സ്ത്രീധനത്തിന്റെ പേരിൽ ഓരോ ദിവസവും രാജ്യത്ത് 2024-ൽ കൊല്ലപ്പെട്ടത് 16 സ്ത്രീകൾ; പട്ടികയിൽ ആദ്യം ഡൽഹി

Spread the love

 

ന്യൂഡൽഹി: 2024-ൽ ഇന്ത്യയിൽ പ്രതിദിനം 16 സ്ത്രീകൾ സ്ത്രീധനപീഡനം മൂലം കൊല്ലപ്പെട്ടിരുന്നു എന്ന ഭയാനകമായ കണക്ക് പുറത്തുവിട്ട് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ (NCRB). എൻസിആർബി മേയ് ആറിന് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024-ൽ മാത്രം ഇന്ത്യയിൽ 5,737 സ്ത്രീധന മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം അല്ലെങ്കിൽ വിവാഹശേഷമുള്ള സംശയാസ്പദമായ മരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള കണക്കാണിത്.

 

 

ഈയടുത്ത് നടന്ന ഭോപ്പാലിലെ ത്വീഷ ശർമ്മയുടെയും ഗ്രേറ്റർ നോയിഡയിലെ ദീപിക നഗറിന്റെയും മരണങ്ങളാണ് ഇന്ത്യയിലെ സ്ത്രീധന പീഡനങ്ങളിലേക്ക് വീണ്ടും ദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇരുവരും മരിച്ചത്. ഇവരുടെ കുടുംബങ്ങൾ ഭർതൃവീട്ടുകാർക്കെതിരെ പീഡനവും സ്ത്രീധന സംബന്ധമായ ഉപദ്രവങ്ങളും ആരോപിച്ചിട്ടുണ്ട്.

 

കർശനമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ഈ സാമൂഹിക വിപത്തിനെ തടയാൻ സാധിക്കുന്നില്ലെന്നാണ് എൻസിആർബി പുറത്തുവിട്ട കണക്കുകൾ തെളിയിക്കുന്നത്. രാജ്യത്തുടനീളം സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വർധനവുണ്ടായതായും ഈ കണക്കുകൾ വ്യക്തമാക്കുന്നു.

 

എൻസിആർബിയുടെ ‘ക്രൈം ഇൻ ഇന്ത്യ 2024’ റിപ്പോർട്ട് അനുസരിച്ച്, മെട്രോപൊളിറ്റൻ നഗരങ്ങളിൽ തുടർച്ചയായ അഞ്ചാം വർഷവും സ്ത്രീധന മരണ കേസുകളിൽ ഡൽഹിയാണ്‌ഒന്നാമത്. 2024-ൽ രാജ്യതലസ്ഥാനത്ത് 109 സ്ത്രീധന മരണ കേസുകളിലായി 111 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2023-ൽ 114 കേസുകളും 2021-ൽ കോവിഡ് കാലത്ത് 136 കേസുകളുമായിരുന്നു ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരുന്നത്.

 

ആ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും, മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ഡൽഹിയിലെ കണക്കുകൾ വളരെ കൂടുതലാണ്. മെട്രോ നഗരങ്ങളിൽ കാൺപുരിൽ 54 കേസുകളും ബെംഗളൂരുവിൽ 25 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡൽഹിയിലെ സ്ത്രീധന മരണനിരക്ക് ലക്ഷത്തിൽ 1.4 ആണ്. ഇതിനു വിപരീതമായി, കൊച്ചി, ചെന്നൈ തുടങ്ങിയ പല ദക്ഷിണേന്ത്യൻ നഗരങ്ങളിലും 2024-ൽ സ്ത്രീധന മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2023-ൽ സ്ത്രീധന നിരോധന നിയമപ്രകാരം 15,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 14% വർധനവാണ് കാണിക്കുന്നത്.

 

ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ സ്ത്രീധന കേസുകൾ (7,151) റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നാലെ ബിഹാറും (3,665) കർണാടകയും (2,322) വരുന്നു. 2023-ൽ ആകെ 6,156 പേർ സ്ത്രീധന മരണ കേസുകളിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത് ഉത്തർപ്രദേശിലും ബിഹാറിലുമാണ്.

 

ഭാരതീയ ന്യായ സംഹിതയിലെ 80-ാം വകുപ്പ് പ്രകാരം (മുമ്പ് ഐ.പി.സി. സെക്ഷൻ 304B), വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ ഒരു സ്ത്രീ അസ്വാഭാവിക സാഹചര്യത്തിൽ മരിക്കുകയും അവളുടെ മരണത്തിന് തൊട്ടുമുമ്പ് സ്ത്രീധന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ക്രൂരതയോ പീഡനമോ നേരിട്ടതിന് തെളിവുണ്ടാവുകയും ചെയ്താൽ അത് സ്ത്രീധന മരണമായി രജിസ്റ്റർ ചെയ്യുന്നു.

 

സ്ത്രീധനത്തിനെതിരായ നിയമങ്ങൾ പതിറ്റാണ്ടുകളായി നിലവിലുണ്ടെങ്കിലും, ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സമൂഹത്തിന്റെ പല ഭാഗങ്ങളിലും ഈ ആചാരം ഇപ്പോഴും എത്രത്തോളം ആഴത്തിൽ വേരൂന്നിയതാണ് എന്നാണ്. 2026 ജനുവരിയിൽ നടന്ന മറ്റൊരു പ്രധാന സംഭവം ശ്രദ്ധേയമാണ്. നിരന്തരമായ സ്ത്രീധന ആവശ്യങ്ങളെച്ചൊല്ലി ഒരു വനിതാ സ്വാറ്റ് (SWAT) കമാൻഡോയെ ഭർത്താവ് കൊലപ്പെടുത്തിയ കേസ്, സുരക്ഷാ സേനയിലുള്ളവർ പോലും ഇത്തരത്തിലുള്ള വ്യവസ്ഥാപിത അക്രമങ്ങളിൽനിന്ന് മുക്തരല്ല എന്നതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലായി.

  • Related Posts

    കാണാതായിട്ട് 47 ദിവസം; തെരുവിൽ ഭിക്ഷ‌ യാചിച്ച് മെഡിക്കൽ വിദ്യാർഥി

    Spread the love

    Spread the loveമുംബൈ∙ തളർന്ന് അവശനായി, അഴുക്കുപുരണ്ട വേഷത്തിൽ റോഡരികിൽ ഭിക്ഷയാചി‌‌ക്കുകയായിരുന്നു അഭയ് സുരേഷ് ബെൽകോണി. വിറച്ചു കൊണ്ടു മെല്ലെ സംസാരിക്കുന്ന യുവാവിനോടു വിവരങ്ങൾ ചോദിച്ചപ്പോഴാണു മുംബൈ പൊലീസ് തിരിച്ചറിഞ്ഞത്; 47 ദിവസം മുൻപു കാണാതായ ഹോമിയോ വിദ്യാർഥിയാണെന്ന്. മഹാരാഷ്ട്ര നാന്ദേഡിൽ…

    ഇന്ധനവിലയിൽ വീണ്ടും വർധന; രണ്ടാഴ്ചയ്ക്കുള്ളിൽ നാലാം തവണ, കേരളത്തിൽ എല്ലായിടത്തും ഡീസൽ വില 100 കടന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോൾ ലീറ്ററിന് 2.61 രൂപയും ഡീസൽ ലീറ്ററിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.   കേരളത്തില്‍ എല്ലായിടത്തും…

    Leave a Reply

    Your email address will not be published. Required fields are marked *