കൊളക്കാട് ∙ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ക്രിസ്റ്റിയെ താന്നിക്കുന്നിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂത്തുപറമ്പ് സബ് ജയിലിൽ ആയിരുന്ന ക്രിസ്റ്റിയെ തെളിവെടുപ്പിനും തുടർന്നുള്ള ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കേളകം പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെ ഒരുദിവസത്തേക്ക് ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിൽവിട്ടത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെ താന്നിക്കുന്നിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ, എസ്ഐ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. വീട്ടുകാരോ ബന്ധുക്കളോ വീട്ടിൽ ഉണ്ടായിരുന്നില്ല. വീടിന്റെ താക്കോൽ സമീപത്തുതന്നെയുള്ള വാടകക്കെട്ടിടത്തിലെ താമസക്കാരെ ഏൽപിച്ചിരുന്നു. യാതൊരുവിധ ഭാവഭേദവും കൂടാതെയാണ് ക്രിസ്റ്റി തെളിവെടുപ്പിനിടയിൽ പെരുമാറിയത്. മാതാവായ ഗീതമ്മയെ കൊലപ്പെടുത്തിയത് കിടപ്പുമുറിയിൽ വച്ചാണെന്നും കൊലപ്പെടുത്തിയ വിധവും എല്ലാം ക്രിസ്റ്റി പൊലീസിനോട് പറഞ്ഞു.
ശാരീരികമായി ക്ഷീണമുണ്ടെങ്കിലും ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയ ക്രിസ്റ്റിയെ കേളകം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. രാത്രിതന്നെ തിരികെ കോടതിയിൽ ഹാജരാക്കി ജയിലിലേക്കു മാറ്റി. കഴിഞ്ഞ മാസം 24ന് ആണ് ക്രിസ്റ്റി മാതാവ് മഠത്തിപ്പറമ്പിൽ ഗീതമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പിതാവ് തങ്കച്ചനെയും കൊലപ്പെടുത്താൻ കാത്തിരുന്നെങ്കിലും സാധിച്ചില്ലെന്നാണ് ക്രിസ്റ്റി പറഞ്ഞത്. കൊലപാതകത്തിനുശേഷം സമീപവാസിയായ നിപുൺ എന്ന യുവാവിനോട് തന്നെ പൊലീസ് സ്റ്റേഷനിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പൊലീസിൽ കീഴടങ്ങിയ ക്രിസ്റ്റിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.







