400ന് വാങ്ങിയത് വിറ്റത് 6000 ഡോളറിന്, വാച്ച് വാങ്ങാൻ മണിക്കൂറുകൾ ‘ക്യൂ’, തിരക്ക് നിയന്ത്രിക്കാൻ പൊലീസും; ജെൻസീ ട്രെൻഡായി ‘ഡ്രോപ്പ്’

Spread the love

സ്വിസ് വാച്ച് നിർമാതാക്കളായ ‘സ്വാച്ച്’ ലക്ഷ്വറി ബ്രാൻഡായ ഒഡെമാർ പിഗെയുമായി (എപി) ചേർന്ന് പുറത്തിറക്കിയ പുതിയൊരു ലിമിറ്റഡ് എഡിഷൻ പോക്കറ്റ് വാച്ചാണ് ഇപ്പോഴത്തെ സംസാര വിഷയം. ആദ്യദിനംതന്നെ വാച്ചു വാങ്ങാൻ ഉപഭോക്താക്കൾ തിരക്കിട്ടപ്പോൾ ഇന്ത്യയിലടക്കം സ്റ്റോറുകൾ അടച്ചിടേണ്ടി വന്നു. പാരിസ് പോലുള്ള സ്ഥലങ്ങളിൽ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചാണു തിരക്ക് നിയന്ത്രിച്ചത്. സ്വാച്ച്- എപി കൂട്ടുകെട്ടിൽ പിറന്ന ‘റോയൽ പോപ്പ്’ കലക്‌ഷൻ വാച്ചുകളാണ് ഇത്രയും ‘കുഴപ്പക്കാരനായി’ മാറിയത്. പുതുതലമുറയ്ക്കിടയിൽ ട്രെൻ‍ഡായ ‘ഡ്രോപ് കൾചർ’ എന്ന മാർക്കറ്റിങ് തന്ത്രമാണ് ഇവിടെ ബ്രാൻഡുകൾ ഉപയോഗിച്ചത്.

 

ലോകത്തിലെ വിവിധ ഭാഗങ്ങളിലെ തിരഞ്ഞെടുത്ത സ്റ്റോറുകളിൽ മേയ് 16ന് ശനിയാഴ്ചയാണ് റോയൽ പോപ്പ് വാച്ചുകൾ വിൽപനയ്ക്കെത്തിയത്. സാധാരണ 25 ലക്ഷം രൂപ വരെ വിലവരുന്ന എപി വാച്ചുകൾ 400 ഡോളറിന് ലഭിക്കുമെന്ന അറിയിപ്പ് വന്നതോടെ ആളുകൾ തലേദിവസംതന്നെ സ്റ്റോറുകൾക്ക് മുന്നിൽ സ്ഥാനം പിടിച്ചു. എട്ട് മോഡലുകളാണ് കമ്പനി വിപണിയിലെത്തിച്ചത്. ഇതിൽ ഒരെണ്ണം മാത്രമാണ് ഒരാൾക്ക് വാങ്ങാൻ കഴിയുക. ഓൺലൈൻ വഴി പ്രചാരണം കൊടുത്തെങ്കിലും ഓഫ്‍ലൈനായി സ്റ്റോറുകളിലൂടെ മാത്രമേ വിറ്റിരുന്നുള്ളൂ. ആഴ്ചകളോളം നീണ്ടുനിന്ന ക്യാംപെയ്നിലൂടെ ഹൈപ്പുണ്ടാക്കാൻ ബ്രാൻഡിന് കഴിഞ്ഞെങ്കിലും തിരക്ക് വർധിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു.

 

തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ബെംഗളൂരു, മുംബൈ, ഡൽഹി, ദുബായ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാച്ചിന്റെ വിൽപന മണിക്കൂറുകളോളം തടസ്സപ്പെട്ടു. പലയിടങ്ങളിലും പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. ചില സ്റ്റോറുകൾ സുരക്ഷാ കാരണങ്ങളാൽ അടച്ചിടേണ്ടി വന്നു. മണിക്കൂറുകൾ കാത്തുനിന്ന ശേഷം വാച്ച് കിട്ടാതെ മടങ്ങിയവരും ഏറെ. ഇന്ത്യയിലെ വിൽപന സ്വാച്ചിന് ഔദ്യോഗികമായി നീട്ടിവയ്ക്കേണ്ടിയും വന്നു. ‘ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് റോയൽ പോപ്പിന്റെ ലോഞ്ച് നീട്ടിവയ്ക്കുന്നു’ – എന്നൊരു അറിയിപ്പും നൽകി.

 

മതിയായ മുന്നൊരുക്കങ്ങളില്ലാതെയാണ് ബ്രാൻഡ് ഇത്തരമൊരു വിൽപനയ്ക്ക് തയാറായതെന്ന വിമർശനവും പല കോണിൽ നിന്നുമുയർന്നു. എന്നാൽ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നെന്നാണ് സ്വാച്ചിന്റെ വിശദീകരണം. ലോകത്തെ 220 സ്റ്റോറുകളിലാണ് ലോഞ്ച് നിശ്ചയിച്ചിരുന്നത്. ഇതിൽ 20 എണ്ണത്തിൽ മാത്രമാണ് തടസ്സങ്ങൾ നേരിട്ടത്. റോയൽ പോപ്പ് വാച്ചുകൾ സ്റ്റോറുകളിൽ കൂടുതൽ കാലത്തേക്ക് ലഭ്യമാകുമെന്നും സ്വാച്ച് പറയുന്നു.

 

വാച്ച് വാങ്ങാൻ തിരക്കുകൂട്ടിയതിൽ കൂടുതൽ പേരും ഇതിന്റെ ആരാധകർ ആയിരുന്നെങ്കിലും അവസരം മുതലാക്കി പണമുണ്ടാക്കിയവരും ഏറെയാണ്. 400 ഡോളറിന് വാങ്ങിയ വാച്ച് ഓൺലൈൻ വിപണികളിൽ ഇരട്ടി വില നൽകി വാങ്ങാനും ആളുണ്ടായിരുന്നു. 1000 ഡോളർ വരെ വില ലഭിച്ചവരുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ചില ഓൺലൈൻ സൈറ്റുകളിൽ 6000 ഡോളർ വരെ വാച്ചിന് വില ലഭിച്ചെന്നും വിവരമുണ്ട്. റോയൽ പോപ്പ് കകക്‌ഷനിലെ എട്ട് വാച്ചുകളുടെ ഒരു സെറ്റിന് ‘സ്റ്റോക്ക്എക്സ്’ എന്ന റീസെയിൽ പ്ലാറ്റ്ഫോമിൽ 25,000 ഡോളറായിരുന്നു വില.

 

എന്താണ് ഡ്രോപ് കൾച്ചർ

 

കുറഞ്ഞ സമയത്തേക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ ബ്രാൻഡുകൾ അവരുടെ ലിമിറ്റഡ് എഡിഷൻ ഉൽപന്നങ്ങൾ‍ വിപണിയിലെത്തിക്കുന്ന മാർക്കറ്റിങ് തന്ത്രമാണ് ഡ്രോപ് കൾച്ചർ. ഉപഭോക്താക്കൾക്കിടയിൽ ഉണ്ടാകുന്ന ‘ഹൈപ്പ്’ മുതലെടുത്ത് ബ്രാൻഡുകൾക്ക് കൂടുതൽ വിൽപന നേടാനാകുമെന്നതാണ് പ്രത്യേകത. മറ്റ് ബ്രാൻഡുകളുമായി സഹകരിച്ചും കമ്പനികൾ‍ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാറുണ്ട്. തൊണ്ണൂറുകളിൽ ജാപ്പനീസ് സ്ട്രീറ്റ്‍വെയർ ബ്രാൻഡായ ഗുഡ്ഇനഫ് ആണ് ആദ്യമായി ഡ്രോപ് മാർക്കറ്റിങ് രീതി പരീക്ഷിച്ചത്. പിന്നീട് ഈ ട്രെൻഡ് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പടർന്നു. ലബുബു പാവകളും നൈക്കി ട്രെയിനേഴ്സ് ഷൂവുമൊക്കെ ഹിറ്റായതിന് പിന്നിലും ‘ഡ്രോപ്പിന്റെ’ പിന്തുണയുണ്ട്.

 

 

  • Related Posts

    എടിഎമ്മിലും ഷോക്ക് വരുന്നു, മറ്റു ബാങ്കുകളുടെ എടിഎമ്മിൽ കയറിയാൽ കൂടുതൽ ഫീസ്, പുതിയ നീക്കം ഇങ്ങനെ

    Spread the love

    Spread the loveപെട്രോൾ , ഡീസൽ വിലവർധനയ്ക്കു പിന്നാലെ രാജ്യത്തെ എടിഎം ഇടപാടുകളുടെ ഫീസും കൂട്ടിയേക്കും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോൾ നൽകേണ്ട എടിഎം ഇന്റർചേഞ്ച് ഫീ ഉയർത്താനാണ് നീക്കം. നിലവിൽ 19 രൂപയാണിത്. 21 രൂപയാക്കി ഉയർത്തുമെന്നാണ് വിവരം.  …

    അഞ്ച് വയസ്സിൽ ആദ്യ പീഡനം, പലരും ശരീരം നോക്കി പരിഹസിച്ചു; അമ്മയുടെ വിയോഗം തളര്‍ത്തി: സഞ്ജയ് ദത്തിന്റെ മകൾ

    Spread the love

    Spread the loveബോളിവുഡ് താരങ്ങളുടെ മക്കൾ എപ്പോഴും ആഡംബരങ്ങളുടെയും സുഖസൗകര്യങ്ങളുടെയും നടുവിലാണ് ജീവിക്കുന്നതെന്നും, അവർക്ക് ജീവിതത്തിൽ ഒരിക്കലും പ്രതിസന്ധികളോ പോരാട്ടങ്ങളോ നേരിടേണ്ടി വന്നിട്ടില്ലെന്നും ഉള്ളത് ഒരു പൊതുധാരണയാണ്. എന്നാൽ പുറമേ കാണുന്ന തിളക്കത്തിനപ്പുറം, ഓരോരുത്തരുടെയും ജീവിതത്തിലെ പ്രതിസന്ധികൾ വ്യത്യസ്തമാണെന്നാണ് ബോളിവുഡ് താരം…

    Leave a Reply

    Your email address will not be published. Required fields are marked *