കൊല്ലം∙ വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് കരുനാഗപ്പള്ളി ആനയടി വയലിൽ ഉന്നതിയിൽ വിനോദ് ഭവനത്തിൽ പൊന്നന് (76). 12 കോടിയാണ് സമ്മാനം. നികുതി കഴിഞ്ഞുള്ള തുക ജേതാവിനു ലഭിക്കും. മകൻ വിനോദ് കുമാറിനും ഭാര്യ രാധാമണി അമ്മയ്ക്കും ലോട്ടറി വിൽപ്പനയാണ് ജോലി. മകൻ വിനോദ് കുമാർ മണപ്പള്ളിയിലെ ഏജൻസിയിൽ നിന്നും ടിക്കറ്റ് എടുത്ത് നടന്നു കച്ചവടം ചെയ്യുന്ന ആളാണ്. ശാരീരിക അസ്വസ്ഥത ഉള്ളതിനാൽ വാഹനങ്ങളിൽ സഞ്ചരിക്കാറില്ല. പൊന്നന്റെ ഭാര്യ രാധാമണിയമ്മ ടിക്കറ്റുകൾ കൊണ്ടുനടന്ന് വിൽപ്പന ആയിരുന്നെങ്കിലും ഇപ്പോൾ നടക്കാൻ പ്രയാസം ഉള്ളതുകൊണ്ട് ആനയടി വഞ്ചിമുക്കിൽ തട്ടുകട ഇട്ടിരിക്കുകയാണ്.
,മകൻ വിനോദ് കുമാർ പളനി ദർശനത്തിന് പോയ ദിവസം അച്ഛൻ പൊന്നൻ മണപ്പള്ളിയിലെ ഏജൻസിയിൽ വന്നു. കടയുടെ മുന്നിൽ ചില്ലറ വിൽപനക്ക് ഇട്ടിരിക്കുന്ന ഒരു ടിക്കറ്റ് വാങ്ങി. അതിനാണ് ഒന്നാം സമ്മാനം അടിച്ചത്. വീടിന്റെ അറ്റകുറ്റപ്പണിക്കും മകന്റെ കല്യാണത്തിനുമാണ് പ്രഥമ പരിഗണനയെന്ന് പൊന്നൻ മാധ്യമങ്ങളോട് പറഞ്ഞു.
‘ ഭാര്യയോടാണ് ലോട്ടറി അടിച്ച കാര്യം ആദ്യം പറയുന്നത്. ലോട്ടറി എടുത്ത കടയുടെ പേര് ചാനലുകളിൽ പറഞ്ഞതോടെ ഉറപ്പിച്ചു. കടയിൽ പോകുമ്പോഴൊക്കെ ലോട്ടറി വാങ്ങും. വീട്ടിൽ കുറച്ചു പണികളുണ്ട്. മകന്റെ കല്യാണം നടത്തണം. കുറച്ചു കടങ്ങളുണ്ട്. അത് തീർക്കണം. ലോട്ടറി വിൽക്കാനുള്ള വണ്ടിക്കായി എല്ലാ വർഷവും പഞ്ചായത്തിൽ അപേക്ഷ കൊടുക്കും. അവർ തന്നിട്ടില്ല. ഒരു വണ്ടി വാങ്ങണം’–പൊന്നൻ പറഞ്ഞു.
സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ VB 135452 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം ഓരോ കോടി വീതം ആറുപേർക്ക്. രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ: VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫിസ് ഏജന്റ് ഡി. അനിൽ ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഇതേ നമ്പർ വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
ഇത്തവണ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റതായി ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത്. തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് വിൽപനയിൽ തൊട്ടടുത്തുള്ളത്. കഴിഞ്ഞവർഷം 42,87,350 ടിക്കറ്റുകളാണ് വിറ്റത്.






