
കൊല്ലം: കേരളത്തിന്റ സമാനതകളില്ലാത്ത ധീരസമരനായകൻ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് പോകുകയാണ്. രാത്രിയെ പകലുകളാക്കി, ഇടയ്ക്കെത്തുന്ന മഴയെയും അവഗണിച്ച് വിലാപയാത്ര കടന്നുപോകുന്ന വഴികളിൽ പതിനായിരങ്ങളാണ് പ്രിയസഖാവിനെ അവസാനമായി ഒരു നോക്കു കാണാനും, ഹൃദയാഭിവാദ്യം അർപ്പിക്കാനുമായി തടിച്ചുകൂടിയിട്ടുള്ളത്. കണ്ണീർ വാർത്തും മുദ്രാവാക്യം മുഴക്കിയും തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായിരുന്ന പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കുകയാണ് അണമുറിയാതെത്തുന്ന ജനസാഗരം.
വിലാപയാത്ര കടന്നുപോകുന്ന വീഥികളിൽ കാത്തുനിന്ന വയോധികരും സ്ത്രീകളും കുട്ടികളുമടക്കം പലരും വിതുമ്പലോടെ മുഷ്ടിചുരുട്ടിയാണ് വിഎസിന് യാത്രാമൊഴിയേകിയത്. ആൾത്തിരക്കു മൂലം കരുതിയതിലും ഏറെ വൈകി, സാവധാനത്തിലാണ് വിലാപയാത്ര മുന്നോട്ടു പോകുന്നത്. വിലാപയാത്ര 16 മണിക്കൂർ കൊണ്ട് 92 കിലോമീറ്ററാണ് പിന്നിട്ടിട്ടുള്ളത്. ആലപ്പുഴയെപ്പോലെ വിഎസിന് കരുത്തേകിയ കൊല്ലത്തിന്റെ മണ്ണിൽ വിപ്ലവനായകനെ സ്നേഹാഭിവാദ്യങ്ങളോടെ ജനസഹസ്രങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.25 ഓടെയാണ് തിരുവനന്തപുരത്തെ പൊതുദർശനം അവസാനിപ്പിച്ച് ദർബാർ ഹാളിൽ നിന്നും വിലാപയാത്ര ആരംഭിച്ചത്. രാത്രി ഒമ്പതു മണിയോടെ വിലാപയാത്ര പുന്നപ്രയിലെ വീട്ടിലെത്തിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകി. വളരെ വൈകിയാണ് കൊല്ലം ജില്ലയിലെത്തിയത്. പുന്നപ്രയിലെ വിഎസിന്റെ വീട്ടിൽ ഭൗതികദേഹം എത്തിച്ചശേഷം, അവിടെ നിന്നും രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനത്തിന് വെക്കും.
അതിനുശേഷം ആലപ്പുഴ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് വലിയചുടുകാട്ടിലാണ് സംസ്‌കാരം. വിഎസിൻ്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. സിപിഎം നേതാക്കൾ അടക്കം ജനസഹസ്രങ്ങൾ അന്തരിച്ച പ്രിയസഖാവിന് വിട നൽകാൻ ആലപ്പുഴയിൽ എത്തുമെന്നാണ് വിലയിരുത്തൽ. വിലാപയാത്രയും സംസ്കാരം ചടങ്ങുകളും കണക്കിലെടുത്ത് ആലപ്പുഴയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.