കാറിനു തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു

Spread the love

കോഴിക്കോട് ∙ ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിത്തമുണ്ടായി ഗർഭിണി മരിച്ച സംഭവത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. കക്കറമുക്ക് പൂവ്വത്തുംചാലിൽ രജിൻലാൽ (36) ആണ് മരിച്ചത്. 15 ന് രാത്രി 9.15 ന് ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ രജിൻലാലിന്റെ ഭാര്യ സോന (27) മരിച്ചിരുന്നു.

 

65 ശതമാനത്തിലേറെ പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്ന രജിൻലാൽ ശനിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. മുഖം, നെഞ്ച് തുടങ്ങിയ ശരീര ഭാഗങ്ങളിൽ പൊള്ളലേറ്റ രജിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം, കാറിനു തീപിടിച്ചതിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. സോനയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. മകളുടേത് ആസൂത്രിത കൊലപാതകമെന്ന് ആരോപിച്ച് സോനയുടെ കുടുംബം രജിൻലാലിന് എതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ പേരാമ്പ്ര കോഴിക്കോട് റോഡിലെ യത്തീംഖാനയ്ക്കു സമീപമുള്ള പെട്രോൾ പമ്പിൽ നിന്ന് സോന പെട്രോൾ വാങ്ങി മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പിന്നീട് പുറത്തുവന്നതോടെ ആത്മഹത്യാ ശ്രമത്തിനിടെയാണ് സോന മരിച്ചത് എന്ന സൂചനയും ഉണ്ടായി. അപകടവും സോന മരിക്കാൻ ഇടയായ സംഭവവും ഏറെ പ്രയാസം ഉണ്ടാക്കുന്നതാണെന്നു മാത്രമാണ് ഇതേക്കുറിച്ച് രജിൻലാലിന്റെ കുടുംബം പ്രതികരിച്ചത്.

 

കത്തിയ കാറിൽ പൊലീസും ഫൊറൻസിക് വിഭാഗവും മോട്ടർ വാഹനവകുപ്പും നടത്തിയ പരിശോധനയിൽ ഇന്ധന ടാങ്കിന് ചോർച്ചയില്ലെന്നും എൻജിനിൽ നിന്നല്ല തീ പടർന്നതെന്നും വ്യക്തമായിരുന്നു. കാറിലെ എസി, റേഡിയേറ്റർ, വയറുകൾ തുടങ്ങിയവയ്ക്കും പ്രശ്നങ്ങളില്ലെന്നും മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി കാറിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ, ബാഗിന്റെ അവശിഷ്ടം, കത്താതെ ശേഷിച്ച തുണി തുടങ്ങിയവ സാംപിൾ പരിശോധനയ്ക്ക് മേപ്പയൂർ പൊലീസ് അയച്ചിരുന്നു. കാറിനുള്ളിൽ നിന്ന് ഒരു കാനിന്റെ മൂടിയും കണ്ടെത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫൊറൻസിക് റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്.

 

പ്ലസ് ടു പഠനകാലത്താണ് സോനയും രജിൻലാലും പരിചയപ്പെടുന്നത്. വർഷങ്ങളുടെ പ്രണയത്തിനൊടുവിൽ വിവാഹം വേണ്ടെന്നുവയ്ക്കുകയും രജിൻ മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ സോന വടകര റെയിൽവേ സ്റ്റേഷനിൽ എത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനിടെ അതു കണ്ട റെയിൽവേ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഈ കേസിൽ നിയമനടപടി സ്വീകരിച്ചതിനിടെയാണ് രജിൻലാൽ സോനയെ വിവാഹം ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.

 

വിവാഹശേഷം ഭർതൃവീട്ടിൽ ചില ദുരനുഭവങ്ങൾ ഉണ്ടായതായി സോന ഒരു ബന്ധുവിനോട് വെളിപ്പെടുത്തിയിരുന്നതായി സോനയുടെ അമ്മാവൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗർഭിണിയായിരിക്കെ രണ്ടു മാസം സോന അമ്മ വസന്തയ്ക്കൊപ്പം പാലേരിയിലെ വീട്ടിലായിരുന്നു. ഒരു മാസം മുൻപ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ രജിൻലാൽ കാർ കത്തിയ സംഭവത്തിന് ദിവസങ്ങൾക്ക് മുൻപാണ് സോനയെ ഭർതൃവീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. കാർ കത്തിയ ദിവസം അമ്മയുടെ സഹോദരിയുടെ മകളുടെ കൂടെ സോന ടൗണിൽ പോയിരുന്നു. ഈ സമയത്താണോ പിന്നീട് ഭർത്താവിനൊപ്പം പോയപ്പോഴാണോ സോന പെട്രോൾ വാങ്ങിയതെന്ന സംശയവും ഇതിനിടെ ഉയർന്നു. എന്നാൽ സഹോദരിക്കൊപ്പം ടൗണിൽ പോയപ്പോൾ പാതിവഴിയിൽ സോന ഒറ്റയ്ക്ക് പോയതായും പൊലീസ് കണ്ടെത്തി. അതിനാൽ തന്നെ രജിന്റെ നിർദേശപ്രകാരമല്ല സോന പെട്രോൾ വാങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

യാത്രയ്ക്കിടെ കാറിൽ നിന്ന് പെട്രോളിന്റെ മണം ഉണ്ടായെന്നും പെട്ടെന്ന് ശബ്ദത്തോടെ തീ ആളിപ്പടർന്നെന്നുമാണ് പൊളളലേറ്റ് ചികിത്സയിലിരിക്കെ രജിൻലാൽ മേപ്പയൂർ പൊലീസിന് നൽകിയ മൊഴി. കാറിന്റെ എൻജിനു വലിയ കേടുപാടുകൾ ഇല്ലാത്തതും ഉൾഭാഗം മാത്രം പൂർണമായും കത്തിനശിച്ചതും കണക്കിലെടുത്ത് പെട്രോൾ പോലുളള വസ്തു കാരണമാകാം തീപിടിത്തമുണ്ടായതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ തേടി പൊലീസ് വീണ്ടും മൊഴിയെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് രജിന്റെ മരണം.

  • Related Posts

    മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്

    Spread the love

    Spread the love      മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത്…

    എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; വിചാരണയ്ക്കിടെ മൊഴി മാറ്റി അതിജീവിത

    Spread the love

    Spread the loveതിരുവനന്തപുരം: മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി അതിജീവിത. എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത നെയ്യാറ്റിന്‍കര കോടതിയില്‍ വിചാരണയ്ക്കിടെ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അതിജീവിതയുടെ മൊഴിമാറ്റമെന്നത് വ്യക്തമല്ല. കേസിന്റെ തുടര്‍നടപടി കോടതി നാളെ പരിഗണിക്കും.…

    Leave a Reply

    Your email address will not be published. Required fields are marked *