിയിച്ചു.
തിരച്ചിലിനിടെ കുട്ടിയുടെ സൈക്കിൾ അടുത്തുള്ള പാർക്കിൽ കണ്ടെത്തി. അതിനിടെ മാതാപിതാക്കൾക്ക് അജ്ഞാത വ്യക്തിയിൽനിന്ന് ഭീഷണി സന്ദേശം ലഭിച്ചു. കുട്ടിയെ വിട്ടു തരണമെങ്കിൽ 5 ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. തിരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ഗുരുമൂർത്തിയിലേക്ക് അന്വേഷണം എത്തിയത്.