ദുബായ്∙ ദുബായ് കേന്ദ്രമാക്കി മലയാളി പെൺകുട്ടികളെ ലൈംഗികവ്യാപാരത്തിനായി കടത്തിയ കേസിൽ മോഡൽ അലീന ഏബ്രഹാം ഉൾപ്പെടെയുള്ളവർ പിടിയിലായ സംഭവം പ്രവാസി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നു. തങ്ങൾ താമസിക്കുന്ന ബുഹനില കെട്ടിടങ്ങളിലൊന്നിലായിരിക്കാം ഈ ക്രൂരതകൾ അരങ്ങേറുന്നത് എന്ന തിരിച്ചറിവ് അവരെ ഏറെ ആകുലപ്പെടുത്തുന്നു.
കേരളത്തിലെ ഏറ്റവും പുതിയ സംഭവത്തോടെ ഗൾഫ് നാടുകളിലേക്ക് പെൺകുട്ടികളെ ആകർഷിക്കുന്ന രാജ്യാന്തര മനുഷ്യക്കടത്ത് മാഫിയയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി അലീന, പെരുമ്പാവൂർ സ്വദേശിനിയും ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമയുമായ സ്റ്റോയ്സി (സിന്ധു), പൊന്നാനി സ്വദേശിനി മഞ്ജിമ എന്നിവരെ കോടതി റിമാൻഡ് ചെയ്തു. കേസിൽ മലയാളികളായ മറ്റു രണ്ടു സ്ത്രീകൾ കൂടി പ്രതിപ്പട്ടികയിലുണ്ട്.
സിനിമ-സീരിയൽ, മോഡൽ മോഹങ്ങളുമായി കൊച്ചിയിലെത്തുന്ന പെൺകുട്ടികളെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ദുബായിൽ വൻ തുക പ്രതിഫലം ലഭിക്കുന്ന സ്റ്റേജ് ഷോകൾ, ഇവന്റുകൾ, ബ്യൂട്ടി പാർലർ ജോലികൾ എന്നിവ വാഗ്ദാനം ചെയ്ത് സന്ദർശക വീസയിൽ ദുബായിൽ എത്തിക്കുകയാണ് ഇവരുടെ രീതി. എന്നാൽ, മുൻകാലങ്ങളിൽ ദുബായിൽ നടന്ന സമാനമായ പല മനുഷ്യക്കടത്ത് കേസുകളുടെയും തനിയാവർത്തനമാണ് ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദുബായ് എന്ന് കേൾക്കുമ്പോൾ മറ്റൊന്നും ആലോചിക്കാതെ ചാടിവരുന്നവർ ഓർക്കുന്നില്ല, അവർ വന്നു പതിക്കാൻ പോകുന്നത് ചതിക്കുഴികളിലാണെന്ന്. ഇത്തരം തൊഴിലന്വേഷകരായ പെൺകുട്ടികൾ മനസിലാക്കേണ്ട ചില പ്രധാന കാര്യങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് യുഎഇയിലെ സോഷ്യൽ ആക്ടിവിസ്റ്റും പ്രമുഖ അഭിഭാഷകയുമായ പ്രീതാ ശ്രീറാം മാധവ്.
∙ധൈര്യവും ആത്മവിശ്വാസവും അമിതവിശ്വാസത്തിന് വഴിമാറുമ്പോൾ
യുഎഇ എന്നാൽ സ്വപ്നങ്ങളുടെ നഗരമാണ്; പ്രത്യേകിച്ച് മലയാളികൾക്ക്. പട്ടിണിയും പ്രയാസങ്ങളും മാറ്റി കുടുംബത്തെ കരകയറ്റാൻ ഇന്ന് പുരുഷന്മാർ മാത്രമല്ല, പെൺകുട്ടികളും കൂട്ടത്തോടെ മറുനാടുകളിലേക്ക് വിമാനം കയറുന്നുണ്ട്. പേടിയോടെ വീട്ടിലിരുന്നാൽ ജീവിതം മുന്നോട്ടുപോകില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ട് ധൈര്യപൂർവം ഇറങ്ങിത്തിരിക്കുന്ന പെൺകരുത്തിനെ മാനിക്കാതിരിക്കാൻ കഴിയില്ല. എന്നാൽ, ഈ ധൈര്യവും ആത്മവിശ്വാസവും അമിതവിശ്വാസത്തിന് വഴിമാറുമ്പോഴാണ് പലരും ചതിക്കുഴികളിൽ വീഴുന്നത്.
ഇവിടെ നമ്മൾ ആദ്യം തിരിച്ചറിയേണ്ട ഒരു കയ്പേറിയ സത്യമുണ്ട്. ഗൾഫിലെത്തുന്ന പാവം പെൺകുട്ടികളെ ചതിയിലേക്ക് തള്ളിവിടുന്ന മാഫിയകൾക്ക് പിന്നിൽ വിദേശികളല്ല, മറിച്ച് നമ്മുടെ സ്വന്തം നാട്ടുകാരായ ഇന്ത്യക്കാരാണ്! പണം സമ്പാദിക്കാൻ ഏത് അധമമാർഗവും സ്വീകരിക്കുന്ന ഈ മനുഷ്യക്കടത്ത് സംഘങ്ങളുടെ കെണിയിൽ പെടാതിരിക്കാൻ യുഎഇയിലെ നിയമങ്ങളെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരിക്കണം. യുഎഇ നിയമം എപ്പോഴും ജനങ്ങളുടെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടിയുള്ളതാണ്. അവിടെയെത്തുന്ന ഓരോരുത്തരുടെയും സുരക്ഷിതത്വം ആ രാജ്യം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ നമ്മുടെ സുരക്ഷയ്ക്കായി നമ്മൾ തന്നെയാണ് ആദ്യം കരുതിയിരിക്കേണ്ടത്.
∙തിളക്കമുള്ള ഫാഷൻ ലോകം; ഒളിച്ചിരിക്കുന്ന ചതിക്കുഴികൾ: പെൺകുട്ടികൾ ജാഗ്രതൈ!
യുഎഇയിൽ, പ്രത്യേകിച്ച് ദുബായിൽ അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ ഒരു പരിപാടിയും നടത്താൻ സാധിക്കില്ല. കർശനമായ ഈ നിയമങ്ങൾ യഥാർഥത്തിൽ മറുനാട്ടിൽ നിന്നെത്തുന്ന കലാകാരികൾക്കും പെൺകുട്ടികൾക്കും വലിയൊരു സുരക്ഷാ കവചമാണ് ഒരുക്കുന്നത്. ഫാഷൻ ഷോകളുടെയും ഈവന്റുകളുടെയും മറവിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചും അവയെ പ്രതിരോധിക്കാനുള്ള നിയമങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണമെന്ന് മാത്രം.
∙അനുമതിയില്ലാതെ ഇവന്റ് നടത്തിയാൽ കളി മാറും
എല്ലാ ലൈസൻസുകളോടെയും വളരെ മാന്യമായ രീതിയിൽ ഫാഷൻ ഷോ അടക്കമുള്ള പരിപാടികൾ നടത്തുന്നവരാണ് യുഎഇയിലെ ഭൂരിഭാഗം ഇവന്റ് ഓർഗനൈസേഷനുകളും. ഇവരുടെ ഇടയിൽ കയറിക്കളിക്കുന്ന ചില തട്ടിപ്പുകാരാണ് എല്ലാ ചൂഷണങ്ങൾക്കും തട്ടിപ്പുകൾക്കും പിന്നിൽ, മികച്ച രീതിയിൽ പ്രവർത്തിക്കുന്നവരിലും തട്ടിപ്പുസംഘത്തിലും മലയാളി കമ്പനികളുണ്ടെന്നതൊരു യാഥാർഥ്യം മാത്രം. കൊച്ചിയിലെ പെൺകുട്ടികൾ എത്തപ്പെട്ടത് ഇത്തരത്തിലൊരു കമ്പനി നടത്തുന്നു എന്ന് പറഞ്ഞ പരിപാടിയിലേയ്ക്കാമെന്നാണ് സംശയിക്കുന്നത്. ഔദ്യോഗിക പെർമിറ്റില്ലാതെ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കുന്നത് യുഎഇയിൽ കടുത്ത കുറ്റകൃത്യമാണ്. നിയമം ലംഘിച്ചാൽ സംഘാടകർക്ക് വൻ തുക പിഴയും ജയിൽശിക്ഷയും നാടുകടത്തലും നേരിടേണ്ടി വരും. പരിപാടി നടക്കുന്ന വേദി (ഹോട്ടലോ ഹാളോ) അധികൃതർ ഉടനടി സീൽ ചെയ്യും. ദുബായ് ടൂറിസം വകുപ്പ് (ഡിഇടി) അംഗീകരിച്ച ‘ഇവന്റ് മാനേജ്മെന്റ് ലൈസൻസ്’ ഉള്ള കമ്പനികൾക്ക് മാത്രമേ പരിപാടി നടത്താൻ അനുവാദമുള്ളൂ. വേദിയുടെ എൻഒസിയും യുഎഇ സംസ്കാരത്തിന് അനുയോജ്യമായ ഉള്ളടക്കവും കാണിച്ച് ടൂറിസം വകുപ്പിൽ നിന്ന് പ്രത്യേക പെർമിറ്റ് എടുക്കണം.
മോഡലുകൾ, ഡിസൈനർമാർ, നർത്തകർ തുടങ്ങിയ ഓരോ പങ്കാളിക്കും വെവ്വേറെ ‘ആർട്ടിസ്റ്റ് പെർമിറ്റ്’ എടുത്തിരിക്കണം. ടിക്കറ്റ് വിൽപനയ്ക്ക് ഇ-ടിക്കറ്റിങ് കോഡും സുരക്ഷയ്ക്കായി ദുബായ് പൊലീസ്, സിവിൽ ഡിഫൻസ് എന്നിവരുടെ അനുമതിയും വേണം.
∙ഫാഷൻ രംഗത്തെ ചതിക്കുഴികൾ തിരിച്ചറിയാം
യഥാർഥ ഷോകൾക്ക് കടുത്ത മാനദണ്ഡങ്ങളുണ്ട്. സോഷ്യൽ മീഡിയ വഴി ഫോട്ടോ കണ്ട് ദുബായിലേക്ക് വിമാന ടിക്കറ്റ് അയച്ചുതരുന്ന ഏജന്റുമാരിൽ 100% ചതിയുണ്ടാകും. സന്ദർശക വീസയിൽ വന്ന് ഷോകളിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണ്. “ഇപ്പോൾ വിസിറ്റ് വീസയിൽ വാ, പിന്നെ വർക്ക് വീസ തരാം” എന്ന് പറയുന്നവരെ പൂർണമായും അവിശ്വസിക്കുക.
∙മനുഷ്യക്കടത്ത് മാഫിയ: ഡിസൈനർമാർ എന്ന വ്യാജപ്പേരിൽ ദുബായിലെത്തിച്ച്, പാസ്പോർട്ടും ഫോണും കൈക്കലാക്കി പെൺകുട്ടികളെ ഡാൻസ് ബാറുകളിലോ അനാശാസ്യ കേന്ദ്രങ്ങളിലോ പൂട്ടിയിടുന്ന സംഘങ്ങൾ സജീവമാണ്.
∙സുരക്ഷ ഉറപ്പാക്കാൻ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കുക
∙പെർമിറ്റ് നമ്പർ ചോദിക്കുക: യാത്ര പുറപ്പെടും മുൻപ് സംഘാടകരോട് ഗവൺമെന്റ് നൽകിയ ഇവന്റ് പെർമിറ്റ് നമ്പറും നിങ്ങളുടെ പേരിലുള്ള ആർട്ടിസ്റ്റ് പെർമിറ്റും ആവശ്യപ്പെടുക.
∙വേദി പരിശോധിച്ച് ഉറപ്പാക്കുക: ഷോ നടക്കുന്നത് പ്രമുഖ ഹോട്ടലുകളിലാണെങ്കിൽ, അവിടെ നേരിട്ട് വിളിച്ച് അങ്ങനെ ഒരു ഇവന്റ് നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുക.
∙പശ്ചാത്തലം തിരയുക: പരിപാടിയുടെ പ്രധാന സ്പോൺസർമാർ ആരാണെന്നും മുൻവർഷങ്ങളിൽ അവർ ഈ ഷോ നടത്തിയിട്ടുണ്ടോ എന്നും ഓൺലൈൻ വഴി പരിശോധിച്ച് ബോധ്യപ്പെടുക.
∙രേഖകൾ കൈമാറരുത്: എയർപോർട്ടിൽ ഇറങ്ങിയാലുടൻ സുരക്ഷയുടെയോ വീസയുടെയോ പേര് പറഞ്ഞ് ആരെങ്കിലും പാസ്പോർട്ടോ ഫോണോ ചോദിച്ചാൽ യാതൊരു കാരണവശാലും കൈമാറരുത്.
∙അടിയന്തര സഹായത്തിന്: ചതിക്കപ്പെട്ടു എന്ന് ബോധ്യമായാൽ ഒട്ടും ഭയപ്പെടാതെ ദുബായ് പൊലീസ് (999) നമ്പറിലോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്ത്യൻ കോൺസുലേറ്റ് ഹെൽപ്പ് ലൈൻ (800 46342 / 800 India) നമ്പറിലോ ബന്ധപ്പെടുക.
∙ഡാൻസ് ടീച്ചറിൽ നിന്ന് ഡാൻസ് ബാറുകളിലേക്ക്: കെണി ഇങ്ങനെ
കുറച്ചുകാലം മുൻപാണ് ദുബായിൽ ദുരിതത്തിലായ പെൺകുട്ടികൾ എന്റെ ഫോൺ നമ്പർ ശേഖരിച്ച് പല ദിവസങ്ങളിലായി ബന്ധപ്പെടുന്നത്. വളരെ ഖേദകരമായ ജീവിതകഥയായിരുന്നു ആ പെൺകുട്ടികൾക്ക് പറയാനുണ്ടായിരുന്നത്. കേരളത്തിലെ ഒരു മലയോര ഗ്രാമത്തിൽ നിന്ന് നൃത്തത്തെ ജീവനുതുല്യം സ്നേഹിച്ച അനന്യയുടെയും (പേര് യഥാർഥമല്ല), തീരദേശത്തെ ഒരു സാധാരണ കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ബ്യൂട്ടീഷ്യൻ ഷബ്നയുടെയും (പേര് യഥാർഥമല്ല) അനുഭവങ്ങൾ ഇന്ന് ഗൾഫ് സ്വപ്നങ്ങളുമായി വിമാനം കയറുന്ന ഏതൊരു പെൺകുട്ടിക്കും വലിയൊരു പാഠപുസ്തകമാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന ഇരുവരും ചെന്നെത്തിയത് ഒരേ ചതിക്കുഴിയുടെ ഇരുളടഞ്ഞ ആഴങ്ങളിലായിരുന്നു.
മലയാര ഗ്രാമത്തിൽ ചെറിയൊരു തയ്യൽക്കട നടത്തുന്ന അച്ഛന്റെ വരുമാനത്തിലായിരുന്നു അനന്യയുടെ കുടുംബം കഴിഞ്ഞിരുന്നത്. ബിരുദ പഠനത്തോടൊപ്പം നൃത്തവും അഭ്യസിച്ച അനന്യയ്ക്ക്, അച്ഛന്റെ പെട്ടെന്നുണ്ടായ പക്ഷാഘാതത്തോടെ പഠനം നിർത്തേണ്ടി വന്നു. ചികിത്സാച്ചെലവും കടങ്ങളും പെരുകിയപ്പോൾ താങ്ങായി എത്തിയത് സമൂഹമാധ്യമം വഴി പരിചയപ്പെട്ട നൃത്തസംവിധായകൻ എന്ന് പരിചയപ്പെടുത്തിയ ഒരു ‘നാട്ടുകാരൻ’ ആയിരുന്നു. ദുബായിലെ പ്രമുഖ ഭരതനാട്യം സ്കൂളിൽ ഡാൻസ് ടീച്ചറുടെ ഒഴിവുണ്ട്. മാസം നല്ലൊരു തുക ശമ്പളം കിട്ടും. സന്ദർശക വീസയിൽ വന്ന് കയറിയാൽ ഉടൻ കമ്പനി അത് റെസിഡൻസ് വീസയാക്കി മാറ്റും -ആ യുവാവിന്റെ പൊള്ളയായ വാഗ്ദാനത്തിൽ ആ ഇരുപത്തിരണ്ടുകാരി വീണുപോയി. കടം വാങ്ങി ടിക്കറ്റുമെടുത്ത് ദുബായ് എയർപോർട്ടിൽ ഇറങ്ങിയ അനന്യയെ സ്വീകരിക്കാൻ ആ നാട്ടുകാരനും മറ്റൊരു സ്ത്രീയും എത്തിയിരുന്നു. വണ്ടിയിൽ കയറിയ ഉടൻ തന്നെ കമ്പനി റജിസ്ട്രേഷൻ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് അവളുടെ പാസ്പോർട്ടും ഫോണും അവർ കൈക്കലാക്കി. എന്നാൽ വണ്ടി ചെന്നുനിന്നത് ഏതെങ്കിലും നൃത്തവിദ്യാലയത്തിന് മുന്നിലായിരുന്നില്ല; ദുബായിലെ ഒരു ഉൾപ്രദേശത്തുള്ള, ജനാലകൾ കറുത്ത തുണികൊണ്ട് മറച്ച ഇരുണ്ട ഫ്ലാറ്റിലായിരുന്നു.
പിറ്റേന്ന് രാവിലെ അനന്യയോട് അവർ ആവശ്യപ്പെട്ടത് ഒരു ആഡംബര നൈറ്റ് ക്ലബ്ബിലെ ഡാൻസ് ബാറിൽ നൃത്തം ചെയ്യാനാണ്. നടുക്കത്തോടെ അത് വിസമ്മതിച്ച അനന്യയെ അവർ മുറിക്കുള്ളിൽ പൂട്ടിയിട്ടു, ദിവസങ്ങളോളം ഭക്ഷണം നൽകാതെ പീഡിപ്പിച്ചു. നാട്ടിലുള്ള കുടുംബത്തെ വകവരുത്തുമെന്ന ഭീഷണിക്കുമുന്നിൽ ഒടുവിൽ ആ പെൺകുട്ടിക്ക് കീഴടങ്ങേണ്ടി വന്നു. പകൽസമയങ്ങളിൽ തടവറയിലും രാത്രികളിൽ നൈറ്റ് ക്ലബ്ബിലെ മദ്യപന്മാർക്ക് മുന്നിലും അവൾക്ക് ആടേണ്ടി വന്നു.
∙മരീചികയായ സൗന്ദര്യക്കൂട് (ഷബ്നയുടെ കഥ)
ആലപ്പുഴ തീരപ്രദേശത്തെ ഒരു കൊച്ചു വീട്ടിലായിരുന്നു സുന്ദരിയായ ഷബ്നയും അമ്മയും അനുജത്തിയും താമസിച്ചിരുന്നത്. ഒരു ലോക്കൽ ബ്യൂട്ടി പാർലറിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഷബ്നയുടെ സ്വപ്നം അനുജത്തിയെ നല്ല നിലയിൽ പഠിപ്പിക്കുക എന്നതായിരുന്നു. പാർലറിൽ പതിവായി വന്നിരുന്ന ഒരു സ്ത്രീ വഴിയാണ് ‘ദുബായിലെ പ്രശസ്തമായ ലേഡീസ് സലോണിൽ ബ്യൂട്ടീഷ്യൻ’ എന്ന ഓഫർ വരുന്നത്. കുടുംബത്തെ ദുരിതത്തിൽ നിന്ന് കരകയറ്റുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ മറ്റൊന്നും ആലോചിക്കാതെ അമ്മയുടെ മാല പണയം വച്ച് വീസയ്ക്കും ടിക്കറ്റിനും പണം നൽകി ഷബ്ന ദുബായിലേക്ക് വിമാനം കയറി.
എയർപോർട്ടിൽ നിന്ന് നേരെ ഷബ്നയെ കൊണ്ടുപോയത് ഒരു ആഡംബര ഫ്ലാറ്റിലേക്കാണ്. അവിടെ എത്തിയ ഉടൻ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പാസ്പോർട്ടും ഫോണും വാങ്ങി ലോക്കറിലിട്ടു. പിറ്റേന്ന് ബ്യൂട്ടി പാർലറിലേക്ക് എന്ന് പറഞ്ഞ് കൊണ്ടുപോയത് ഒരു ‘മസാജ് പാർലറി’ലേക്കാണ്. അവിടെ നടക്കുന്നത് എന്താണെന്ന് ബോധ്യപ്പെട്ട ഷബ്ന പൊട്ടിക്കരഞ്ഞുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, ഭീമമായ തുക വീസയ്ക്കായി ചെലവഴിച്ചിട്ടുണ്ടെന്നും അത് തരാതെ പുറത്തുവിടില്ലെന്നും പറഞ്ഞ് അവർ അവളെ ഭീഷണിപ്പെടുത്തി. ഫോൺ പോലും ഇല്ലാത്ത അവസ്ഥയിൽ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ, ആത്മഹത്യയുടെ വക്കിലായിരുന്നു ആ പെൺകുട്ടി.
ഡാൻസ് ടീച്ചർ, ബ്യൂട്ടീഷ്യൻ ജോലി എന്ന് പറഞ്ഞ് കൊണ്ടുവന്ന് പെൺകുട്ടികളെ ഡാൻസ് ക്ലബ്ബുകളിലും മസാജ് പാർലറുകളിലും എത്തിക്കുന്നത് ഇന്ന് പതിവ് രീതിയാണ്. എയർപോർട്ടിൽ ഇറങ്ങുമ്പോൾ തന്നെ പാസ്പോർട്ടും ഫോണും കൈക്കലാക്കുകയാണ് ഈ മാഫിയകളുടെ ആദ്യ പടി. തുടർന്ന് മുറികളിൽ പൂട്ടിയിട്ട്, ഭീഷണിപ്പെടുത്തി ഇവരെ ഡാൻസ് ബാറുകളിലേക്ക് അയക്കുന്നു. ഈ ചതിക്കുഴി തിരിച്ചറിഞ്ഞ് പലരും പൊലീസിന്റെ സഹായത്തോടെ രക്ഷപ്പെടാറുണ്ടെങ്കിലും ഭയം കാരണം പുറത്തുപറയാതെ ജീവിതം ഹോമിക്കുന്നവരും കുറവല്ല. ഇത്തരം നിസഹായരും നിരാലംബരുമായ പെൺകുട്ടികളെ വിലപേശി സ്വന്തമാക്കാൻ മലയാളികളടക്കമുള്ള സമ്പന്നരും രംഗത്തുണ്ട്. ഇവരുടെ ബലഹീനത മുതലാക്കി പണം വസൂലാലാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന പെൺകുട്ടികളെക്കുറിച്ചും ഇൌ അവസരത്തിൽ പരാമർശിക്കാതെ വയ്യ.
∙ഏജന്റുമാരുടെ വലയിൽ വീഴാതിരിക്കാം; സൗജന്യ വീസയാണ് യുഎഇ നിയമം
യുഎഇയിൽ ജോലി അന്വേഷിച്ച് വരാൻ നിങ്ങൾക്ക് ഒരു ഇടനിലക്കാരന്റെയോ ഏജന്റിന്റെയോ ആവശ്യമില്ല. യുഎഇ നിയമപ്രകാരം വീസയ്ക്ക് പണം ഈടാക്കുന്നത് കടുത്ത കുറ്റകൃത്യമാണ്. വീസാ ചെലവുകൾ പൂർണമായും തൊഴിലുടമയാണ് വഹിക്കേണ്ടത്.
കേരളത്തിലെ ഉൾനാടുകളിൽ നിന്നുള്ള പെൺകുട്ടികളാണ് ഇത്തരം തട്ടിപ്പുകളിൽ അധികവും ഇരയാകുന്നത്. ഇവരെ കെണിയിലാക്കുന്നത് മറ്റാരുമല്ല; ദുബായിൽ ജോലി ചെയ്യുന്ന നാട്ടുകാരോ, അടുത്ത ബന്ധുക്കളോ, കൂടെപ്പഠിച്ചവരോ അല്ലെങ്കിൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ട വ്യാജ സുഹൃത്തുക്കളോ ആയിരിക്കും. വിദേശത്ത് നിന്ന് എന്ത് ഓഫറുകൾ വന്നാലും ആര് പറഞ്ഞാലും ടിക്കറ്റ് എടുത്ത് നാട്ടിൽ നിന്ന് തിരിക്കുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ 100% ബോധ്യപ്പെട്ടതിന് ശേഷം മാത്രം യാത്ര തിരിക്കുക.
∙മാസ്മരിക വാഗ്ദാനങ്ങളും സന്ദർശക വീസയിലെ ചതിയും
ഇല്ലാത്ത സ്റ്റേജ് ഷോകൾ, ഈവന്റുകൾ, ഷോർട്ട് ഫിലിം, മോഡലിങ്, ഡാൻസ് സ്കൂളിലെ അധ്യാപിക തസ്തിക തുടങ്ങിയ വലിയ വാഗ്ദാനങ്ങൾ നൽകിയാണ് പലരെയും ആകർഷിക്കുന്നത്. ഇത്തരം വൻ ഓഫറുകളുമായി സന്ദർശക വീസ തരുമ്പോൾ നാട്ടിൽ നിന്ന് തന്നെ അതിന്റെ നിജസ്ഥിതി അന്വേഷിക്കുക.
അറിയുക, യുഎഇ നിയമപ്രകാരം ടൂറിസ്റ്റ് (വിസിറ്റ്) വീസയിൽ ജോലി ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതാണ്. സന്ദർശക വീസയിൽ ജോലി ചെയ്യുന്നതിനിടെ ലേബർ പരിശോധനയിൽ പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയും നാടുകടത്തലും (ഡിപോർട്ടേഷൻ) നേരിടേണ്ടി വരും. പിന്നീട് ഒരിക്കലും യുഎഇയിലേക്ക് വരാൻ കഴിയാത്ത വിധം ആജീവനാന്ത വിലക്ക് (ലൈഫ് ബാൻ) ഏർപ്പെടുത്തുകയും ചെയ്യും.
നിങ്ങളെ കൊണ്ടുപോകുന്നത് എന്തിനാണെന്ന് കൃത്യമായി മനസ്സിലാക്കുക. സന്ദർശക വീസയിലാണോ എംപ്ലോയ്മെന്റ് വീസയിലാണോ യാത്രയെന്ന് ഉറപ്പുവരുത്തണം. ഇല്ലാത്ത ഇവന്റുകളെക്കുറിച്ച് പറയുമ്പോൾ അത് എവിടെയാണ് നടക്കുന്നത്, ജോലിയുടെ സ്വഭാവം എന്താണ് എന്നൊക്കെ മുൻകൂട്ടി അന്വേഷിച്ചിരുന്നെങ്കിൽ പല പെൺകുട്ടികളുടെയും ജീവിതം തകരുമായിരുന്നില്ല.
∙ആപത്തിൽ തുണയാകാൻ യുഎഇ പൊലീസ്; അടിയന്തര നമ്പർ 999
യുഎഇയിൽ എത്തുന്ന ഏതൊരാൾക്കും ഏത് അടിയന്തര സാഹചര്യത്തിലും പൊലീസിന്റെ സഹായം തേടാം. നിങ്ങൾ അപകടത്തിലാണെന്ന് മനസ്സിലായാൽ ഭയപ്പെടാതെ ഉടൻ തന്നെ 999 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടുക. പൊലീസ് ഉടൻ തന്നെ നിങ്ങളുടെ ലൊക്കേഷൻ കണ്ടെത്തി ആവശ്യമായ സഹായമെത്തിച്ച് കുറ്റവാളികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യും. ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്ക് എയർപോർട്ടിൽ നിന്ന് തന്നെ യുഎഇ സിം കാർഡുകൾ ലഭ്യമാണ്. അത് വാങ്ങാൻ മടിക്കരുത്. സ്വന്തമായി ഒരു ഫോൺ നമ്പറുണ്ടാകുന്നത് നാട്ടിലുള്ളവരുമായും പൊലീസുമായും ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കും. ഫോൺ ഇല്ല എന്ന കാരണം പറഞ്ഞ് ആപത്തിൽ മിണ്ടാതിരിക്കരുത്.
∙പാസ്പോർട്ട് നഷ്ടപ്പെട്ടാൽ പേടിക്കേണ്ട; രക്ഷപ്പെടാൻ വഴികളുണ്ട്
നിങ്ങളുടെ പാസ്പോർട്ട് ചതിയന്മാർ വാങ്ങി വച്ചാലോ അല്ലെങ്കിൽ അത് നഷ്ടപ്പെട്ടാലോ ഭയന്ന് പിന്നോട്ട് പോകരുത്. പാസ്പോർട്ട് കൈക്കലാക്കിയാൽ നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നാണ് അവർ ഭീഷണിപ്പെടുത്തുക. എന്നാൽ അത് തെറ്റാണ്. അപകടത്തിൽ പെട്ടെന്ന് ബോധ്യമായാൽ ബുദ്ധിപൂർവ്വം ആ റൂമിൽ നിന്ന് രക്ഷപ്പെട്ട് പൊലീസിലോ ഇന്ത്യൻ കോൺസുലേറ്റിലോ അഭയം പ്രാപിക്കുക. ഇന്ത്യൻ എംബസി/കോൺസുലേറ്റ് വഴി നാട്ടിലേക്ക് യാത്ര ചെയ്യാൻ മാത്രമുള്ള താൽക്കാലിക യാത്രാരേഖയായ ‘വൈറ്റ് പാസ്പോർട്ട്’ (ഔട്ട്പാസ്) നേടി നിങ്ങൾക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാം.
∙അമിത വാഗ്ദാനങ്ങളും സോഷ്യൽ മീഡിയ കെണികളും
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയോ പ്രവൃത്തിപരിചയമോ ഉള്ള നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത വിധം വലിയ ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താൽ ഉറപ്പിക്കുക, അതിന് പിന്നിൽ ഒരു കെണിയുണ്ടാകും. സോഷ്യൽ മീഡിയ വഴി വരുന്ന ഇത്തരം തൊഴിൽ വാഗ്ദാനങ്ങളെ അന്ധമായി വിശ്വസിക്കരുത്. യുഎഇയിൽ പരിചയക്കാരുണ്ടെങ്കിൽ അവരോട് അന്വേഷിക്കുക. ആരുമില്ലെങ്കിൽ യുഎഇയിലെ പ്രമുഖ മാധ്യമങ്ങളുടെയോ (മീഡിയ) സാമൂഹിക സംഘടനകളുടെയോ സഹായം തേടി കാര്യങ്ങൾ അന്വേഷിച്ചറിയാം. ലൈസൻസോ ഓഫിസോ ഇല്ലാത്ത വ്യാജ ഏജൻസികളെ പൂർണമായും ഒഴിവാക്കുക.
∙വിസയുടെ നിജസ്ഥിതി എങ്ങനെ സ്വയം പരിശോധിക്കാം?
യുഎഇയിലേക്ക് വിമാനം കയറുന്നതിന് മുൻപ് നിങ്ങളുടെ കൈവശമുള്ള വിസ വ്യാജമാണോ അല്ലയോ എന്ന് നിങ്ങൾക്ക് സ്വയം ഓൺലൈനായി പരിശോധിക്കാം. യുഎഇ ഗവൺമെന്റിന്റെ ഔദ്യോഗിക പോർട്ടലുകളായ GDRFA അല്ലെങ്കിൽ ICP വെബ്സൈറ്റുകൾ വഴി വീസയുടെ നിജസ്ഥിതി ഉറപ്പുവരുത്താം. തൊഴിലുടമയോട് യുഎഇ തൊഴിൽ മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് ഓഫർ ലെറ്റർ ആവശ്യപ്പെടാൻ മറക്കരുത്.
∙സഹായം ആവശ്യമെങ്കിൽ ബന്ധപ്പെടേണ്ട നമ്പറുകൾ
യുഎഇ പൊലീസ് (അടിയന്തര സഹായം): 999, MOHRE (തൊഴിൽ മന്ത്രാലയം): 80060. (തൊഴിൽ സംബന്ധമായ ചൂഷണങ്ങൾക്കെതിരെ ബന്ധപ്പെടാം. എംപ്ലോയ്മെന്റ് വീസയിൽ വന്ന് വീസ സ്റ്റാംപ് ചെയ്യാതെ കാലാവധി കഴിഞ്ഞാൽ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട് വീസ ക്യാൻസൽ ചെയ്യാവുന്നതാണ്. എന്നാൽ വിസിറ്റ് വീസയിൽ ഉള്ളവർക്ക് ഈ സേവനം ലഭ്യമാകില്ല.) ഇന്ത്യൻ കോൺസുലേറ്റ് ഹെൽപ്പ് ലൈൻ: 80046342 (800 India). (ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ഈ നമ്പറിൽ 24 മണിക്കൂറും സഹായം ലഭ്യമാണ്).
വനിതാ ഹെൽപ്പ് ലൈൻ:181 (24 മണിക്കൂറും).സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ യുഎഇ ഗവൺമെന്റിന്റെ പ്രത്യേക കൺട്രോൾ റൂമുകളിലോ അംഗീകൃത സാമൂഹിക സംഘടനകളിലോ ബന്ധപ്പെടാം.
∙പെൺകുട്ടികളോട് പറയാനുള്ളത്: ജീവിതം ഹോമിക്കരുത്
സ്ത്രീകൾക്ക് ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇവിടെ ആരെങ്കിലും അപകടത്തിൽപ്പെടുന്നുണ്ടെങ്കിൽ അത് ജാഗ്രതക്കുറവ് കൊണ്ട് മാത്രമാണ്. അമിത വാഗ്ദാനങ്ങളുടെ നിജസ്ഥിതി അറിയാതെ ചാടിപ്പുറപ്പെടരുത്.
ഇനി അറിയാതെ ചതിയിൽ പെട്ടുപോയാൽ, നിർബന്ധിതമായി മസാജ് പാർലറുകളിലോ ഡാൻസ് ബാറുകളിലോ നിങ്ങളുടെ ജീവിതം തളയ്ക്കപ്പെട്ടാൽ, “എല്ലാം കഴിഞ്ഞു, ഇനി നാട്ടുകാരുടെ മുന്നിൽ എങ്ങനെ മുഖം കാണിക്കും” എന്ന് കരുതി അവിടെത്തന്നെ തുടരരുത്. പ്രതികരിക്കാനും രക്ഷപ്പെടാനും ശ്രമിക്കുക. മസാജ് പാർലറുകളിൽ പെട്ടുപോയ പല സ്ത്രീകളും പറയാറുണ്ട്— കുടുംബം പോറ്റാൻ വേണ്ടിയാണ് ഈ നരകം സഹിച്ചതെന്നും മക്കളെ വിദേശത്ത് വരെ വിട്ട് പഠിപ്പിച്ചെന്നും. എന്നാൽ മക്കൾ നല്ല നിലയിലാകുമ്പോൾ അമ്മയുടെ ഈ ഭൂതകാലം അവർക്ക് അപമാനമായി മാറുകയും അവർ അമ്മമാരെ തള്ളിപ്പറയുകയും ചെയ്യുന്ന ദയനീയ കാഴ്ചയാണ് പിന്നീട് കാണുന്നത്. കുടുംബത്തിന് വേണ്ടി നിങ്ങളുടെ ജീവിതം ഇത്തരം നരകങ്ങളിൽ ഹോമിക്കാതിരിക്കുക.
∙മാതാപിതാക്കൾ അറിയാൻ; പെൺമക്കൾക്ക് ധൈര്യം നൽകുക
നിങ്ങളുടെ മക്കൾ നാട്ടിൽ നിന്ന് വിദേശത്തേക്ക് പോകുമ്പോൾ അവരുടെ വീസയുടെ കോപ്പി, പാസ്പോർട്ട് കോപ്പി, ഏജന്റിന്റെ നമ്പർ, ജോലി ചെയ്യുന്ന ഓഫിസിന്റെ വിലാസം എന്നിവ നിർബന്ധമായും വാങ്ങി സൂക്ഷിക്കുക. അവർ നിങ്ങളെ കൃത്യമായി ബന്ധപ്പെട്ടില്ലെങ്കിൽ ഉടൻ തന്നെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കുക. പലപ്പോഴും സഹായം അഭ്യർഥിച്ചു വിളിക്കുന്ന മാതാപിതാക്കളുടെ കൈവശം മക്കളുടെ ഒരു രേഖയും ഉണ്ടാകാറില്ല. പാസ്പോർട്ട്, വീസ രേഖകൾ ഇല്ലാതെ യുഎഇയിൽ അന്വേഷണം നടത്തുക അസാധ്യമാണ്.
ഏറ്റവും പ്രധാനം, പെൺമക്കൾക്ക് ധൈര്യം നൽകുക എന്നതാണ്. എന്ത് അപകട സാഹചര്യമുണ്ടായാലും അത് മാതാപിതാക്കളെ അറിയിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടാകണം. പല പെൺകുട്ടികളും മാതാപിതാക്കളോട് കള്ളം പറഞ്ഞാണ് ഇത്തരം കെണികളിൽ വന്ന് വീഴുന്നത്. രക്ഷപ്പെടുത്തിയ ചില കുട്ടികളോട് സംസാരിച്ചപ്പോൾ അവർ കരഞ്ഞുകൊണ്ട് പറഞ്ഞത് “അമ്മയോട് ഞാൻ സിംഗപ്പൂരിലാണെന്നാണ് പറഞ്ഞിരിക്കുന്നത്, ദയവായി നാട്ടിൽ അറിയിക്കരുത്” എന്നാണ്. ഈ നാണക്കേട് ഭയന്നാണ് പലരും ചൂഷണങ്ങൾ സഹിക്കുന്നത്. ഓരോ മാതാപിതാക്കളും മക്കൾ എങ്ങോട്ടാണ് പോകുന്നതെന്ന് കൃത്യമായി അന്വേഷിക്കുക. പെൺകുട്ടികൾ അപകടങ്ങൾ ഒളിച്ചുവെക്കാതെ പ്രതികരിക്കാൻ പഠിക്കുക. ഓർക്കുക, ചതിക്കുഴികൾ പലതുണ്ടാകാം, എന്നാൽ കരുതലോടെയിരുന്നാൽ അപകടങ്ങൾ ഒഴിവാക്കാം; സഹായിക്കാൻ യുഎഇ ഗവൺമെന്റും നിയമങ്ങളും എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും.







