
ബെംഗളൂരു∙ ഇന്ത്യയെയും കാടുകളെയും ധ്യാനത്തെയും ഇഷ്ടപ്പെടുന്നെന്നും റഷ്യയിലേക്കു തിരിച്ചയയ്ക്കുന്നതിൽ തീവ്രദുഃഖമുണ്ടെന്നും ഇന്നലെ കർണാടകയിലെ ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതി. ഉത്തര കന്നഡ ജില്ലയിലെ ഗോകർണത്തെ വനമേഖലയിലെ ഒരു ഒറ്റപ്പെട്ട ഗുഹയിൽനിന്നാണ് നിന കുട്ടിനയെയും(40) ആറും നാലും വയസ്സുള്ള രണ്ടു പെൺമക്കളെയും പൊലീസ് കണ്ടെത്തിയത്. യുവതിയെയും മക്കളെയും ബെംഗളൂരൂവിൽ എത്തിക്കും. നിനയുടെ വീസ 2017ൽ കാലാവധി കഴിഞ്ഞതാണ്. കുട്ടികൾക്ക് വീസ എടുത്തിട്ടുമില്ല. കഴിഞ്ഞ രണ്ടു മാസമായി മൂന്നുപേരും ഈ ഗുഹയിലാണ് കഴിഞ്ഞിരുന്നത്. മോഹി എന്ന പേരാണ് നിന സ്വീകരിച്ചിരുന്നത്.
വനത്തിൽ ധ്യാനം നടത്താനും ദൈവങ്ങൾക്കു പൂജ ചെയ്യാനും വളരെയേറെ ഇഷ്ടപ്പെടുന്നയാളാണ് നിനയെന്ന് ഗോകർണ പൊലീസ് സബ് ഇൻസ്പെക്ടർ എസ്.ആർ. ശ്രീധർ പറഞ്ഞു. ‘‘2016ൽ ബിസിനസ് വീസയിലാണ് ഇവർ ഇന്ത്യയിൽ വന്നത്. ഗോവയിലെയും ഗോകർണത്തെയും വിനോദസഞ്ചാര, റസ്റ്ററന്റ് മേഖലകളിലാണ് ഇവർ ആദ്യം എത്തിയത്. പിന്നീട് 2017ൽ വീസ കാലാവധി അവസാനിച്ചപ്പോൾ ഇന്ത്യയില്‍ത്തന്നെ തങ്ങാനാണ് ശ്രമിച്ചത്. 2018ൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചെങ്കിലും നേപ്പാളിലേക്ക് പോയ അവർ തിരിച്ച് ഇന്ത്യയിലെത്തി. പിന്നീട് കർണാടകത്തിലെ വനമേഖലകളിലേക്കു അപ്രത്യക്ഷയായി. തിരിച്ചറിയപ്പെടുമെന്ന തോന്നലിലാണ് ഹോട്ടലുകളിലെ താമസം ഒഴിവാക്കി വനത്തിലെ താമസം തിരഞ്ഞെടുത്തത്’’ – ശ്രീധർ ദേശീയമാധ്യമത്തോടു പറഞ്ഞു.
നിന ഇന്ത്യയിൽ എത്തിയശേഷമാണ് പെൺകുട്ടികൾ രണ്ടുപേരും ജനിച്ചത്. ആരാണ് കുട്ടികളുടെ പിതാവ് എന്ന് വെളിപ്പെടുത്താൻ അവർ തയാറായിട്ടില്ല. കുട്ടികളുടെ ജനന സമയത്ത് ഏതെങ്കിലും തരത്തിൽ ആരോഗ്യ പരിചരണം അവർക്കു ലഭിച്ചിട്ടുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. രാമതീർഥ കുന്നുകളിൽ നടത്തിയ പതിവു പരിശോധനകൾക്കിടെയാണ് ഇവരെ പൊലീസ് സംഘം കണ്ടെത്തിയത്. ഒരു ഗുഹയിലേക്കു നീണ്ടുകിടക്കുന്ന മനുഷ്യരുടെ കാൽപാദങ്ങൾ കണ്ടതോടെ ഇവിടെ മനുഷ്യവാസമുണ്ടെന്നു തിരിച്ചറിയുകയായിരുന്നു. ഗുഹയുടെ വാതിലിൽ പ്ലാസ്റ്റിക് കവർ ഉപയോഗിച്ചു കെട്ടിയിട്ടുണ്ട്. ദൈവങ്ങളുടെ ഫോട്ടോകളും പുറത്തു കണ്ടിരുന്നു. ഗുഹയ്ക്ക് അകത്ത് റഷ്യൻ ഭാഷയിലെ ചില പുസ്തകങ്ങളും കണ്ടു. അകത്തു കയറിയപ്പോൾ ഒരു കുട്ടി കളിക്കുന്നതാണ് കണ്ടത്. നിനയും മറ്റൊരു കുട്ടിയും ഉറങ്ങുകയായിരുന്നു.
മണ്ണിടിച്ചിൽ ഉണ്ടാകുന്ന സ്ഥലമാണെന്നു ബോധ്യപ്പെടുത്തിയാണ് ഇവരെ പുറത്തുകൊണ്ടുവന്നത്. പാമ്പുകളെക്കുറിച്ചു മുന്നറിയിപ്പു നൽകിയപ്പോൾ പാമ്പുകൾ ഞങ്ങളുടെ സുഹൃത്തുക്കളാണെന്നും അങ്ങോട്ട് ആക്രമിച്ചാലല്ലാതെ അവ ആരെയും ഉപദ്രവിക്കില്ലെന്നുമായിരുന്നു മറുപടി. ‘‘കുളിക്കാനും മറ്റും അടുത്തുള്ള വെള്ളച്ചാട്ടത്തിലേക്കുപോകുമ്പോൾ പാമ്പുകൾ ഞങ്ങൾക്കു ചുറ്റിലും നടക്കാറുണ്ട്. സമാധാനപരമായാണ് അവയുടെ സഞ്ചാരം. ഞങ്ങൾക്കുനേരെ ഒരു പ്രകോപനവും ഉണ്ടാക്കാറില്ല’’ – നിനയുടെ മറുപടി ഇങ്ങനെയായിരുന്നുവെന്ന് പൊലീസുകാർ പറഞ്ഞു.
‘‘മഴക്കാലത്ത് വളരെക്കുറഞ്ഞ വസ്ത്രങ്ങൾ മാത്രമാണ് ഇവർ ധരിച്ചിരുന്നത്. എന്നാൽ ജീവിച്ചുപോകാൻ ആവശ്യമായ ഭക്ഷണസാധനങ്ങൾ നിന ശേഖരിച്ചുവച്ചിരുന്നു. മെഴുകുതിരികളുൾപ്പെടെ ഉണ്ടായിരുന്നെങ്കിലും കൃത്രിമ വെളിച്ചത്തിനു പകരം സൂര്യപ്രകാശം നേരിട്ടു ലഭിക്കുന്നതിനാണ് അവർ പ്രാധാന്യം നൽകിയിരുന്നത്. അമ്മയും കുട്ടികളും കാഴ്ചയിൽ നല്ല ആരോഗ്യമുള്ളവരാണ്. മൂന്നുപേരെയും ശനിയാഴ്ച രാത്രി അടുത്തുള്ള ആശ്രമത്തിലാണ് താമസിപ്പിച്ചത്. വൈദ്യുതി വിളക്കുകളും കിടക്കകളും പോലുള്ളവ കണ്ടപ്പോൾ കുട്ടികൾക്കു വലിയ ആവേശമായിരുന്നു. അവരത് മുൻപ് കണ്ടിട്ടില്ലാത്തതുപോലെയാണു തോന്നിയത്.
ഇന്ത്യയോടും വനങ്ങളോടും ധ്യാനത്തോടും ഇഷ്ടമാണെന്നും റഷ്യയിലേക്കു തിരിച്ചയയ്ക്കുമെന്ന തീരുമാനത്തിൽ തീവ്രദുഃഖമുണ്ടെന്നും അവർ വാട്സാപ്പിലൂടെ അറിയിച്ചു. പ്രകൃതിയെയും തന്നെയും തമ്മിൽ അകറ്റിയതിനു കാരണക്കാർ പൊലീസാണെന്നാണ് അവരുടെ നിലപാട്. കുട്ടികളെ വളരെ നല്ല രീതിയിലാണ് നിന വളർത്തിയിരിക്കുന്നത്. മൊബൈൽ ഫോണിൽ കുട്ടികൾ സന്തോഷത്തോടെ പോസ് ചെയ്തു നിൽക്കുന്ന നിരവധി ഫോട്ടോകളുണ്ട്. ചിത്രംവരയ്ക്കൽ, പാട്ടുപാടൽ, മന്ത്രങ്ങൾ ചൊല്ലൽ, യോഗ, മറ്റു വ്യായാമങ്ങൾ തുടങ്ങി കുട്ടികൾക്കായി പ്രത്യേക പാഠ്യപദ്ധതി നിന ക്രമീകരിച്ചിരുന്നു. ഇന്ന്, ഞായറാഴ്ച രാവിലെയും കുട്ടികളെ അവർ യോഗ പഠിപ്പിക്കുകയായിരുന്നു’’ – ശ്രീധർ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗുഹയ്ക്ക് അടുത്തുനിന്ന് പാസ്പോർട്ട് പൊലീസിനു ലഭിച്ചിട്ടുണ്ട്. രാജ്യത്തെ വിദേശികളുടെ റജിസ്ട്രേഷൻ, നിരീക്ഷണം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഫോറിനേഴ്സ് റീജിയനൽ റജിസ്ട്രേഷൻ ഓഫിസിനെ (എഫ്ആർആർഒ) ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.