
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ജന്മനാട്ടിലേക്കുള്ള വിലാപയാത്രയ്ക്കായി കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ്സാണ് സജ്ജമാക്കിയത്. സമരനായകന് വിട എന്നെഴുതിയ വിഎസിന്റെ ചിത്രം പതിച്ച പുഷ്പങ്ങളാല്‍ അലങ്കരിച്ച എ സി ലോ ഫ്‌ലോര്‍ ബസിലാണ് അന്ത്യയാത്ര. സാധാരണ കെഎസ്ആര്‍ടിസി ബസില്‍നിന്നും വ്യത്യസ്തമായി ഗ്ലാസ് പാര്‍ട്ടീഷന്‍ ഉള്ള ബസില്‍, വിഎസിന്റെ ഭൗതികശരീരം പൊതുജനങ്ങള്‍ക്ക് കാണാനും ഉള്ളില്‍ കയറി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും സൗകര്യമുണ്ട്.
എ സി ലോ ഫ്ളോര്‍ ബസിന്റെ കുറച്ചു സീറ്റുകള്‍ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുണ്ട്. ബസില്‍ ജനറേറ്റര്‍, ഫ്രീസര്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. തിരുവനന്തപുരം ദര്‍ബാര്‍ ഹാളിലെ പൊതു ദര്‍ശനത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ വിഎസിന്റെ ഭൗതികദേഹം ബസിലേക്ക് ഏറ്റുവാങ്ങി. തിരുവനന്തപുരത്തു നിന്നും ദേശീയപാതയിലൂടെ കൊല്ലം വഴിയാണ് വിഎസിന്റെ ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടു പോകുന്നത്.
വിലാപയാത്രയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍ സാരഥികളാവുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ടി പി പ്രദീപും, വികാസ് ഭവന്‍ ഡിപ്പോയിലെ കെ ശിവകുമാറും ആണ്. പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിന്റെ ഡ്രൈവര്‍മാര്‍ സിറ്റി ഡിപ്പോയിലെ എച്ച് നവാസും, പേരൂര്‍ക്കട ഡിപ്പോയിലെ വി ശ്രീജേഷുമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ 27 പ്രധാന കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിലും പ്രധാന കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് കാണാന്‍ സൗകര്യമുണ്ട്. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. നാളെ വൈകീട്ട് മൂന്നിന് ആലപ്പുഴ വലിയ ചുടുകാട്ടിലാണ് വിഎസിന്റെ സംസ്‌കാരം നിശ്ചയിച്ചിട്ടുള്ളത്.