കോയമ്പത്തൂർ∙ തിരുച്ചിറപ്പള്ളി മെയിൻ റോഡിൽ രാമനാഥപുരത്ത് ഫ്ലാറ്റിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ നവവരൻ അറസ്റ്റിലായി. തഞ്ചാവൂർ മാത്തൂർ അയ്യനാർ കോവിൽ തെരുവിൽ പി. രഞ്ജിത്ത് കുമാർ (24) ആണ് കോയമ്പത്തൂർ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഭാര്യയുമായി ടൂർ പോകുന്നതിനിടെ രാമേശ്വരത്താണ് പൊലീസ് രഞ്ജിത്തിനെ വളഞ്ഞത്.
ഇക്കഴിഞ്ഞ 3ന് രാവിലെയാണ് സുങ്കത്തിന് സമീപം അപ്പാർട്മെന്റിൽ തനിച്ച് താമസിച്ചിരുന്ന ടി.ഗോമതി (69)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ കണ്ണാശുപത്രിയിൽ കാണിക്കാനായി വിദേശത്തുനിന്നെത്തിയ മകൾ വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ ഉണ്ടായിരുന്ന രണ്ടര പവന്റെ മാല കാണാതായിരുന്നു. 4 പ്രത്യേകാന്വേഷണ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
മൂന്നു മാസം മുൻപ് വിവാഹിതനായ രഞ്ജിത്ത് ഇസ്തിരിത്തൊഴിലാളിയായിരുന്നു. പ്രദേശത്തെ അപ്പാർട്മെന്റുകളിൽ നേരിട്ടെത്തി തുണികൾ വാങ്ങുകയും അലക്കി ഇസ്തിരിയിട്ട് നൽകുകയും ചെയ്തിരുന്നതിന്റെ പരിചയത്തിലാണ് ഫ്ലാറ്റിനകത്ത് കടന്നത്. പ്രതി ഭാര്യയുമായി രാമനാഥപുരത്ത് 80 അടി റോഡിലാണ് താമസം. 2ന് വൈകിട്ട് തുണി തിരിച്ചു നൽകാനായി ഫ്ലാറ്റിൽ എത്തിയശേഷം മാല കവരാൻ ശ്രമിക്കുന്നതിനിടെ ഒച്ചയുണ്ടാക്കിയതിനെ തുടർന്നാണ് കൊലപ്പെടുത്തേണ്ടി വന്നതെന്ന് പ്രതി മൊഴി നൽകി. വിവാഹം കഴിഞ്ഞ ശേഷം ഭാര്യയുമായി ടൂർ പോകാൻ സാധിക്കാത്തതിനെ തുടർന്നാണ് മാല കവർന്നത്. 2 ലക്ഷം രൂപയ്ക്ക് പണയം വച്ച് യാത്ര പോവുകയായിരുന്നു. മുൻ റജിസ്ട്രാറായ ഭർത്താവ് തങ്കരാജ് 10 വർഷം മുൻപു മരിച്ചതിനു ശേഷം ഗോമതി തനിച്ചായിരുന്നു താമസം. രണ്ടു മക്കളും വിദേശത്താണ്.






