നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ. അമ്മയിൽ നിന്നും താൻ രാജി വെയ്ക്കാൻ കാരണം ടിനി ടോമാണെന്ന് അവർ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. തന്നെ ജിഹാദിയെന്ന് വിളിച്ചു. മതം മാറ്റാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചു. തനിക്ക് പലരുമായും അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചു. ഒരു വനിതാ എക്സിക്യൂട്ടീവംഗം തനിക്കെതിരെ വ്യാജ പരാതി നൽകി. ടിനി ടോമിനും എക്സിക്യൂട്ടീവ് അംഗത്തിനുമെതിരെ പരാതി പറഞ്ഞെന്നും അൻസിബ പറഞ്ഞു.
“ഞാൻ ഫെബ്രുവരി 21-ന് രാജി സമർപ്പിച്ചിരുന്നു. വ്യക്തിപരമായ കാര്യങ്ങളും ജോലിത്തിരക്കുകളും കാരണം രാജിവെയ്ക്കുന്നുവെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ യഥാർഥ കാരണം ഞാൻ സെക്രട്ടറി കുക്കു പരമേശ്വരനോട് പറഞ്ഞിരുന്നു. രാജിക്കത്ത് വാട്സാപ്പിലയയ്ക്കുകയും മെയിൽ അയയ്ക്കുകയും ചെയ്തിരുന്നു. വാട്സാപ്പിലെ മെസേജ് കണ്ടപ്പോൾ പ്രസിഡന്റ് ശ്വേതാ മേനോൻ കണ്ണ് തള്ളിയ ഒരു ഇമോജിയാണ് മറുപടിയായി അയച്ചത്. സെക്രട്ടറി എന്താണ് കാര്യമെന്ന് അന്വേഷിച്ചു.
ടിനി ചേട്ടൻ എന്നെ ജിഹാദിയെന്ന് പറഞ്ഞത് ഞാൻ കുക്കു ചേച്ചിയെ അറിയിച്ചു. നീനാക്കുറുപ്പ് ചേച്ചിയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ ഡ്രൈവറും മറ്റൊരു പ്രൊഡക്ഷൻ കൺട്രോളറുടെ മകനും ഉൾപ്പെടെ പലരേയും ഞാൻ മതം മാറ്റാൻ ശ്രമിച്ചു. ഞാൻ മതതീവ്രവാദിയാണ്, ജിഹാദിയാണ് എന്നെല്ലാമാണ് ടിനി ടോം ആരോപിച്ചത്. എനിക്ക് അവിഹിതമുണ്ടാകാൻ ലോകത്ത് ഇനിയൊരാളും ബാക്കിയില്ല എന്ന തരത്തിലും കഥകളുണ്ടായി. എന്റെ സ്വന്തം വീട്ടിലുള്ള ആളുകളെ ചേർത്തുവരെ അപവാദം പറഞ്ഞിട്ടുണ്ട്. അതുകൂടി കേട്ടപ്പോഴാണ് രാജിവെയ്ക്കാൻ തീരുമാനിച്ചത്.
ഇങ്ങനെയുള്ളവരുടെ കൂടെയിരിക്കാൻ അറപ്പുതോന്നില്ലേ? അമ്മയുടെ കുടുംബസംഗമത്തിന്റെ ടൈറ്റിൽ സോങ്ങുമായി ബന്ധപ്പെട്ട പ്രശ്നം ഉയർന്നപ്പോൾ ഞാൻ മതേതരത്വത്തിന്റെ പക്ഷമാണ് ചേർന്നത്. ധാർമികതയുടെ ഭാഗത്താണ് ഞാൻ നിന്നത്. ആ പ്രശ്നത്തിൽ ഞാൻ നോ പറഞ്ഞതിന് ശേഷമാണ് സന്തോഷ് കീഴാറ്റൂർ നോ പറഞ്ഞത്. കമ്മിറ്റി എന്ത് തീരുമാനിച്ചാലും അതിനൊപ്പം നിൽക്കും. പക്ഷേ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ?” അൻസിബയുടെ വാക്കുകൾ.






