റാസൽഖൈമ ∙ ഷാർജയിൽ മലയാളി യുവതി മകളെ കെട്ടിടത്തിൽനിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം സ്വയം ചാടി മരിച്ച സംഭവത്തിന്റെ നടുക്കം മാറും മുൻപേ, പ്രവാസി ബിസിനസുകാരനും ഭാര്യയും നാട്ടിൽ ജീവനൊടുക്കിയ വാർത്ത പ്രവാസി സമൂഹത്തെ വീണ്ടും ഉലച്ചു. നാല് പതിറ്റാണ്ടിലേറെയായി റാസൽഖൈമയിൽ പ്രവാസികളായ കൊല്ലം കടയ്ക്കൽ അഞ്ചുമുക്ക് ഉഷസ്സിൽ എസ്. സുഗതൻ (67), ഭാര്യ ലത (65) എന്നിവരെയാണ് നാട്ടിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുഎഇയിലേക്ക് തിരികെ വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ദുരന്തം. മാതാപിതാക്കളുടെ മരണവിവരമറിഞ്ഞ് യുഎഇയിലുള്ള മക്കളും നാട്ടിലെത്തിയിട്ടുണ്ട്.
റാസൽഖൈമയിൽ സ്വന്തമായി നിർമാണക്കമ്പനിയും റസ്റ്ററന്റും നടത്തിവരുന്ന സുഗതൻ നാട്ടിലും വിവിധ ബിസിനസ് സംരംഭങ്ങളിൽ പങ്കാളിയായിരുന്നു. വർഷങ്ങളായി യുഎഇയിലും നാട്ടിലുമായി സമയം പങ്കിട്ടായിരുന്നു ഇവരുടെ ജീവിതം. ചെറിയൊരു അവധിക്കാലം ചെലവഴിക്കാൻ നാട്ടിലെത്തിയ ഇവർ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടത്തെ വിമാനത്തിൽ മടങ്ങാൻ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെയായിട്ടും ഇവരെ പുറത്തു കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിക്കുകയായിരുന്നു. മുറിയിൽനിന്ന് പ്രതികരണമൊന്നും ഉണ്ടാകാതിരുന്നതോടെയാണ് വീട്ടുകാർ വിവരമറിയിച്ചത്.
തുടർന്ന് അധികൃതരെത്തി കിടപ്പുമുറി തുറന്നു പരിശോധിച്ചപ്പോഴാണ് സുഗതനെ തൂങ്ങിമരിച്ച നിലയിലും ലതയെ കട്ടിലിൽ അബോധാവസ്ഥയിലും കണ്ടെത്തിയത്. ലത ശ്വാസംമുട്ടിയാണ് മരിച്ചതെന്ന സൂചനകളുണ്ടെങ്കിലും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി ഞായറാഴ്ച സംസ്കാര ചടങ്ങുകൾ നടത്തി. എന്നാൽ സാധാരണ ഹൈന്ദവാചാരപ്രകാരമുള്ള ശ്മശാന സംസ്കാരത്തിന് പകരം മൃതദേഹങ്ങൾ മണ്ണിൽ അടക്കം ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഭാവിയിൽ മൃതദേഹാവശിഷ്ടങ്ങൾ വീണ്ടും പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തേണ്ടി വന്നാൽ പ്രയോജനപ്പെടട്ടെ എന്ന മുൻകരുതലിന്റെ ഭാഗമായാണ് ദമ്പതികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് പകരം മണ്ണിൽ അടക്കം ചെയ്യാൻ തീരുമാനിച്ചതെന്നാണ് സൂചന.
∙ റാൽഖൈമയിലെ പ്രവാസി മലയാളികലുടെ പ്രിയപ്പെട്ടവർ
നാല് പതിറ്റാണ്ടിലേറെയായി റാസൽഖൈമയിൽ ജീവിച്ച സുഗതനും ലതയും എമിറേറ്റിലെ മലയാളി പ്രവാസികളുടെ പ്രിയപ്പെട്ടവനായിരുന്നു. ഇവിടുത്തെ സാമൂഹിക സാംസ്കാരിക പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്ന സുഗതൻ എസ്എൻഡിപി യോഗം സേവനം സംഘടനയുടെ സജീവ പ്രവർത്തകനുമായിരുന്നു. 1979 മുതൽ റാസൽഖൈമയിൽ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു സുഗതൻ എന്ന് സാമൂഹിക പ്രവർത്തകനും എസ്എൻഡിപി യോഗം സേവനം മുൻ ഭാരവാഹിയുമായ എസ്. പ്രസാദ് മനോരമ ഓൺലൈനിനോട് പറഞ്ഞു. സ്വന്തമായി കെട്ടിട നിർമാണ കമ്പനിയും റസ്റ്ററന്റും നടത്തിയിരുന്ന പ്രിയ സുഹൃത്തിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഞാനിതുവരെ മാറിയിട്ടില്ല. നാട്ടിലുണ്ടായിരുന്നതിനാൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചു. മികച്ച നിലയിൽ ബിസിനസ് മുന്നോട്ടുകൊണ്ടുപോയിരുന്ന സുഗതന് മറ്റുള്ളവരെ പോലെ കോവിഡ്19 കാലത്ത് ഇത്തിരി പ്രയാസം നേരിട്ടിരുന്നു. എന്നാൽ അതൊക്ക തരണം ചെയ്ത് മുന്നോട്ടുപോവുകയായിരുന്നു. റാസൽഖൈമയിലും നാട്ടിലുമായി ഒട്ടേറെ സമ്പത്തുള്ളതിനാൽ മരണ കാരണം സാമ്പത്തികമാണെന്ന് കരുതുന്നില്ലെന്നും പ്രസാദ് പറഞ്ഞു.
റാസൽഖൈമയിലെത്തിയ ശേഷം മുതൽ തന്റെ അടുത്ത സുഹൃത്തായിരുന്നു സുഗതനെന്ന് സാമൂഹിക പ്രവർത്തകൻ സേതു പറഞ്ഞു. എന്ത് ചെയ്യാം, പണം ജീവിതത്തിൽ സമാധാനം നൽകില്ല എന്നതാണ് ഇത്തരം സംഭവം നൽകുന്ന സന്ദേശം. റാസൽഖൈമയിലെ പ്രവാസി മലയാളി സമൂഹത്തിൽ നടക്കുന്ന പരിപാടികളിലൊക്കെ സജീവ സാന്നിധ്യമായിരുന്ന സുഗതൻ വിജയിച്ച ബിസിനസുകാരനായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകനും റാക് അസോസിയേഷൻ ഭാരവാഹിയുമായ നാസർ അൽ ദാന പറഞ്ഞു.







