
കൊച്ചി ∙ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമിയിൽ നായികാകഥാപാത്രമായ ജനകിയുടെ പേര് വി.ജാനകി എന്നു മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. സെൻസർ ബോർഡിന്റെ നിർദേശം അംഗീകരിച്ചാണ് ഈ മാറ്റം. ഇതോടെ ചിത്രത്തിന്റെ പേര് ‘ജെഎസ്കെ– ജാനകി.വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നായി മാറും. സിനിമയിൽ രണ്ടിടത്ത് ജാനകി എന്ന പേര് പരാമർശിക്കുന്നത് മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ വേണമെന്ന നിബന്ധനയും നിർമാതാക്കൾ അംഗീകരിച്ചു. മാറ്റങ്ങള്‍ വരുത്തിയ ഭാഗങ്ങൾ വീണ്ടും സമർപ്പിച്ചാൽ 3 ദിവസത്തിനുള്ളിൽ പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് അറിയിച്ചു. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് എൻ.നഗരേഷ് മാറ്റി.
രാവിലെയും ഉച്ച കഴിഞ്ഞ് 2 മണിക്കും കേസ് പരിഗണിച്ചപ്പോൾ സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചിരുന്നില്ല. സിനിമയുടെ ടൈറ്റിലിലെ ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി േചർത്ത് ‘വി.ജാനകി’ എന്നോ ‘ജാനകി. വി’ എന്നോ ആക്കുക, ചിത്രത്തിലെ ക്രോസ് വിസ്താര രംഗങ്ങളിലൊന്നിൽ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക തുടങ്ങിയ മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ് രാവിലെ അറിയിച്ചിരുന്നു. ഉച്ചകഴിഞ്ഞ് കോടതി ചേർന്നപ്പോൾ, പേര് മ്യൂട്ട് ചെയ്യുന്ന കാര്യം അംഗീകരിക്കുന്നു എന്ന് നിർമാതാക്കള്‍ അറിയിച്ചു. സിനിമയുടെ ടീസർ അടക്കമുള്ളവ ജാനകി എന്ന പേരിൽ ആയതിനാൽ പേരുമാറ്റുക ബുദ്ധിമുട്ടാണെന്നും നിർമാതാക്കൾ അറിയിച്ചു. എന്നാൽ പേരു മാറ്റണമെന്ന നിലപാടിൽ സെൻസർബോർഡ് ഉറച്ചുനിന്നതോടെ, കേസ് വീണ്ടും പരിഗണിച്ചപ്പോൾ നിർമാതാക്കൾ അതിനു തയാറാണെന്ന് അറിയിക്കുകയായിരുന്നു.
ചിത്രത്തിൽ 1.06.45 മുതൽ 1.08.32 വരെയും 1.08.33 മുതൽ 1.08.36 വരെയുമുള്ള സമയത്ത് ജാനകി എന്ന പേരു പരാമർശിക്കുന്നത് മ്യൂട്ട് ചെയ്യണമെന്നായിരുന്നു സെൻസർ ബോർഡിന്റെ നിർദേശം. ഇത് മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്ന് നിർമാതാക്കൾ അറിയിച്ചു. ചിത്രം ഇതനുസരിച്ച് എഡിറ്റ് ചെയ്തു വീണ്ടും സെൻസർ ബോർഡ് അംഗീകാരത്തിനായി സമർപ്പിക്കും. ടീസറും പോസ്റ്ററുകളും അടക്കം സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കാര്യങ്ങൾ പിന്നീട് പ്രശ്നമാകരുതെന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചു. കേസ് അന്തിമമായി പരിഗണിക്കുമ്പോൾ അക്കാര്യം വ്യക്തമാക്കാമെന്ന് കോടതി പറഞ്ഞു.
മത, ജാതി, വംശ വിഷയങ്ങളിൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. ഇതിന്റെ ഭാഗമായി നൽകിയ സത്യവാങ്മൂലത്തിൽ വിചിത്ര വാദങ്ങളാണ് ബോർഡ് മുന്നോട്ടുവച്ചത്. സിനിമയിലെ പ്രധാന കഥാപാത്രമായ ജാനകി ലൈംഗികാതിക്രമത്തിന് ഇരയാകുന്നതും നീതി തേടി അലയുന്നതുമാണ് സിനിമയെന്നും ഇത് സീതാദേവിയുടെ പവിത്രതയെയും അന്തസ്സിനെയും ഹനിക്കുന്നതാണെന്നും അതിൽ പറഞ്ഞിരുന്നു.
ജാനകി എന്ന പേര് നിർമാതാക്കൾ ഉപയോഗിച്ചത് മതപരമായ പ്രാധാന്യം ചൂഷണം ചെയ്യാനാണെന്നും ചിത്രത്തിനു പ്രദർശനാനുമതി നൽകുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഭാവിയിൽ സമാന രീതിയിലുള്ള കൂടുതൽ സിനിമകളുണ്ടാകാൻ ഇതു വഴിതുറക്കും. ജാനകി എന്ന കഥാപാത്രത്തെ ക്രോസ് വിസ്താരം ചെയ്യുമ്പോൾ അശ്ലീല സിനിമകൾ കാണാറുണ്ടോ, ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ടോ, കാമുകനുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ബലാത്സംഗത്തിനിരയായ ജാനകിയെ ഒരു മതവിഭാഗത്തിൽപ്പെട്ടയാൾ സഹായിക്കുകയും മറ്റൊരു മതവിഭാഗത്തിൽപ്പെട്ടയാൾ അപമാനകരമായ ചോദ്യങ്ങൾ ചോദിച്ചു ക്രോസ് വിസ്താരം ചെയ്യുകയുമാണ്. ഇത് മതപരമായ ഭിന്നതകൾക്ക് കാരണമാകുമെന്നും സെൻസർ ബോർഡ് പറഞ്ഞിരുന്നു.