നാഗ്പൂർ∙ ഭർത്താവിന്റെ മരണത്തെത്തുടർന്ന് ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കാൻ 6 വർഷം വൈകിയെങ്കിലും വിധവയ്ക്ക് 5 ലക്ഷം രൂപ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) നാഗ്പുർ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. പെട്ടെന്നുള്ള വിയോഗത്തിന്റെ മാനസിക ആഘാതത്തിൽനിന്നു കരകയറാൻ സമയമെടുക്കുന്നതു സ്വാഭാവികമാണെന്നും 90 ദിവസത്തെ ക്ലെയിം കാലാവധി പറഞ്ഞ് ബാങ്കിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാകില്ലെന്നും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ (അഡീഷനൽ) വ്യക്തമാക്കി.
കേസ് ഇങ്ങനെ
നാഗ്പൂർ ട്രൈ ജംക്‌ഷൻ കന്റോൺമെന്റ് ശാഖയിൽ അക്കൗണ്ടുണ്ടായിരുന്ന ഭർത്താവ് 2013 സെപ്റ്റംബറിൽ വാഹനാപകടത്തിൽ മരിച്ചു. ഡെബിറ്റ് കാർഡ് ഉടമകൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന വിവരം ബാങ്ക് തന്നെയോ ഭർത്താവിനെയോ അറിയിച്ചിരുന്നില്ലെന്നു ഭാര്യ പരാതിയിൽ പറഞ്ഞു. മാനസിക ആഘാതത്തിൽനിന്നു കരകയറിയശേഷം 2019 മാർച്ച് 26നാണ് ഇവർ ക്ലെയിമിനായി ബാങ്കിനെ സമീപിച്ചത്. രേഖകൾ നൽകിയിട്ടും ബാങ്ക് തീരുമാനമെടുക്കാതെ വന്നതോടെയാണ് കമ്മിഷനെ സമീപിച്ചത്.
കമ്മിഷൻ കണ്ടെത്തിയത്
1. മറ്റ് ഡെബിറ്റ് കാർഡുകൾക്ക് ഫീസ് ഈടാക്കാതെ ഇൻഷുറൻസ് നൽകുമ്പോൾ ‘മാസ്റ്റർകാർഡ് ക്ലാസിക്’ ഒഴിവാക്കിയതിനു വ്യക്തമായ രേഖയോ നിബന്ധനയോ ബാങ്ക് ഹാജരാക്കിയില്ല.
2. സമാന സാഹചര്യത്തിൽ ഉപഭോക്താക്കളോട് വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത് സേവനത്തിലെ ന്യൂനതയും അനീതിയുമാണ്.
3. ഇൻഷുറൻസ് വിവരം ഉപഭോക്താവിനെയോ അവകാശികളെയോ അറിയിച്ചതിനു തെളിവില്ല. അറിഞ്ഞിരുന്നെങ്കിൽ അവർ ആവശ്യമായ നടപടി സ്വീകരിക്കുമായിരുന്നു.
വിധിയിങ്ങനെ
5 ലക്ഷം രൂപ ഇൻഷുറൻസ് തുക 2019 സെപ്റ്റംബർ 5 മുതൽ 6% വാർഷിക പലിശ സഹിതം നൽകാൻ എസ്ബിഐയോട് കമ്മിഷൻ ഉത്തരവിട്ടു. മാനസിക ബുദ്ധിമുട്ടിനും കേസ് ചെലവിനുമായി 10,000 രൂപ കൂടി നൽകണം. ബാങ്കിന്റെ നടപടി ‘സേവനത്തിലെ ന്യൂനതയും അനീതിയും’ ആണെന്ന് കമ്മിഷൻ വിധിന്യായത്തിൽ പറഞ്ഞു. ബാങ്ക് ഉപഭോക്താവിനെ അവകാശങ്ങളെക്കുറിച്ച് അറിയിക്കാത്ത സാഹചര്യത്തിൽ 90 ദിവസത്തെ സമയപരിധി പരിചയാക്കി ക്ലെയിം തള്ളാനാവില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.







