
കൊച്ചി ∙ ട്രാഫിക് നിയമലംഘനങ്ങൾക്കു പിഴ അടയ്ക്കാനുള്ള എംപരിവാഹൻ ആപ്പിന്റെ വ്യാജപതിപ്പുണ്ടാക്കിയത് ഉത്തർപ്രദേശ് സ്വദേശിയായ പതിനാറുകാരൻ. രാജ്യം മുഴുവൻ വ്യാപിച്ചിരുന്ന തട്ടിപ്പു ശൃംഖലയിലെ മുഖ്യകണ്ണികളായ അതുൽ കുമാർ സിങ് (32), മനീഷ് യാദവ് (24) എന്നിവരെ കൊച്ചി സൈബർ സെൽ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ വാരാണസിയിൽനിന്നു പിടികൂടിയിരുന്നു. ഇതിൽ മനീഷിന്റെ ബന്ധുവായ പതിനാറുകാരനാണ് തട്ടിപ്പ് ആപ് നിർമിച്ചത്. പ്രായപൂർത്തിയാവാത്തതിനാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ചോദ്യം ചെയ്യലിനു ഹാജരാകാൻ അന്വേഷണ സംഘം നോട്ടിസ് നൽകിയിട്ടുണ്ട്.
വ്യാജ എംപരിവാഹൻ ആപ് ഉപയോഗിച്ചുള്ള തട്ടിപ്പിനെക്കുറിച്ച് പല സംസ്ഥാനങ്ങളിൽനിന്നും പരാതികളുണ്ടായിരുന്നെങ്കിലും തട്ടിപ്പുകാരെ കണ്ടെത്താനായിരുന്നില്ല. ആപ്പിന്റെ സാങ്കേതിക മികവായിരുന്നു കാരണം. ഈ ആപ് ഇൻസ്റ്റാൾ ചെയ്താൽ ഫോണിന്റെ പൂർണ നിയന്ത്രണം കയ്യടക്കാനും തെളിവുകളെല്ലാം പൂർണമായി നശിപ്പിക്കാനും കഴിയുന്ന തരത്തിലാണ് ആപ്പിന്റെ നിർമാണം. ടെലഗ്രാമിൽനിന്നാണു തട്ടിപ്പുകാർ ഇരകളെ കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ആറു മാസത്തിലധികമായി സംഘം തട്ടിപ്പു നടത്തുന്നുണ്ടായിരുന്നു.
എന്നാല്‍ അതുൽ കുമാർ സിങ്ങിന്റെ ഐപി വിലാസമടക്കമുള്ള വിവരങ്ങൾ കൊച്ചി സൈബർ സെല്ലിലെ വിദഗ്ധർ കണ്ടെത്തിയതോടെ കാര്യങ്ങൾ മാറി. വാറന്റുമായി വാരാണാസിയിലേക്കു പുറപ്പെട്ട സൈബർ പൊലീസ് സംഘം ഒരാഴ്ചയോളം അവിടെ താമസിച്ചാണ് പ്രതികളെ പിടികൂടിയത്. അതിനായി ഏറെ ബുദ്ധിമുട്ടിയെന്നും പല കടമ്പകളും കടക്കേണ്ടി വന്നെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെയാണ് അറസ്റ്റിലായവരുമായി അന്വേഷണ സംഘം തിരിച്ചെത്തിയത്.
ഗതാഗത നിയമം തെറ്റിച്ചതിനു പിഴയടയ്ക്കണമെന്നു കാട്ടി മോട്ടർവാഹന വകുപ്പിന്റേതെന്ന പേരിൽ വാട്സാപ്പിൽ വരുന്ന മെസേജാണു തട്ടിപ്പിന്റെ തുടക്കം. ചലാൻ നമ്പരും വാഹനത്തിന്റെ റജിസ്ട്രേഷന്‍ വിവരങ്ങളും അടക്കമാണ് മെസേജ് വരിക. ഇതിന്റെ ഭാഷ സർക്കാർ വകുപ്പിന്റേതെന്നു തോന്നുംവിധമാണ്. ഇതിനൊപ്പം, പിഴയടയ്ക്കാനായി ഒരു ലിങ്ക് നൽകിയിട്ടുണ്ടാവും. ഇതിൽ ക്ലിക് ചെയ്താൽ ചെല്ലുന്നത് ഗൂഗിൾ പ്ലേ സ്റ്റോറിനു പുറത്തുള്ള ഒരു ആപ്പിലേക്കാണ്. ഇത് എംപരിവാഹൻ ആപ്പിന്റെ അതേ മാതൃകയിലുള്ളതാണ്. ആപ് ഡൗൺലോഡ് ചെയ്യുമ്പോൾ മെസേജും നോട്ടിഫിക്കേഷനും അയയ്ക്കാനുള്ളത് അടക്കം പല കാര്യങ്ങൾക്കും അനുമതി ആവശ്യപ്പെടും. ഇതിനൊപ്പം ആൻഡ്രോയിഡ് പാക്കേജ് കിറ്റ് (എപികെ) ഫയലുകളും ഇൻസ്റ്റാൾ ആകും.
ഡൗൺലോഡിങ് പൂര്‍ത്തിയായാൽ ഫോണിൽനിന്ന് ഈ ആപ് അപ്രത്യക്ഷമാകും. ഫോൺ ഉപയോഗിക്കുന്നവർ കരുതുക ആപ് ഇൻസ്റ്റാൾ ആയിട്ടില്ലെന്നാണ്. എന്നാൽ ഫോണിലെ മുഴുവൻ വിവരങ്ങളും ഈ ആപ് രഹസ്യമായി പകർത്തുന്നുണ്ടാവും. ഒപ്പം ഫോണിന്റെ നിയന്ത്രണവും ഏറ്റെടുക്കും. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒടിപിയും തുടങ്ങി സ്വകാര്യ മെസേജുകളും കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരുടെ വിവരങ്ങളുമെല്ലാം ഇത്തരത്തിൽ ചോർത്തപ്പെടുന്നു. സാധാരണ ഗതിയിൽ ട്രാക്ക് ചെയ്യാൻ സാധിക്കാത്ത വിധത്തിലാണ് ആപ്പിന്റെ നിർമിതി എന്നാണ് അന്വേഷകർ പറയുന്നത്.
പിന്നീട് ഈ ഫോണിലെ വാട്സാപ് നമ്പരിൽനിന്നാകും അടുത്ത ഇരയ്ക്കുള്ള സന്ദേശം പോവുക. ഇതു വലിയ ശൃംഖല പോലെ നീളും. ഇതോടെ, ആരാണു യഥാർഥത്തിൽ തട്ടിപ്പു നടത്തിയത് എന്നു കണ്ടുപിടിക്കുക വളരെ ബുദ്ധിമുട്ടാകും. ഈ കടമ്പകളെല്ലാം മറികടന്നാണ് കൊച്ചി സൈബർ പൊലീസിലെ വിദഗ്ധർ കുറ്റവാളികളെ കണ്ടെത്തിയത്. കേരളത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 2,700 വാഹനങ്ങളുടെ വിവരങ്ങൾ അറസ്റ്റിലായവരുടെ ഫോണിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. ഇതിനു പുറമെ കർണാടക, തമിഴ്നാട്, ഗുജറാത്ത്, ബംഗാൾ സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളുടെ വിവരങ്ങളുമുണ്ട്.
85,000 രൂപ നഷ്ടമായ എറണാകുളം സ്വദേശി നാഷനൽ സൈബർ റിപ്പോർട്ടിങ് പ്ലാറ്റ്ഫോമിൽ നൽകിയ പരാതിയിലായിരുന്നു കൊച്ചി സൈബർ സെൽ അന്വേഷണം ആരംഭിച്ചതും ആഴ്ചകളോളം സമയമെടുത്തുള്ള അന്വേഷണത്തിനൊടുവിൽ കുറ്റവാളികളിലേക്ക് എത്തിയതും. കെവൈസി അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്കുകൾ വഴിയുള്ള തട്ടിപ്പിനും ഹണിട്രാപ്പിനുമുള്ള ആപ്പുകളും ഇവരിൽനിന്ന് കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.